/sathyam/media/media_files/2025/02/14/FL8xMjfTv1TuD0yVzzGh.jpg)
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിനു വെള്ളിയാഴ്ച (ഫെബ്രുവരി 14) തിരി തെളിയും.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വൈകുന്നേരം 6ന് ആരോഗ്യം, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.
14 മുതല്‍ 20 വരെയുള്ള നൃത്തോത്സവത്തിലൂടെ തലസ്ഥാനനഗരിയില്‍ ക്ലാസിക്കല്‍ നൃത്തനൃത്യങ്ങളുടെ അലയടികളുയരും. നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനില്ക്കുന്ന നിശാഗന്ധി കഥകളി മേളയ്ക്കും കനകക്കുന്നു കൊട്ടാരം വേദിയാകും.
നൂറിലധികം കഥകളി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കഥകളി മേള ദിവസവും വൈകിട്ട് 5.30 ന് കൊട്ടാരത്തിനകത്തുള്ള വേദിയില്‍ അരങ്ങേറും.
ഇന്ന് ബാലിവധം, 15 ന് കല്യാണസൗഗന്ധികം, 16 ന് ബകവധം, 17 ന് നളചരിതം രണ്ടാം ദിവസം, 18 ന് കംസവധം, 19 ന് ഉത്തരാസ്വയംവരം, 20 ന് രുക്മാംഗദചരിതം എന്നീ കഥകളാണ് കഥകളി മേളയില്‍ അവതരിപ്പിക്കുന്നത്.
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരന്‍ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയ്ക്ക് മന്ത്രി വീണ ജോര്‍ജ് സമ്മാനിക്കും. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജയ്പൂര്‍ ഘരാനയില്‍ പരിശീലനം നേടിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി ലോകമെമ്പാടും അറിയപ്പെടുന്ന കഥക് അവതരണത്തിലെ നൂതന ശൈലിക്ക് പേരുകേട്ട കലാകാരനാണ്.
ടൂറിസം സെക്രട്ടറി കെ. ബിജു ചെയര്‍മാനും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, നാടകകൃത്ത് സൂര്യ കൃഷ്ണമൂര്‍ത്തി, നര്‍ത്തകി രാജശ്രീ വാര്യര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ, ഡോ. ശശി തരൂര്‍ എംപി, എ.എ റഹിം എംപി , തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുമാര്‍, നന്ദന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ എസ് എന്നിവര്‍ ആശംസ അറിയിക്കും.
ടൂറിസം സെക്രട്ടറി കെ. ബിജു സ്വാഗതവും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ നന്ദിയും അറിയിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ക്ലാസിക്കല്‍ നൃത്ത രൂപങ്ങളാണ് നൃത്തോത്സവത്തില്‍ അരങ്ങേറുക.
ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് പാര്‍ശ്വനാഥ് എസ് ഉപാധ്യായാ, ആദിത്യ പി വി എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും.
രാത്രി 8.30ന് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിക്കുന്ന കഥക് അരങ്ങേറും. നിശാഗന്ധി നൃത്തോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.