/sathyam/media/media_files/2025/02/15/tDHmq7npchuWZogtDNld.jpg)
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ പാലക്കാട്ട് സംഘപരിവാറിനും ബന്ധം. ബി.ജെ.പി സംഘപരിവാർ ബന്ധമുള്ള മുണ്ടൂരിലെ നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയാണ് തട്ടിപ്പിന് വേണ്ടിയുള്ള ധനസമാഹരണം നടത്തിയത്.
പാലക്കാട്ടെ മുതിർന്ന ബിജെ.പി നേതാവ് സി.കൃഷ്ണകുമാറാണ് സൊസൈറ്റിയുടെ തലപ്പുത്തുള്ളതെന്ന ആേരാപണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടച്ചു കഴിഞ്ഞു.
പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് കാണിച്ചാണ് 200ലധികം സ്ത്രീകളുടെ പക്കൽ നിന്നും സൊസൈറ്റി പണപ്പിരിവ് നടത്തിയത്. പണം നൽകാനെത്തിയവരിൽ ചിലർക്ക് ഇതേ സൊസൈറ്റിയുടെ അംഗത്വമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ അംഗത്വമെടുക്കാൻ ചിലരിൽ നിന്നും 5000ത്തിൽപ്പരം രൂപയും ഇതിന് പുറമേ സൊസൈറ്റിയും പിരിച്ചെടുത്തിട്ടുണ്ട്.
തട്ടിപ്പ് പുറത്ത് വന്നതോടെ പിരിവ് നടത്തിയ നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ കൈമലർത്തുകയാണ്. തങ്ങളല്ല മറിച്ച് സീഡ് സൊസൈറ്റിയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതെന്നും പണം പിരിച്ച് അവരുടെ അക്കൗണ്ടിൽ നൽകുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് അവരുടെ വാദം.
എന്നാൽ ഇതംഗീകരിക്കാൻ പണം നൽകിയവർ തയ്യാറായില്ല. സൊസൈറ്റിയുടെ മുണ്ടുരുള്ള ഓഫീസിലേക്ക് പണം നൽകിയവർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.
മാർച്ച് സൊസൈറ്റി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പണം നൽകിയവരിൽ ചിലർ സൊസൈറ്റി അധികൃതരോട് സംസാരിച്ചുവെങ്കിലും അതിന്റെ ഉത്തരവാദിത്വമേൽക്കാനാവില്ലെന്ന നിലപാടാണ് സൊസൈറ്റി അധികൃതർ പങ്ക് വെച്ചത്.
മാർച്ചിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണ്. വിഷയത്തിൽ ഇതുവരെ പണം തിരികെ നൽകുന്ന കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല.