തിരുവനന്തപുരം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പാലക്കാട്ട് ബ്രുവറി, ഡിസ്റ്റിലറി, വൈനറി പ്ലാന്റിന് അനുമതി നൽകിയത് ഇടതുമുന്നണിയിൽ തന്നെ കലാപത്തിന് വഴിവച്ചിരിക്കെ, തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോവുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഇടതു മുന്നണിയോഗത്തിൽ ചർച്ച ചെയ്യുംവരെ കഞ്ചിക്കോട്ട് മദ്യനിർമാണ ശാലയുടെ തുടർ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു.
ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്നും ഇടതു മുന്നണിയോഗം എത്രയും വേഗം വിളിച്ചുകൂട്ടണമെന്നും ഘടകക്ഷി തന്നെ ആവശ്യപ്പെട്ടതോടെ സർക്കാർ തീരുമാനത്തിലെ പൊള്ളത്തരം വെളിച്ചത്തു വരികയാണ്.
കുടിവെള്ള പ്രശ്നമുന്നയിച്ച് കൊക്കക്കോള കമ്പനിയെ കെട്ടുകെട്ടിക്കാമെങ്കിൽ മദ്യനിർമാണ ശാലയ്ക്ക് തടയിടാൻ എന്താണ് തടസമെന്ന ചോദ്യമാണ് ആർ.ജെ.ഡി യോഗത്തിൽ ഉയർന്നത്.
മദ്യശാലയ്ക്കെതിരായ സമരത്തിൽ ഇടതിലെ ഘടകകക്ഷി കൂടിയായ ആർ.ജെ.ഡി കൂടി അണിനിരന്നാൽ അത് മുന്നണിക്കും സർക്കാരിനും ക്ഷീണമാവും.
മദ്യനയത്തിൽ വന്ന മാറ്റമാണ് മദ്യശാലയ്ക്ക് അനുമതി നൽകാൻ കാരണമായി എക്സൈസ് മന്ത്രിയും സർക്കാരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മദ്യനയം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടുമില്ല.
മദ്യനയം ഓരോ വർഷത്തേക്കുള്ളതാണ്. പഴയ മദ്യനയം കാലഹരണപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ബ്രൂവറി അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ആർ.ജെ.ഡിയുടെ നിലപാട്.
മദ്യനയം തീരുമാനിച്ചത് മന്ത്രിതലത്തിലാണെന്നും അതിന് ശേഷം ക്യാബിനറ്റിലെത്തിച്ച് അനുമതി നൽകുകയായിരുന്നുവെന്നുമുള്ള വിമർശനം എക്സൈസ് മന്ത്രി എം.ബി രാജേഷിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നതിന് സമാനമാണ്.
എലപ്പുള്ളി പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. ഗ്രാമസഭ വിളിച്ച് ചേർത്ത് ജനങ്ങൾ അംഗീകരിക്കാതെ മദ്യശാല തുടങ്ങിയാൽ അത് വലിയ എതിർപ്പാവും വിളിച്ചുവരുത്തുക.
പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം. എൽ.ഡി.എഫ് വിളിക്കാതെ ഇതെല്ലാം എവിടെ ചർച്ച ചെയ്യും. കേരളത്തിൽ വർദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെ ജാഗ്രത വേണമെന്നും ആർ.ജെ.ഡി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അനുമതിയെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞത് നുണയാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുറത്തുവിട്ടു.
കേരളത്തില്‍ എത്തുന്നതിനു മുന്‍പെ ഒയാസിസിന് ഐ.ഒ.സിയുടെ അംഗീകാരം ഉണ്ടായിരുന്നെന്ന വാദവും പച്ചക്കള്ളമാണ്.
മദ്യ നയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്.
മദ്യനയം മാറി മദ്യനിര്‍മ്മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാടെയും കേരളത്തിലെയും ഉള്‍പ്പെടെ ഒരു ഡിസ്റ്റിലറികളും അറിഞ്ഞിരുന്നില്ല.
ഒയാസിസ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 2023 ജൂണില്‍ കേരള ജലഅതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ്.
2025 ലാണ് പ്ലാന്റിന് അനുമതി നല്‍കിയത്. 2023 ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഒ.സിയുടെ അംഗീകരാരം കിട്ടിയതു കൊണ്ടാണ് ഈ കമ്പനിക്ക് അംഗീകാരം നല്‍കിയതെന്ന മന്ത്രിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ഐ.ഒ.സിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഒയാസിസ് വാട്ടര്‍ അതോറിട്ടിക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
ഐ.ഒ.സിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്.
മദ്യ നയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. 2023 ല്‍ ഐ.ഒ.സി മുന്നോട്ട് വച്ച എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ കേരളത്തില്‍ നിന്നടക്കം എഥനോള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ 2023ല്‍ കേരളത്തില്‍ എഥനോള്‍ പ്ലാന്റിന് അംഗീകാരം ഇല്ലാതെയാണ് ഒയാസിസ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഡല്‍ഹി മദ്യ നയ കോഴയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്.
പഞ്ചാബില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിനും ഈ കമ്പനി നിയമനടപടി നേരിടുന്നുണ്ട്.