തിരുവനന്തപുരം: ശമ്പളവും പെൻഷനും പോലും നൽകാനാവാതെ കടക്കെണിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 73.10 കോടി, മറ്റ് ആവശ്യങ്ങൾക്ക് സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്.
കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകിക്കഴിഞ്ഞു. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ കെ.എസ്.ആർ.ടി.സിയുടെ കടം കുതിച്ചുയരുകയാണെന്നാണ് രേഖകൾ. എട്ടുവർഷംകൊണ്ട് കടം ആറിരട്ടിയായിട്ടുണ്ട്. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. കഴിഞ്ഞ വർഷം 15,281.92 കോടിയായി കുതിച്ചുയർന്നു. ഇതിൽ 12,372.59 കോടിയും സർക്കാർ വായ്പയാണ്.
ബജറ്റ് വിഹിതത്തിനുപുറമേ, മാസംതോറും സർക്കാർ നൽകുന്ന സഹായം വായ്പക്കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നൽകുന്ന ധനസഹായം കെഎസ്ആർടിസി തിരിച്ചടയ്ക്കേണ്ടതാണ്.
/sathyam/media/media_files/wVsp1ZzRnwVetH3VlFIK.jpg)
എസ്ബിഐയുടെ നേതൃത്വത്തിൽ ആറു ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയിൽ ഇനി കൊടുക്കേണ്ട തുക 2865.33 കോടിയാണ്.
പ്രതിദിന വരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയരുകയും സ്ഥിരം ജീവനക്കാരുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തെങ്കിലും കോർപറേഷന് പിടിച്ചുനിൽക്കാനാവുന്നില്ല. 2016 ൽ 35,842 സ്ഥിരംജീവനക്കാരുണ്ടായിരുന്നു. നിലവിൽ 22,402 പേരെയുള്ളൂ.
2015-16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ ഇപ്പോൾ ശരാശരി 3500 ബസുകളാണുള്ളത്. കെഎസ്ആർടിസിയുടെ വാർഷിക വരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടിരൂപയാണ്. ഇതാണ് കോർപറേഷനെ കടക്കെണിയിലാക്കുന്നത്.
അതേസമയം, കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ഗ്രാന്റുകൾ നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഗ്രാന്റുകള്‍ അനുവദിച്ചിട്ടില്ല.
01-06-2016 മുതല്‍ 31-07-2024 വരെയുള്ള കാലയളവില്‍ 11,213.54 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇത് മുഴുവന്‍ വായ്പയെടുത്ത് നല്‍കിയതാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല്‍ 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്‍കിയത്. അന്നും ഗ്രാന്റ് അനുവദിച്ചിട്ടില്ല.
/sathyam/media/media_files/HANCXWmCcFasaqZk976w.jpg)
സഹായം എന്നപേരില്‍ സർക്കാർ കടമെടുത്ത് പണം നല്‍കുകയാണ് ചെയ്യുന്നത്. ഈ തുക കെഎസ്ആര്‍ടിസി തിരികെ അടയ്ക്കേണ്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇടതുസർക്കാർ കെഎസ്ആർടിസിയെ എല്ലും തോലുമാക്കിയെന്നും സാധാരണക്കാരന്റെ ഗതാഗത സംവിധാനം തകർത്തെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
17 ലക്ഷം കിലോമീറ്റർ നിത്യേന ഓടിയിരുന്നത് പത്തുലക്ഷമായെന്നും 2018 നു ശേഷം പി.എസ്.സി വഴി ഒറ്റ നിയമനം പോലും നടത്തിയിട്ടില്ലെന്നും കെഎസ്ആർടിസിക്ക് വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാരാണ് സ്വിഫ്‌റ്റെന്നുമാണ് പ്രതിപക്ഷം നേരത്തേ നിയമസഭയിൽ ആരോപിച്ചത്.
ലാഭകരമായ സർവീസുകളെല്ലാം സ്വിഫ്‌റ്റിലേക്ക് മാറ്റി കെഎസ്ആർടിസിയുടെ നഷ്ടം കൂട്ടിയെന്നും പൊതുഗതാഗതം പരിതാപകരമായ അവസ്ഥയിലാക്കിയെന്നുമാണ് ആരോപണം.
ഇന്ധനനികുതി വർദ്ധനവിലൂടെ ലഭിച്ച അധികവരുമാനത്തിൽ ഒരുവിഹിതം കെഎസ്ആർടിസിക്ക് ഫ്യുവൽ സബ്സിഡിയായി നൽകണമെന്ന് പ്രതിപക്ഷം നിർദ്ദേശം മുന്നോട്ടുവച്ചിരുന്നതാണ്.
ഡീസൽ ബൾക്ക് പർച്ചേസ് നിരക്ക് കൂട്ടിയതിലൂടെ പ്രതിവർഷം 2000 കോടിയുടെ അധികബാദ്ധ്യതയുണ്ടാവുന്നു. ഭീമമായ ബാദ്ധ്യത കോർപറേഷന് താങ്ങാനാവുന്നില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ശമ്പളവും പെൻഷനും കൃത്യമായി നൽകണമെന്നതടക്കം ആവശ്യപ്പെട്ട് ജീവനക്കാർ സമരം നടത്തിയത് കഴിഞ്ഞദിവസമാണ്. ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലായിരുന്നു 24 മണിക്കൂർ പണിമുടക്ക്. പണിമുടക്കിൽ 70% സ്ഥിരം ജീവനക്കാരും പങ്കെടുത്തുവെന്നാണ് ടി.ഡി.എഫിന്റെ അവകാശവാദം.
/sathyam/media/media_files/EzRIKlkS1Q7e9sj4y6CV.jpg)
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡി.എ കുടിശിക അനുവദിക്കുക, റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടി.ഡി.എഫ് പണിമുടക്കിയത്.
സർക്കാർ നൽകുന്ന 50 കോടിയും വരുമാനത്തിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് നിലവിൽ ശമ്പളം നൽകുന്നത്. 72 കോടിയാണ് പ്രതിമാസം വേണ്ടത്. സർക്കാരിന്റെ സാമ്പത്തിക സഹായം അധികനാൾ തുടരാനാകില്ലെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.