തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്താനുള്ള സ്പീക്കർ എ.എൻ. ഷംസീറിന്റെ ശ്രമം നിയമസഭ സ്തംഭിക്കുന്നതിന് ഇടയാക്കി.
ഇന്നലത്തെപ്പോലെ ഇന്നും സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റായപ്പോൾ സ്പീക്കർ ഇടപെട്ടു. പ്രസംഗം വേഗത്തിലാക്കി ചുരുക്കാൻ ആവശ്യപ്പെട്ടു.
തന്നെ നിയന്ത്രിക്കാൻ സ്പീക്കർ വരേണ്ടെന്ന് സതീശൻ തിരിച്ചടിച്ചു. സതീശന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങൾ ഒന്നാകെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കിയതോടെ നിയമസഭ സ്തംഭിച്ചു.
അതിരൂക്ഷമായ ബഹളത്തെ തുടർന്ന് സഭാനടപടികൾ വേഗത്തിലാക്കി സഭ നേരത്തേ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് സഭ സമ്മേളിക്കുന്നത്.
തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടയാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും ഇത് മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണെന്നും ഇന്നലെ സതീശൻ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ നീതിയുക്തമായാണ് പെരുമാറുന്നതെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് സഭയിലുണ്ടായത്.
പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികളും വിഹിതവും വെട്ടിക്കുറയ്ക്കുന്നെന്ന് ആരോപിച്ചുള്ള അടിയന്തര പ്രമേയത്തിനിടെയായിരുന്നു സതീശന്റെ പ്രസംഗം തടസപ്പെടുത്തിയത്.
സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പ്രസംഗം 9 മിനിറ്റായപ്പോൾ സ്പീക്കർ ഇടപെട്ട് ചുരുക്കാൻ ആവശ്യപ്പെട്ടു. പ്രസംഗം സ്പീക്കർ നിയന്ത്രിക്കേണ്ടെന്നും വെറുതേ വഴക്കിടാൻ വരേണ്ടെന്നും പറഞ്ഞ് സതീശൻ പ്രസംഗം തുടർന്നു.
13 മിനിറ്റായപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു. വളരെകുറച്ച് സമയം പ്രസംഗിക്കുന്നയാളാണ് താനെന്ന് പറയാറുള്ള സതീശൻ അതിൽ നിന്ന് പിന്നോട്ടുപോയതിനാലാണ് ഇടപെട്ടതെന്ന് സ്പീക്കർ പറഞ്ഞു.
/sathyam/media/media_files/2025/02/13/F64TDafeRUJi7tdq8Mkp.jpg)
ഇതോടെ ക്ഷുഭിതനായ സതീശൻ, സ്പീക്കറുടെ നടപടി ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും സഭ നടത്തിക്കൊണ്ടുപോകണോയെന്ന് സ്പീക്കർ തീരുമാനിക്കണമെന്നും പറഞ്ഞു.
നിയമസഭയിൽ പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും സതീശൻ തിരിച്ചടിച്ചു. എന്നെ തടസപ്പെടുത്തി സഭ നടത്തിക്കൊണ്ടുപോവില്ലെന്നും അതുവേണ്ടെന്നും സതീശൻ നിലപാടെടുത്തതോടെ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു.
പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കണം, പ്രതിപക്ഷ ആവശ്യം ഔദാര്യമല്ല എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ പ്രതിപക്ഷം ഉയർത്തിക്കാട്ടി. സ്പീക്കർ നീതി പാലിക്കണമെന്ന കറുത്ത ബാനർ എൽദോസ് കുന്നിപ്പള്ളി പുറത്തു നിന്ന് സഭയിലേക്ക് കൊണ്ടുവന്നു. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.
സീറ്റിലേക്ക് മടങ്ങാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. അംഗങ്ങളെ തിരിച്ചുവിളിക്കാൻ സതീശനോട് സ്പീക്കർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം അനങ്ങിയില്ല.
/sathyam/media/media_files/2025/02/13/mz9srGdozzcaroYT7md4.jpg)
ഭരണപക്ഷത്തെ അംഗങ്ങളും നടുത്തളത്തിനടുത്തെത്തി. ഇരുപക്ഷവും വാഗ്വാദവും പോർവിളിയുമായി. ബഹളത്തിനിടെ സബ്മിഷൻ, റിപ്പോർട്ട് സമർപ്പണം, ഉപധനാഭ്യർത്ഥന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ സ്പീക്കര്‍ അത് തടസപ്പെടുത്തുകയാണെന്ന് സതീശൻ പിന്നീട് പറഞ്ഞു. ഏറ്റവും കുറവ് വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവാണ് ഞാന്‍. 30 മിനിട്ടും 35 മിനിട്ടും വാക്കൗട്ട് പ്രസംഗം നടത്തിയ വി.എസ് അച്യുതാനന്ദനെ പോലുള്ള പ്രതിപക്ഷ നേതാക്കളുണ്ട്.
പ്രസംഗത്തിന്റെ ഒന്‍പതാം മിനിട്ടില്‍, കേരളത്തിന്റെ നിയമസഭ ചരിത്രത്തില്‍ ഒരു സ്പീക്കറും ഒരു പ്രതിപക്ഷ നേതാവിനോടും ചെയ്യാത്ത ഇടപെടലാണ് സ്പീക്കര്‍ നടത്തിയത്.
മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മനപൂര്‍വം സ്പീക്കര്‍ തടസപ്പെടുത്തിയത്.
പിന്‍ബെഞ്ചില്‍ നിന്നും അംഗങ്ങള്‍ ബഹളമുണ്ടാക്കുന്ന ലാഘവത്തോടെയാണ് സ്പീക്കര്‍ ഇടപെട്ടത്. ഇന്നലെ അഞ്ച് തവണയാണ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു