കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന് അനുമതി; കണ്ണൂരിൽ ഐടി പാർക്കിനായി 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതി ഉള്ള കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതി; മോട്ടോര്‍ വാഹന വകുപ്പിന് 52 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി; എടപ്പറമ്പ - കോളിച്ചാല്‍ മലയോര ഹൈവേയുടെ പരിഹാര വനവല്‍ക്കരണത്തിന് 4.332 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറും - മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

author-image
ഇ.എം റഷീദ്
New Update
cabinet ministry desitions

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം.

Advertisment

ലോകബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ സ്വീകരിച്ച് കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 

പി ഫോര്‍ ആര്‍ (പ്രോഗ്രാം ഫോര്‍ റിസല്‍ട്ട്സ്) മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.  ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും കേരളത്തിലെ ജനതയെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. 

പദ്ധതിയിലെ എല്ലാ ഇടപെടലുകളും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതായിരിക്കും. 

കേരളത്തിലെ മാറിവരുന്ന ജനസംഖ്യാശാസ്ത്രപരവും പകർച്ചാവ്യാധിപരവുമായ അവസ്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നൽകുന്നതിന് പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. 

സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.  

പകർച്ചേതര വ്യാധികൾ തടയുന്നതിനായി സമഗ്രമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24 x 7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമർജൻസി, ട്രോമ കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമാണ്.  

വയോജന സേവനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടൽ മുഖേന, നിലനിൽക്കുന്ന വെല്ലുവിളികളും ഉയർന്നു വരുന്ന പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ പുനരാവിഷ്കരിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക; വിഭവശേഷി വർദ്ധിപ്പിക്കുക; ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ സാർവ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വർദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയും  പദ്ധതിയിലൂടെ നടപ്പാക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതില്‍ പദ്ധതി ഊന്നല്‍ നല്‍കും.

ഭരണാനുമതി

കണ്ണൂരിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഐടി പാർക്കിനായി കിഫ്ബി ഫണ്ടിൽ നിന്നും 293.22 കോടി രൂപ ചെലവഴിച്ച് 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതി ഉള്ള ഐ.ടി കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതി നല്‍കി.

തസ്തിക

മലബാർ ഇന്റർനാഷണൽ പോർട്ട് & സെസ്സ് ലിമിറ്റഡിൽ ഒരു ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ), ഒരു ഫിനാൻഷ്യൽ അസിസ്റ്റൻ്റ് എന്നീ തസ്തികകൾ കരാറടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് സൃഷ്ടിക്കും. നിയമനം കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് ( സെലക്ഷന്‍ & റിക്രൂട്ട്മെന്‍റ് ) ബോര്‍ഡ് മുഖേന നടത്തും.

തളിപ്പറമ്പ് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയിലെയും തളിപ്പറമ്പ് മുൻസിഫ് കോടതിയിലെയും കേസ്സുകൾ കൈകാര്യം ചെയ്യുന്നതിന് അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻ്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒരു പുതിയ തസ്തിക സൃഷ്ടിക്കും. 

തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ പ്ലീഡർ റ്റു ഡൂ ഗവണ്മെന്റ്റ് വർക്കിൻ്റെ തസ്തികയും തളിപ്പറമ്പ് മോട്ടോർ ആക്‌സിഡൻ്റ്സ് ക്ലെയിംസ് ട്രിബ്യൂണലിലെ ഗവൺമെൻ്റ് പ്ലീഡറുടെ തസ്തികയും നിർത്തലാക്കിക്കൊണ്ടാണിത്. 

നിയമനം

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായി ജെ ചന്ദ്രബോസിനെ നിയമിക്കും. 

കൊല്ലാം ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. എ രാജീവിനെ നിയമിക്കും 

മൂലധനം ഉയര്‍ത്തും

കെസിസിപി (കേരള ക്ലെയ്സ് ആന്‍റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ്) ലിമിറ്റഡിന്‍റെ അംഗീകൃത മൂലധനം നാല് കോടി രൂപയില്‍ നിന്ന് 30 കോടി രൂപയായി ഉയര്‍ത്തും.

പരിഷ്കരിക്കും

അഡ്വക്കറ്റ് ജനറലിന്‍റെ കാര്യാലയത്തിലെ അണ്ടര്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്) തസ്തികകള്‍ തമ്മിലുള്ള അനുപാതം 2:1ല്‍ നിന്നും 1:1 ആയി പരിഷ്കരിക്കും. 

വാഹനങ്ങള്‍ വാങ്ങും

മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ്  പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റി ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് 10 ലക്ഷം രൂപ വിലയുള്ള 52 വാഹനങ്ങള്‍ വാങ്ങുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അനുമതി നല്‍കി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്നതിനാലാണിത്. 

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീനയുടെ സേനവ കാലാവധി 04/06/2024 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. 

പുനര്‍നാമകരണം

കെ എസ് ഡി പിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി മാനേജര്‍ ( പി & എ) എന്ന തസ്തിക പുനരുജീവിപ്പിച്ച് ഡെപ്യൂട്ടി മാനേജര്‍ ( പ്രൊജക്ട്സ്) എന്ന് പുനര്‍നാമകരണം ചെയ്ത് പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. 

അനുമതി

സ്റ്റീല്‍ & ഇന്‍റസ്ട്രീയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 01/03/2018 പ്രാബല്യത്തില്‍ വ്യവസ്ഥകളോടെ നടപ്പാക്കാന്‍ അനുമതി നല്‍കി. 

ഉടമസ്ഥാവകാശം കൈമാറി നല്‍കും

എടപ്പറമ്പ - കോളിച്ചാല്‍ മലയോര ഹൈവേയുടെ പരിഹാര വനവല്‍ക്കരണത്തിന് 4.332 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം സംസ്ഥാന വനം വകുപ്പിന്‍റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിനാണ് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറുക. 

ടെണ്ടര്‍ അംഗീകരിച്ചു

കുണ്ടറ നിയോജക മണ്ഡലത്തില്‍ നെടുമണ്‍കാവ് നദിക്ക് കുറുകെ ഇളവൂര്‍ പാലത്തിന്‍റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിച്ചു. 

പുതുക്കിയ ഭരണാനുമതി

പശ്ചിമതീര കനാൽ വികസനത്തിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കും ഇടയിൽ കൃത്രിമ കനാൽ നിർമ്മാണം, നമ്പ്യാർക്കൽ ലോക്ക് നിർമ്മാണം എന്നിവയ്ക്കായി പുതുക്കിയ ഭരണാനുമതി പുറപ്പെടുവിക്കും. 

44.156 ഹെ. ഭൂമി 1,78,15,18,655 രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം കിഫ്‌ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിന് നല്കിയ ഭരണാനുമതി, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണ്ണം 44.4169 ഹെക്ടറായി വർദ്ധിച്ചതിനാൽ എസ്റ്റിമേറ്റ് തുക 1,79,45,06,172 രൂപയായി വർദ്ധിപ്പിച്ചാണ് പുതുക്കിയ ഭരണാനുമതി നല്‍കിയത്.

ദർഘാസ് അനുവദിച്ചു

"ഓഗ്മെന്‍റേഷന്‍ ഓഫ് ഡബ്ല്യുഎസ്എസ് ടു കൊല്ലം കോര്‍പ്പറേഷന്‍ - കണ്‍സ്ട്രക്ഷന്‍ ഓഫ് ട്രാന്‍സ്ഫോര്‍മര്‍ ബില്‍ഡിംഗ് ആന്‍ഡ് അലൈഡ് വര്‍ക്ക്സ്, സപ്ലൈ & ഇറക്ഷന്‍ ഓഫ് റോ & ക്ലിയര്‍ വാര്‍ട്ടര്‍ പമ്പ് സെറ്റ്സ്, കണ്‍സ്ട്രക്ഷന്‍ ഓഫ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍സ്, ഓട്ടൊമേഷന്‍ (എസ്‌സിഎഡിഎ), സിസിടിവി & സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ അറ്റ് റോ വാട്ടര്‍ & ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് സ്റ്റേഷന്‍സ് " എന്ന പ്രവൃത്തിയ്ക്ക് ക്വാട്ട് ചെയ്ത ഏക ദർഘാസ് അനുവദിച്ചു.

പാട്ടത്തിന് നൽകും

കെ ബി പി എസ് കൈവശംവെച്ച കാക്കനാട് വില്ലേജിലെ 3.97 ഹെക്‌ടർ ഭൂമി കേരള ബുക്‌സ് ആൻ്റ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് സൗജന്യ നിരക്കിൽ (പ്രതിവർഷം ആർ 1-ന് 100 രൂപ നിരക്കിൽ) പാട്ടത്തിന് നൽകുന്നതിന് ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കും 

കേരള വ്യവസായ നയം 2023ന്‍റെ ഭാഗമായി നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കി നല്‍കും. 

22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്ക് കണ്ടെത്തിയ 18 ഇന്‍സെന്‍റീവ് പദ്ധതികളില്‍ സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന സംരംഭകര്‍ക്ക് പാട്ട കരാറിന് ഏര്‍പ്പെടുന്നതിനോ, ഭൂമി / കെട്ടിടം വാങ്ങിക്കുന്നതിനോ രജിസ്ട്രേഷന്‍ ആവശ്യത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമാണ് ഒഴിവാക്കുക. 

നിര്‍മ്മാണ യൂണിറ്റുകള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് ഉറപ്പു വരുത്തേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചെലവഴിച്ച തുക

2025 ജനുവരി 29 മുതല്‍ ഫെബ്രുവരി നാല് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആകെ 4,73,04,400 രൂപ ചെലവഴിച്ചു. 1515 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍. 

ജില്ല തിരിച്ചുള്ള വിവരങ്ങള്‍ (ജില്ല - ഗുണഭോക്താക്കളുടെ എണ്ണം - തുക)

  • തിരുവനന്തപുരം - 94 - 30,50,000 രുപ
  • കൊല്ലം - 229 - 68,64,000 രൂപ
  • പത്തനംതിട്ട - 50 - 11,86,000 രൂപ
  • ആലപ്പുഴ - 77 - 36,90,000 രൂപ
  • കോട്ടയം - 10 - 16,08,000 രൂപ
  • ഇടുക്കി - 43 - 13,28,000 രൂപ
  • എറണാകുളം - 157 - 41,58,500 രൂപ
  • തൃശ്ശൂര്‍ - 178 - 60,09,900 രൂപ
  • പാലക്കാട് - 295 - 60,36,000 രൂപ
  • മലപ്പുറം - 234 - 95,50,000 രൂപ
  • കോഴിക്കോട് - 35 - 6,25,000 രൂപ
  • വയനാട് - 21 - 3,90,000 രൂപ
  • കണ്ണൂര്‍ - 62 - 17,26,000 രൂപ
  • കാസര്‍ഗോഡ് - 30 - 10,83,000 രൂപ.
Advertisment