കേരളാ ബജറ്റ് കെഎസ്ആർടിസിക്ക് ഇരുട്ടടി - കെഎസ്‌ടി എംപ്ലോയീസ് സംഘ്

New Update
കെഎസ്ആർടിസി ശമ്പളം മുടങ്ങുന്നു. എംപ്ലോയീസ് സംഘ് സമരത്തിലേക്ക്...

തിരുവനന്തപുരം: 2025-2026 ബജറ്റ് കെഎസ്ആർടിസിയെ സംബന്ധിച്ച്തീർത്തും നിരാശാജനകമാണ്. ഇടതു സർക്കാരിൻ്റെ ഈ ബജറ്റ് ആനവണ്ടിയെ തീർത്തും അവഗണിച്ചിരിക്കുകയാണ്.

Advertisment

സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ബജറ്റിൽ പരാമർശിക്കുമ്പോഴും നിലവിൽ 1% പോലും ഡിഎ ആനുകൂല്യമില്ലാതെ പണിയെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരന്റെ ഡിഎ അനുവദിക്കുന്നതിനെപ്പറ്റി ഒരു പരാമർശവും നടത്താത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

107 കോടി രൂപ പുതിയ ബസ്സിന് അനുവദിക്കും എന്ന്പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞതവണ ബജറ്റിൽ പുതിയ ബസുകൾക്കുവേണ്ടി പറഞ്ഞിരുന്ന 92 കോടി രൂപയുടെ വിഹിതം സാമ്പത്തിക ഞെരുക്കം മൂലം 63 കോടിയായി വെട്ടിച്ചുരുക്കിയപ്പോഴാണ് 107 കോടി രൂപ അനുവദിക്കും എന്നുള്ള പ്രസ്താവന ഈ  ബജറ്റിൽ വീണ്ടും നടത്തിയത്.

കെഎസ്ആർടിസിക്ക് നിലവിൽ 5062 ബസ്സുകളും സ്വിഫ്റ്റിന് 434 ബസ്സുകളുമാണ് ഉള്ളത്. അതിൽ സ്വിഫ്റ്റ് ബസ്സിന് കെഎസ്ആർടിസി വാടക നൽകിയാണ് ഓടിക്കുന്നത്. 1256 ബസ്സുകൾ നിലവിൽ ഉടനെ സ്ക്രാപ്പ് ചെയ്യുമ്പോൾ കെഎസ്ആർടിസിയുടെ ഫ്ലീറ്റ് 3812 ആയി കുറയുകയാണ്.

ഇത് ഗുരുതരമായ യാത്രാക്ലേശത്തിന് ഇടവരുത്തും എന്നതു മനസ്സിലാക്കി നിലവിൽ സ്ക്രാപ് ചെയ്യുന്ന വണ്ടികൾക്ക് പകരമായി ബസ്സുകൾ വാങ്ങാനുള്ള തുകപോലും ബഡ്ജറ്റിൽ വകയിരുത്തിയില്ല. ഇത് കെഎസ്ആർടിസി യോടുള്ള വെല്ലുവിളി ആണ്.

8 വർഷക്കാലം കൊണ്ട് കുറഞ്ഞത് 8000 ബസ്സുകളെങ്കിലും വാങ്ങേണ്ടിടത്ത് ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കേവലം 500 ൽ താഴെ ബസ്സുകൾ മാത്രമേ വാങ്ങാനാകൂ.

സാമ്പത്തിക രക്ഷാ പാക്കേജ് അനുവദിക്കണമെന്ന കെഎസ്ആർടിസി യുടെ ആവശ്യം പരിഗണിച്ചിട്ടില്ല. പെൻഷൻ ഫണ്ട് (എന്‍പിഎസ്)നെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. 

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പഴയതുപോലെ കെഎസ്ആർടിസിയുടെ വികസനത്തിനുള്ള പ്ലാൻ ഫണ്ടിൽ നിന്ന് വകമാറ്റി ചിലവഴിക്കേണ്ടി വരും. കെഎസ്ആർടിസിക്ക് ആകെ അനുവദിച്ചത്  107 + 52.70 = 157.70 കോടി രൂപ മാത്രം. 

മുൻ കാലങ്ങളിൽ ബസ് വാങ്ങാൻ തുക അനുവദിച്ചത് കെ-സ്വിഫ്റ്റിനാണ്. മാത്രമല്ല കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുക അനുവദിച്ചുമില്ല, ബസ് വാങ്ങിയുമില്ല. അഥവാ സ്വിഫ്റ്റിന് ബസ് വാങ്ങിയാൽ തന്നെ കെഎസ്ആർടിസി ഉയർന്ന വാടക നൽകണം. അത് കെഎസ്ആർടിസിക്ക് അധിക ബാധ്യതയാണ്.

മാസം 10 കോടി രൂപയാണ് വാടകയിനത്തിൽ സ്വിഫ്റ്റ് കമ്പനിക്ക് കെഎസ്ആർടിസി നൽകുന്നത്. ഒപ്പം ആക്സിഡൻറിൽ പെടുന്നബസുകളുടേത് ഉൾപ്പെടെ മെക്കാനിക്കൽ ചെലവുകളും, ഇന്ധനവും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് തന്നെ കണ്ടെത്തണം.

റൂട്ടുകൾ വിറ്റു തുലച്ചും പുതിയ ബസ്സുകൾ വാങ്ങിനൽകാതെയും മൂലധന, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാതെയും കെഎസ്ആർടിസിയെ ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ. ഈ നയം തിരുത്തണം.

അതിനാൽ തന്നെ കെഎസ്ആർടിസിക്ക് അടിയന്തിരമായി 1000 പുതിയ ബസുകൾ വാങ്ങാനുള്ള പണം അനുവദിക്കണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനുള്ള തുകയും ഡിഎ കുടിശ്ശിക അനുവദിക്കുന്നതിനുൾപ്പെടെ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കണം. കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണ്.

Advertisment