Advertisment

കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലെ ടോൾ പിരിക്കാനുള്ള നീക്കം സർക്കാർ വേണ്ടെന്ന് വെച്ചേക്കും. നീക്കം ഇടത് നയസമീപനത്തിനെതിര്. വിഷയം അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആശങ്ക. ഘടകകക്ഷികളിലും അതൃപ്തി

കേന്ദ്രനയങ്ങൾ ചൂണ്ടിക്കാട്ടി അതിന്റെ സാമ്പത്തിക ഭാരം സാധാരണക്കാരിൽ കെട്ടിവെയ്‌ക്കേണ്ട സ്ഥിതി ഇടതുമുന്നണി സർക്കാരിന് ഭൂഷണമാണോയെന്നും ഇടതുമുന്നണിയിലെ ചിലർ ചോദ്യമുയർത്തുന്നുണ്ട്.

New Update
pinarai vijayan kfbi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: 50 കോടിക്ക് മുകളിൽ കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കം സർക്കാർ വേണ്ടെന്ന് വെച്ചേക്കും.

Advertisment

ബ്രൂവറി അനുമതിക്ക് പിന്നാലെ ഇത്തരമൊരു വിഷയം കൂടി വരുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെയ്ക്കുമെന്ന ആശങ്കയാണ് സർക്കാരിനും സി.പി.എമ്മിനുമുള്ളത്.

ഇതിന് പുറമേ ഇടതുമുന്നണിയിൽ വിഷയം ചർച്ചയ്‌ക്കെത്തിയിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പൊതുസമൂഹം ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡുകളിൽ ടോൾ പിരിക്കുന്നത് ഇടത് നയസമീപനത്തിനെതിരാണെന്നും ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.  


കിഫ്ബിയിൽ ഉൾപ്പെട്ട 500 റോഡുകളിൽ 30 ശതമാനം 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ളതാണ്. ഇതുകൊണ്ട് തന്നെ മിക്ക റോഡിലും ടോൾ ഏർപ്പെടുത്തിയാൽ ജനങ്ങളുടെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.


ഇക്കാര്യങ്ങൾ മുതലെടുത്ത് പ്രതിപക്ഷം സമരത്തിനിറങ്ങിയാൽ സർക്കാരിന് ഉത്തരം മുട്ടുമെന്നും വിലയിരുത്തലുണ്ട്. 

കേന്ദ്രനയങ്ങൾ ചൂണ്ടിക്കാട്ടി അതിന്റെ സാമ്പത്തിക ഭാരം സാധാരണക്കാരിൽ കെട്ടിവെയ്‌ക്കേണ്ട സ്ഥിതി ഇടതുമുന്നണി സർക്കാരിന് ഭൂഷണമാണോയെന്നും ഇടതുമുന്നണിയിലെ ചിലർ ചോദ്യമുയർത്തുന്നുണ്ട്.

ഇതിനെപ്പറ്റി നിലവിൽ പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സത്യം ഓൺലൈനിനോട് വ്യക്തമാക്കി.

എന്നാൽ പരിമിതമായ അളവിൽ ടോൾ വളരെ കാലത്തേക്ക് ഏർപ്പെടുത്തിയാൽ അതിന്റെ ഭാരം ജനങ്ങളിലുണ്ടാവില്ലെന്നതും പാർട്ടിയിൽ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.


പന്നിയങ്കരയിലടക്കമുള്ള ടോൾ പ്ലാസകൾക്കെതിരെ വലിയ സമരം നടത്തിയവരാണ് സി.പി.എം അടക്കമുള്ള ഇടതുകക്ഷികൾ. അതെല്ലാം വിസ്മരിച്ച് സർക്കാർ തന്നെ ടോളിന്റെ പേരിൽ പണപ്പിരിവ് തുടങ്ങിയാൽ പാർട്ടിക്കും മുന്നണിക്കും ഉത്തരം മുട്ടും.


മുമ്പ് തന്നെ കിഫ്ബിക്കെതിരെ വലിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബജറ്റിന് പുറത്ത് നിന്നുള്ള കടമെടുക്കൽ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും നീങ്ങുന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി വല്ലാതെ കുറയ്ക്കാനും കേന്ദ്രം നീക്കം നടത്തിയിട്ടുണ്ട്.


എന്നാൽ അടിസ്ഥാന സൗകര്യവികസനമടക്കമുള്ള കാര്യങ്ങൾക്ക് കടമെടുത്ത് ചിലവഴിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നുമാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്.


കിഫ്ബി വഴി പണം ചിലവഴിക്കുന്നതിൽ ഘടകകക്ഷികളും ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. എന്നാൽ സംസ്ഥാന വിഹിതത്തിൽ കേന്ദ്രത്തിന്റെ വെട്ടിക്കുറവ് വന്നതോടെയാണ് അധിക വിഭവസമാഹരണത്തിന്റെ പേരിൽ ടോൾ പിരിവടക്കമുള്ള ആലോചനകളിലേക്ക് സർക്കാർ നീങ്ങുന്നത്.

Advertisment