തിരുവനന്തപുരം: അബദ്ധമാണെങ്കിലും അല്ലെങ്കിലും ഇടതു സര്‍ക്കാരിനെ പുകഴ്ത്തിയെഴുതിയ ലേഖനം ഡോ. ശശി തരൂരിനുണ്ടാക്കിയ രാഷ്ട്രീയ നഷ്ടം ചെറുതല്ല.
തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കേരളത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് വാദിച്ചുകൊണ്ടിരുന്ന രാഷ്ട്രീയത്തിനതീതമായ ഒരു വിഭാഗം ഇതോടെ തരൂരില്‍ നിന്നും അകന്നിരിക്കുകയാണ്.
ഇനി, ശരി ഏതാണെങ്കിലും കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പില്‍ പ്രതിസ്ഥാനത്താണ്. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയാണ് ജനം.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്തത്, പൊതുവിതരണ കേന്ദ്രങ്ങളില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനെത്തിക്കാത്തത് ഉള്‍പ്പെടെ സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് കാരണം പ്രാദേശികമായി നടക്കേണ്ട റോഡ് പുനരുദ്ധാരണം, കുടിവെള്ള പദ്ധതികള്‍, പാലം നിര്‍മ്മാണമൊക്കെ അവതാളത്തിലാണ്.
ഇതിനൊക്കെ പഞ്ചായത്ത് അംഗങ്ങളെ നാട്ടുകാര്‍ സമീപിക്കുമ്പോള്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ ഫണ്ടില്ലെന്നാണ് മറുപടികള്‍.
ഇതോടെ സര്‍ക്കാര്‍ പരാജയമാണെന്ന ഒരു പൊതുധാരണ സമൂഹത്തിന്‍റെ താഴേത്തലം മുതല്‍ മേല്‍ത്തട്ടുവരെയുണ്ട്.
ആ ജനങ്ങളോട് കേരളത്തില്‍ വ്യവസായ മുന്നേറ്റമാണെന്നും അത് മാതൃകാപരമാണെന്നും തരൂര്‍ പറഞ്ഞല്‍ സ്ഥിതി എന്താകും ? അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ശരിക്കും തരൂര്‍ പിടിച്ചത് പുലിവാല്‍ തന്നെയെന്ന് പറയുന്നത് അതിനാലാണ്.
ഇതോടെ പൊതു സമൂഹം തരൂരിനെ സംശയ ദൃഷ്ടിയോടെ കാണാന്‍ തുടങ്ങി. കോണ്‍ഗ്രസില്‍ പോലും ഒരു വിഭാഗം പ്രവര്‍ത്തകരും ഒരു പരിധിവരെ കുറെ നേതാക്കളും തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകണമെന്ന ആഗ്രഹക്കാരായിരുന്നു. അവര്‍ ഏതാണ്ട് ഒറ്റക്കെട്ടായി തരൂരിനെതിരായി.
ഇനി, രാഷ്ട്രീയത്തിനപ്പുറം നിഷ്പക്ഷമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ശശി തരൂര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു.
അവരും ഇപ്പോള്‍ ചോദിക്കുന്നത് തരൂരിനെന്തുപറ്റി എന്നാണ്. അവരിലും മുക്കാല്‍ ഭാഗം ആളുകളും അതോടെ തരൂരിനെ കൈവിട്ടു.
യഥാര്‍ഥത്തില്‍, കേരളത്തിലെ സര്‍ക്കാര്‍ മികച്ചതാണെന്ന് ഡൊണാള്‍ഡ് ട്രംപ് വന്നു പറഞ്ഞാലും ജനം അത് വിശ്വസിക്കില്ലെന്ന സ്ഥിതിയാണ്. കേരളത്തിലെ ജനത്തിന് ഏറ്റവും വിശ്വാസമുള്ള ആളായിരുന്നു ശശി തരൂര്‍.
ആ തരൂര്‍ ഒരു കാര്യം പറഞ്ഞതോടെ അദ്ദേഹവും പൊളിറ്റിക്കലി ഔട്ടായി. അപ്പോള്‍ എത്ര ഭീകരമാണ് സംസ്ഥാന സര്‍ക്കാരിനെപ്പറ്റി ജനങ്ങള്‍ക്കുള്ള അഭിപ്രായമെന്നാണ് ചോദ്യം.
അങ്ങനെയെങ്കില്‍ തരൂരിപ്പോള്‍ വേണ്ടാത്തിടത്ത് കേറി ചൊറിഞ്ഞ് പണി മേടിച്ച അവസ്ഥയിലാണ്.