തിരുവനന്തപുരം: തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടയാൻ സ്പീക്കർ എ.എൻ ഷംസീർ ശ്രമിക്കുന്നെന്ന ഗുരുതരമായ ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഏറെക്കാലമായി സതീശൻ സംസാരിക്കുമ്പോൾ ഭരണപക്ഷത്ത് വൻ ബഹളമാണ്. ഇന്ന് ശൂന്യവേളയിലാണ് സതീശൻ ഗുരുതര ആരോപണം ഉന്നയിച്ചത്.
വാക്കൗട്ട് പ്രസംഗത്തിന്റെ സമയത്തെച്ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോരുണ്ടായി.
പൊലീസ് വീഴ്ചകളെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസവതരണത്തിന് ശേഷമുള്ള സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റായപ്പോൾ വേഗത്തിൽ അവസാനിപ്പിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു.
കുറഞ്ഞസമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷനേതാവാണ് താനെന്നും ഇടപെടരുതെന്നും സതീശൻ മറുപടി നൽകി. ഇടപെടാൻ പാടില്ലെന്ന് ചെയറിനോട് റൂൾ ചെയ്യരുതെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇതോടെ ക്ഷുഭിതനായ സതീശൻ, സ്പീക്കർ നീതിബോധം കാട്ടണമെന്നും അനാവശ്യമായി ഇടപെടുന്നത് ശരിയായ രീതിയല്ലെന്നും പറഞ്ഞു.
/sathyam/media/media_files/2025/02/12/JDyaCYGUutMXsHZrOjoT.jpg)
9 മിനിറ്റ് പ്രസംഗിച്ചപ്പോഴേ സ്പീക്കർ ബഹളം തുടങ്ങി. തന്റെ പ്രസംഗം നിറുത്തിച്ചാൽ മുഖ്യമന്ത്രിക്ക് സന്തോഷമാവുമെന്ന് കരുതിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് സതീശൻ ചോദിച്ചു.
സതീശനെപ്പോലെ മുതിർന്ന അംഗം ഇങ്ങനെ സംസാരിക്കരുതെന്നും ഇത്തരം ഭാഷ ഉപയോഗിക്കരുതെന്ന് സ്പീക്കർ കടുപ്പിച്ചു.
പ്രതിപക്ഷത്തോട് ഏറ്റവും കൂടുതൽ നീതി പുലർത്തുന്നത് താനാണെന്നും സ്പീക്കർ പറഞ്ഞു. തന്റെ പ്രസംഗത്തിന്റെ ഫ്ലോ കളയയാനാണ് മന:പൂർവ്വം സ്പീക്കർ ഇടപെടുന്നതെന്ന ആക്ഷേപം സഭയിലുന്നയിക്കുകയാണെന്ന് സതീശൻ തിരിച്ചടിച്ചു.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ പ്രതിപക്ഷനിരയിൽ ബഹളമുണ്ടായപ്പോൾ മുഖ്യമന്ത്രിയും ക്ഷുഭിതനായിരുന്നു.
അടിയന്തര പ്രമേയ നോട്ടീസ് നല്ല രീതിയിൽ അവതരിപ്പിക്കാൻ എൻ ഷംസുദീനു കഴിയാത്തതുകൊണ്ട് ബഹളം ഉണ്ടാക്കി പ്രശ്നം ആക്കാമെന്നാണോ ധാരണയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കാര്യങ്ങൾ പറയാൻ കഴിയുന്നില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ കുറവല്ല, കേരളത്തിന്റെ അവസ്ഥയാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഭരണപക്ഷം കയ്യടിച്ചു.
ഏതെങ്കിലും ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വല്ലാതെ ക്രമസമാധാനം തകർന്നുവെന്ന് പറഞ്ഞാൽ അത് യഥാർത്ഥ ചിത്രമാവില്ല - മുഖ്യമന്ത്രി പറഞ്ഞു.
ഭീഷണി വേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. വാക്കുകൾ പൊള്ളുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എഴുന്നേൽക്കുന്ന സ്ഥിതിയുണ്ടായതെന്നും ഇത്രയും ചെറിയ കാര്യങ്ങൾ പോലും സഹിക്കാൻ കഴിയുന്നില്ലെങ്കിൽ എവിടേയ്ക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിക്കാണ് പൊള്ളുന്നതെന്നായിരുന്നു സതീശന്റെ മറുപടി. പ്രസംഗിക്കവേ, ചെറിയ ശബ്ദം കേട്ടപ്പോൾ മുഖ്യമന്ത്രി പ്രകോപിതനായെന്നും അപ്പോൾ സ്പീക്കറുടെ ബഹളം കണ്ടില്ലല്ലോയെന്നും സതീശൻ ചോദിച്ചു.