തിരുവനന്തപുരം: ബ്രൂവറി പദ്ധതിയിൽ എതിർപ്പ് രൂക്ഷമാക്കാൻ സി.പി.ഐ കച്ചമുറുക്കുന്നു. വിഷയത്തിൽ സി.പി.എമ്മിനെയും എൽ.ഡി.എഫ് നേതൃത്വത്തെയും എതിർപ്പറിയിക്കാൻ സെക്രട്ടറി ബിനോയ് വിശ്വത്തിനും മന്ത്രിസഭാ യോഗത്തിൽ വിഷയത്തിലുള്ള പാർട്ടിയുടെ വിയോജിപ്പ് അറിയിക്കാൻ മന്ത്രിമാർക്കും സംസ്ഥാന എക്‌സിക്യുട്ടീവ് നിർദ്ദേശം നൽകി.
എന്നാൽ ആര് എതിർത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സി.പി.ഐയുടെ എതിർപ്പിനെ സി.പി.എം കാര്യമാക്കുന്നില്ലെന്ന സൂചനയാണ് നൽകുന്നത്.
പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാലയ്ക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ തുടക്കത്തിൽ തന്നെ എതിർപ്പുന്നയിക്കാത്തതിൽ പാർട്ടി നേതൃയോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനമേൽക്കേണ്ടി വന്നു.
ബ്രൂവറി അനുമതിക്കുള്ള ക്യാബിനറ്റ് നോട്ട് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പാർട്ടി സെക്രട്ടറിയോട് നയം എന്തെന്ന് ചോദിച്ചിരുന്നെന്നും കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ലെങ്കിൽ വ്യവസായം വരട്ടെയെന്ന നിലപാടാണ് അന്ന് ബിനോയ് വിശ്വം എടുത്തതെന്നുമാണ് മന്ത്രിമാർ യോഗത്തിന് നൽകിയ വിശദീകരണം.
എലപ്പുള്ളിയിലെ കാർഷിക മേഖല താറുമാറാകുമെന്നും കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്നും അതുകൊണ്ട് പദ്ധതിയെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പാലക്കാട് ജില്ലാ ഘടകമെടുത്ത നിലപാടിന് സംസ്ഥാന എക്‌സിക്യൂട്ടീവിൽ ഭൂരിപക്ഷ പിന്തുണയാണ് ലഭിച്ചത്.
ഇതോടെയാണ് സി.പി.ഐ രാഷ്ട്രീയമായി എതിർപ്പുന്നയിക്കാൻ തുടങ്ങിയത്. ബ്രൂവറി വിരുദ്ധ ചേരിക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും പാർട്ടിക്കുള്ളിൽ വെട്ടിലായി. വിഷയത്തിൽ സി.പി.എം - സി.പി.ഐ സെക്രട്ടറിതല കൂടിക്കാഴ്ച്ച നടക്കാനിരിക്കുകയാണ്.
അടുത്ത എക്‌സിക്യൂട്ടീവിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളുടെ പുരോഗതി ബിനോയ് വിശ്വം യോഗത്തെ അറിയിക്കേണ്ടി വരും.
ബ്രൂവറിയിലുള്ള തുടർനീക്കങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവർത്തിച്ച് മറ്റൊരു ഘടകകക്ഷിയായ ആർ.ജെ.ഡിയും രംഗത്തുള്ളതിനാൽ വിഷയം ചൂടുപിടിക്കാനാണ് സാദ്ധ്യത.