തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ നടപടിക്രമങ്ങളിലേക്ക് കടന്നു.
പാർട്ടി സമ്മേളനത്തിന്റെ തുടക്കത്തിൽ പി.വി അൻവർ ഉയർത്തിവിട്ട ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ പൊടിപടലങ്ങൾ ഉയർത്തിയെങ്കിലും ഇതുവരെയുള്ള സംഘടനാ സംവിധാനത്തിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മേൽക്കൈ ലഭിച്ചുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ജില്ലാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തുമ്പോൾ ഉൾപ്പാർട്ടി സമരം വലിയ തോതിൽ പാർട്ടിയെ വലയ്ക്കുമെന്ന നിലയിലുള്ള അന്തരീക്ഷം സമ്മേളനങ്ങളുടെ തുടക്കത്തിൽ സംജാതമായെങ്കിലും ബുദ്ധിപരമായ നീക്കങ്ങളിലൂടെ പിണറായി പക്ഷം അതിനെ മറികടക്കുകയായിരുന്നു.
കണ്ണൂരിൽ നിന്നുമുള്ള സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവുമായി അൻവർ വിദേശത്ത് നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്നാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കിയ പിണറായി പക്ഷ നേതാക്കൾ കളത്തിലിറങ്ങിയതോടെ സമ്മേളനങ്ങളുടെ ഗതി മാറി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് ഏരിയ സമ്മേളനം വരെ നീണ്ടു നിന്നെങ്കിൽ ജില്ലാ സമ്മേളനങ്ങളിൽ അതിന്റെ പൊടി പോലും കണ്ടെത്താനായില്ല.
കണ്ണൂരടക്കം ഒന്നോ രണ്ടോ ജില്ലകളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നുവെങ്കിലും അതെങ്ങുമെത്തിയില്ല. ഇതോടെ പാർട്ടി വീണ്ടും പിണറായിക്ക് കീഴ്‌പ്പെട്ടു.
നിലവിൽ ആറിടങ്ങളിലാണ് പുതിയ സെക്രട്ടറിമാർ ചുമതലയേറ്റത്. വയനാട്ടിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ കെ റഫീഖിനെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കി മാറ്റിയ നീക്കം തികച്ചും അ്രപതീക്ഷിതമായിരുന്നു.
ട്രേഡ് യൂണിയൻ രംഗത്തും പൊതുവിലും കർക്കശ നിലപാട് പ്രദർശിപ്പിക്കുന്ന പി ഗഗാറിനെയാണ് അവിടെ മാറ്റിയത്. മുമ്പ് വി.എസ് വിഭാഗത്തിന് ജില്ലയിൽ ചുക്കാൻ പിടിച്ച മുൻ എംഎൽഎയും സംസ്ഥാന കമ്മിറ്റിയംഗവുമായ രാജു ഏബ്രഹാമിനെ ജില്ലാ സെക്രട്ടറിയാക്കിയതും സംഘടനാ രംഗത്തെ ചടുലനീക്കങ്ങളായി വിലയിരുത്തപ്പെട്ടു.
/sathyam/media/media_files/2025/02/11/xeTSCTjZZ1gqRaX8ELW6.jpg)
കാസർകോടും തൃശ്ശൂരിലും എംഎൽഎമാരായ എം രാജഗോപാലും കെ.വി അബ്ദുൾ ഖാദറും പദവിയിലലെത്തിയപ്പോൾ ജില്ലാ സമ്മേളനത്തിന്റെ അലയൊലികൾ ഇപ്പോഴും മാറാത്ത കോഴിക്കോട്ട് എം മെഹബൂബ് സെക്രട്ടറിയായി.
മലപ്പുറത്ത് യുവമുഖമായ വി.പി അനിലും പദവി ഏറ്റെടുത്തു. മറ്റിടങ്ങളിൽ മുമ്പുള്ളവർക്ക് തന്നെ ഒരു തവണ കൂടി ടേം നീട്ടിക്കൊടുത്തു.
മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തന്നെ തുടരാനാണ് സാധ്യത.
സംസ്ഥാന സമ്മേളനത്തിന് ശേഷം ഏപ്രിൽ രണ്ട് മുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയലാണ് പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.