/sathyam/media/media_files/2025/02/15/nm5aW9RbsJRgB6LDmoy2.jpg)
തിരുവനന്തപുരം: വാലെന്റൈൻസ് ദിനത്തിൽ മന്ത്രി ഡോ.ആർ ബിന്ദു എഴുതിയ പ്രണയ കവിതയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം.
ഏറ്റവും ഒടുവിൽ എഴുതിയ ഒരു കവിത വാലെന്റൈൻ ദിനത്തിൽ പ്രണയികൾക്കായി എന്ന ആമുഖത്തോടെ മന്ത്രി ബിന്ദു തന്നെയാണ് കവിത ഫേസ്ബുക്കിൽ പങ്കുവച്ചത്.
കവിത സോഷ്യൽമീഡിയയിൽ തരംഗമായി മാറി. പ്രശംസയേക്കാൾ വിമർശനങ്ങളാണ് അധികവും. 15,000ത്തോളം കമന്റുകളാണ് കവിത പോസ്റ്റിന് ലഭിച്ചത്. നിരവധിയാളുകൾ ഷെയർ ചെയ്യുന്നുമുണ്ട്. കവിതയെ വിമർശിച്ചെഴുതിയ പോസ്റ്റുകൾക്കെല്ലാം മന്ത്രി ബിന്ദു മറുപടി നൽകുന്നുമുണ്ട്.
ഇതാണ് മന്ത്രിയുടെ കവിത -
നീ പുലർകാലത്തെ ഇളംകാറ്റാകിൽ
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കിൽ
ഞാനതിൽ ഇളകുന്ന ഓളം
നീ തളിർ തിന്ന് പാടുന്ന കിളി
എങ്കിൽ ഞാൻ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രൻ, എങ്കിൽ
ഞാൻ നറു നിലാവ്
നീ തേൻമാവിലെ മാങ്കനിയെങ്കിൽ
ഞാൻ അതിൽ മധുരം
നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ
ഞാൻ അതിന്റെ മിടിപ്പ്. ...
മന്ത്രി ആയത് കൊണ്ട് പുകഴ്ത്തണമെന്നില്ലല്ലോ, വളരെ മോശം, ഒരു എൽ.പി സ്കൂൾ കുട്ടിയാണ് എഴുതിയത് എങ്കിൽ മനോഹരം എന്ന് പറയാമായിരുന്നു എന്നാണ് സ്‍മിത എന്നയാളുടെ വിമർശനം. ഇതിന് മന്ത്രിയുടെ മറുപടിയാണ് രസകരം - പണ്ഡിതരേ, ഇത് താങ്കൾക്കുള്ളതല്ല.
മന്ത്രിയെ അനുകൂലിച്ച് നിരവധി കമന്റുകളെത്തി. അതിലൊന്ന് ഇങ്ങനെ - അവർ അവരുടെ അഭിപ്രായം പറയട്ടെ ടീച്ചറെ. ജനാധിപത്യത്തിൽ സ്തുതി പാടുന്നതിനെപോലെ തന്നെ വിമർശനത്തിനും തുല്യസ്ഥാനമാണ്. അസഹിഷ്ണുത എന്തിന് ?
മറ്റൊരു കമന്റ് ഇങ്ങനെ - അസഹിഷ്ണുതയെക്കുറിച്ച് ഒരു കവിത എഴുതണം. ഇതിന് മന്ത്രിയുടെ മറുപടി ഇങ്ങനെ - ഒരു അസഹിഷ്ണുതയുമില്ല സുഹൃത്തേ. കവി എന്ന നിലയിൽ അല്ലല്ലോ എന്റെ ഐഡന്റിറ്റി. ആ മേഖലയിൽ മത്സരത്തിനുമില്ല. ഇടയ്ക്ക് ഒരു കാൽപ്പനികനിമിഷത്തിൽ ഉള്ളിൽ നിന്ന് വന്നത് അതു പോലെ എഴുതിയിട്ടു എന്നു മാത്രം...
ചിലർക്കിഷ്ടപ്പെട്ടു, ചിലർക്ക് പിടിച്ചില്ല. അതിലൊന്നും കാര്യമില്ല. ഇടക്ക് ചില ലൈറ്റർ മൊമന്റ്സും വേണം. സമാനമനസ്ക്കർ ആയ പാമരന്മാർക്കുള്ളതാണ് ഈ കവിത. ഗൗരവബുദ്ധികളായ പണ്ഡിതർ കണക്കാക്കേണ്ട. എന്റെ വാളിൽ ഇതല്ലാതെ മറ്റു ഒരുപാട് പോസ്റ്റുകൾ ഉണ്ട്.
കുറച്ചു കുട്ടിത്തം, പിള്ളത്തം നല്ലതാണ് പിള്ളേ എന്നായിരുന്നു ഇതിനുള്ള മറുപടി കമന്റ്. മന്ത്രിയുടെ കവിതയെ ട്രോളി നിരവധി കവിതാ ശകലങ്ങളും പുറത്തുവന്നു. അതിലൊന്ന് ഇങ്ങനെ -
നീ കൊടിയെങ്കിൽ
ഞാനതിലെ വടി
നീ വടയെങ്കിൽ
ഞാനതിൽ പരിപ്പ്
നീ കട്ടനെങ്കിൽ
ഞാനതിലെ പഞ്ചസാര..
ഒരു ട്രോൾ ഇങ്ങനെ - ഇളങ്കാറ്റിലെവിടെയോ തേങ്ങാക്കുലയിലാടുന്നു...
രാജ്യവും, സംസ്ഥാനവും തൊഴില്ലായ്മയും, അരക്ഷിതാവസ്ഥയിലും നീങ്ങുമ്പോൾ ഭരണത്തിലിരിക്കുന്നവർ കവിതവും ആർഭാടങ്ങളുമായി ഉല്ലസിക്കുന്നു. എന്നായിരുന്നു വിമർശനങ്ങളിലൊന്ന്.
മന്ത്രിയുടെ മറുപടി ഇങ്ങനെ - അതുമാത്രമേ ചിന്തിക്കാൻ പാടുള്ളു അല്ലേ? ഞാൻ ഒരു ദിവസം ഒരു ഡസൻ മീറ്റിംഗുകളും ഏഴോ എട്ടോ പൊതുപരിപാടികളും അറ്റൻഡ് ചെയ്യുന്നുണ്ട്. എന്റെ ചുമതലയിലുള്ള വകുപ്പിന്റെ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടത്തുന്നുണ്ട്. നിയമനിർമ്മാണങ്ങളും നടത്തുന്നുണ്ട്. വല്ലപ്പോഴും ഒരു ചെറുകവിത കുറിച്ചിട്ടാൽ വലിയ പാപമാണ് അല്ലേ ?
ഇതിനെ അനുകൂലിച്ച് നിരവധി കമന്റുകളുണ്ടായി. അതിലൊന്ന് ഇങ്ങനെ - കവിത കവിയുടെ സ്വാതന്ത്ര്യമാണ്. "വൃത്തത്തിലെഴുതുന്നതോ വൃത്തത്തിലെഴുതാത്തതോ കവിതയുടെ ഭംഗി നിശ്ചയിക്കുന്നില്ല. കവിതയ്ക്ക് കവിതയുടേതായ ഉദ്ദേശവും ലക്ഷ്യവുമുണ്ട് . ""വൃത്ത നിർമ്മിതമാകണോ കവിത "എന്ന ചോദ്യത്തിന് കൽപ്പറ്റ നാരായണൻ മാഷ് പറഞ്ഞ മറുപടി. ടീച്ചറിന്റെ പുതിയ കവിതകൾ ഇനിയും വരട്ടെ ..
കവിതയ്ക്ക് ഒരു പേര് വേണം. അതൊരു നാട്ടുനടപ്പാണ്.തല്‍ക്കാലം ഈ കവിതയ്ക്ക് 'എങ്കില്‍'എന്ന പേരിടാം. മന്ത്രിയുടെ മറുപടി പിന്നാലെ വന്നു കവിത അത് എഴുതുന്ന ആളുടെ സ്വാതന്ത്ര്യമാണ്. കത്തി വയ്ക്കാതിരിക്കുന്നതാണ് വിവേകം.
ഒരു കമന്റ് ഇങ്ങനെ - ആദ്യം ഭരിക്കുന്ന വകുപ്പിൽ കിട്ടുന്ന അപേക്ഷകളും പരാതികളും പരിശോധിച്ച് വേണ്ടത് ചെയ്യുക എന്നിട്ട് ആകാം കവിതയും ഉപന്യാസവും. മന്ത്രിയുടെ മറുപടി ഇങ്ങനെ - അതെല്ലാം ചെയ്യും. കവിതയും എഴുതും.
ഒരാളുടെ കമന്റിങ്ങനെ - കഥയും, കവിതയും, കഥകളിയുമൊ ന്നുമില്ലെങ്കിലും വിദ്യാർത്ഥികൾക്ക് സുരക്ഷയോടും സന്തോഷത്തോടും കൂടി പഠിക്കാനുള്ള സൗകര്യം ഉണ്ടായാൽ മതിയായിരുന്നു. മന്ത്രി അപ്പോൾ തന്നെ മറുപടി നൽകി. റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ എന്റെ ചുമതലയിൽ ഉള്ള വകുപ്പിന് കീഴിൽ അല്ല.
കൂട്ടുത്തരവാദിത്തമില്ലെന്ന് കുറ്റപ്പെടുത്തിയ ആളിന് മന്ത്രിയുടെ മറുപടി - ഇതിനൊക്കെ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട് സാറേ. . കൂട്ടുത്തരവാദിത്തവും പറഞ്ഞുകൊണ്ട് നടപടിയെടുക്കാൻ ഞാൻ ചെന്നാൽ നടക്കുന്ന കാര്യമല്ല. ബന്ധപ്പെട്ട വകുപ്പുകൾക്കേ ഇടപെടാനാകൂ.
ആരെന്തു പറഞ്ഞാലും മധുരമായ വരികൾ. മന്ത്രിയോ തന്ത്രിയോ എന്നതല്ല ..സർഗാത്മകത വിലക്ക് വാങ്ങാൻ കിട്ടില്ല എന്ന് ഈ വിമർശനപൊട്ടൻമാർക്ക് ആരുപറഞ്ഞു കൊടുക്കും.
അഭിനന്ദനങ്ങൾ. ഇങ്ങനെ മന്ത്രിയെ അഭിനന്ദിക്കുന്നവരും കുറവല്ല.
പിണറായി തമ്പുരാൻ പിണങ്ങുമെല്ലോ. ..കവിതയിൽ എങ്ങും തമ്പ്രാൻ സ്തുതി കണ്ടില്ല എന്ന തരത്തിലെ വിമർശനങ്ങളുമുണ്ട്. ഏതായാലും ഇംഗ്ലീഷിൽ എഴുതാഞ്ഞത് ഭാഗ്യം, കുമാരനാശാനു ശേഷം രാഷ്ട്രീയക്കാരിയായ ഒരു കവി എന്നിങ്ങനെ ട്രോളുകളും നിരവധി.
ഒരു ട്രോൾ കവിത ഇങ്ങനെ -
നീ പുട്ടാണെങ്കിൽ
ഞാനതിലെ പീര
നീ നദിയാണെങ്കിൽ
ഞാനതിലെ ഓളങ്ങൾ
നീ മലയാണെങ്കിൽ
ഞാനതിലെ കുന്നുകൾ
നീ ആടാണെങ്കിൽ
ഞാനതിന്റെ കിടാവ്
നീ അരിവാളെങ്കിൽ
ഞാനതിലെ ചുറ്റിക
നീ പോസറ്റീവാണെങ്കിൽ
ഞാനതിലെ നെഗറ്റീവ്