ജിടെക് കേരള മാരത്തണ്‍ ഫെബ്രുവരി 9ന് കായിക മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും; 'ലഹരി രഹിത കേരള'ത്തിനായുള്ള മാരത്തണില്‍ 7500 പേര്‍ പങ്കെടുക്കും

New Update
marathon

തിരുവനന്തപുരം: 'ലഹരി രഹിത കേരളം' എന്ന സന്ദേശമുയര്‍ത്തി ഫെബ്രുവരി 9ന് ടെക്നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ജിടെക് മാരത്തണ്‍-2025 ല്‍ 7500 ല്‍ അധികം പേര്‍ പങ്കെടുക്കും. 

Advertisment

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ കാമ്പയിനിനെ പിന്തുണയ്ക്കുന്നതിനും ലഹരി ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിനും വേണ്ടി കേരളത്തിലെ 250 ലധികം ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാരത്തണ്‍ പുലര്‍ച്ചെ 4.30 ന് കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 9.30 ന് ടെക്നോപാര്‍ക്കില്‍ അവസാനിക്കും. 

ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ-5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുള്ളത്. പ്രായ, ലിംഗ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ മാരത്തണില്‍ പങ്കെടുക്കും.

കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ജിടെക് കേരള മാരത്തണ്‍ 2025 ല്‍ മുഖ്യാതിഥിയായിരിക്കും. 

ഡോ. ശശി തരൂര്‍ എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ചീഫ് ഇലക്ടറല്‍ ഓഫീസറും ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറിയുമായ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഉത്തരവാദിത്തമുള്ള വ്യക്തികള്‍ ഒന്നിച്ച് ലഹരിക്കെതിരായ സന്ദേശം മുന്നോട്ടു വയ്ക്കേണ്ടത് ആവശ്യമാണെന്ന് വി.കെ. മാത്യൂസ് പറഞ്ഞു. 'നോ ടു ഡ്രഗ്, യെസ് ടു ഫിറ്റ്നസ്' എന്ന ആശയത്തില്‍ നടന്ന ജിടെക് മാരത്തണിന്‍റെ മുന്‍ പതിപ്പുകള്‍ പോലെ ഇത്തവണയും വന്‍ വിജയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), നടന്‍ ആന്‍റണി വര്‍ഗീസ്, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി എന്നിവരാണ് മാരത്തണില്‍ പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികള്‍.

കോളേജ് വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ മാരത്തണിന്‍റെ ഭാഗമാകും.

Advertisment