തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി മോശമായ സാഹചര്യത്തിലും ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സർക്കാർ.
ക്ഷേമപെൻഷൻ ഉയർത്തുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെട്ടില്ല. എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സാമൂഹ്യക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന പ്രകടന പത്രികയിലെ പ്രഖ്യാപനവും പാഴ്‌വാക്കായി. അടിസ്ഥാന വർഗങ്ങളെ അവഗണിച്ചുവെന്ന സന്ദേശമാണ് ബജറ്റിലൂടെ പുറത്ത് വരുന്നത്.
ക്ഷേമപെൻഷൻ തുകയിലടക്കം വർധന വരുത്താൻ വിമുഖത കാണിച്ച സർക്കാർ ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതും സാധാരണക്കാരെ ബാധിക്കും. പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നൽകുമെന്നതാണ് വിപണിയിൽ ചലനമുണ്ടാക്കുന്ന ഏക പ്രഖ്യാപനം. സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളിൽ കുറച്ചെങ്കിലും വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞിരുന്നെങ്കിൽ വിപണിയിൽ ഇത് രപതിഫലിക്കുമായിരുന്നു. എന്നാൽ അതുമുണ്ടായില്ല.
ഭരിക്കുന്ന സർക്കാരിനെ എക്കാലത്തും പിന്തുണയ്ക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളിലും വലിയ വർധന വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. ജീവനക്കാർ മുണ്ടുമുറുക്കി ഉടുക്കണമെന്ന സനേദശമാണ് മന്ത്രി നൽകുന്നത്. അവരുടെ ഏറ്റവും വലിയ ആവശ്യമായ ശമ്പളപരിഷ്‌ക്കരണ കമ്മീഷൻ രൂപീകരണവും സർക്കാർ നിരാകരിച്ചിരിക്കുകയാണ്.
ഇതിനെല്ലാം പുറമേ ബജറ്റിന് പുറത്ത് കടമെടുക്കുന്ന കിഫ്ബിശയ സർക്കാർ ധനാഗമന മാർഗമാക്കി മാറ്റുന്ന കാഴ്ച്ചയും ബജറ്റിലുണ്ടായി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെ മറികടക്കാൻ നടപ്പാക്കിയ കിഫ്ബി പദ്ധതിയിലൂടെ അധികവിഭവ സമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽ റോഡുകൾക്കുള്ള ടോളടക്കം എല്ലാം ഉൾപ്പെടും.