തിരുവനന്തപുരം: രാജ്യത്തെ ബിസിനസ് ഭീമനായ ഗൗതം അദാനി വിദ്യാഭ്യാസ മേഖലയിലേക്കും കൈവയ്ക്കുന്നു. മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എഡ്യൂക്കേഷനുമായി ചേർന്നാണ് അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്കൂളുകളുടെ ശൃംഖല വരുന്നത്.
കേരളത്തിൽ എല്ലാ ജില്ലകളിലും അദാനി സ്കൂളുകൾ വരുമെന്നാണ് അറിയുന്നത്. താങ്ങാനാവുന്ന ഫീസും ലോകോത്തര സൗകര്യങ്ങളും നിലവാരവുമുള്ളതായിരിക്കും അദാനിയുടെ സ്കൂളുകൾ. 2000 കോടി രൂപയാണ് അദാനി ഫൗണ്ടേഷൻ ഇതിനായി ചെലവഴിക്കുക.
വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും അദാനിയുടേതായതിനാൽ തിരുവനന്തപുരത്ത് ലോകോത്തര സൗകര്യങ്ങളോടെ അദാനിയുടെ സ്കൂൾ വരുമെന്ന് ഉറപ്പായിട്ടുണ്ട്.
കേരളത്തിൽ പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് സ്കൂളുകളുടെ ശൃംഖലയുമായി അദാനിയുടെ കടന്നുവരവ്.
മെട്രോപൊളിറ്റൻ നഗരങ്ങളിലും ചെറു നഗരങ്ങളിലുമെല്ലാം അദാനിയുടെ സ്കൂളുകൾ വരുന്നുണ്ട്. സ്കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതിയായിയിരിക്കും. 30% സീറ്റുകൾ ദരിദ്രരും അർഹരുമായ കുട്ടികൾക്ക് സൗജന്യമായി നൽകുമെന്നാണ് അദാനിയുടെ പ്രഖ്യാപനം.
സ്കൂളുകളുടെ ശൃംഖല ആരംഭിക്കാൻ അദാനി നൽകുന്ന 2000 കോടി പ്രാരംഭ സംഭാവന മാത്രമായിരിക്കും. ലോകോത്തര വിദ്യാഭ്യാസവും പഠന അടിസ്ഥാന സൗകര്യങ്ങളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്ക് താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുന്നതാണു പദ്ധതി.
അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗമാണ് അദാനി ഫൗണ്ടേഷൻ. ഇന്ത്യയിലെ മികച്ച പഠന ബോർഡുകളുമായി സംയോജിപ്പിച്ച ഒരു ആഗോള പാഠ്യപദ്ധതിയായിരിക്കും ഈ സ്കൂളുകളിൽ നടപ്പാക്കുക.
ചെയർമാൻ ഗൗതം അദാനിയുടെ സാമൂഹിക തത്ത്വചിന്തയായ "സേവനം ഉപാസനയാണ്, സേവനം പ്രാർത്ഥനയാണ്, സേവനം തന്നെയാണ് പരം പൊരുൾ” എന്നതിന് അനുസൃതമായി, മികച്ച ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ പങ്കാളിത്തം വഴിയൊരുക്കും.
2025-26 അധ്യയന വർഷത്തിൽ ലഖ്നൗവിൽ ആദ്യത്തെ 'അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ്' ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ സ്കൂളുകളിൽ, സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30% സീറ്റുകൾ അർഹതയുള്ളവർക്ക് സൗജന്യമായിരിക്കും.
അദാനി ഗ്രൂപ്പിന്റെ പാൻ-ഇന്ത്യൻ സാന്നിധ്യവും വിപുലമായ അടിസ്ഥാന സൗകര്യ ശേഷിയും ജെംസിന്റെ വിദ്യാഭ്യാസ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിപുലീകരിക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു മാതൃക വികസിപ്പിക്കാൻ പങ്കാളിത്തം പദ്ധതിയിടുന്നായി അദാനിഗ്രൂപ്പ് അറിയിച്ചു.
"ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്നതും വ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്,"- അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
"ജെംസ് എഡ്യൂക്കേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ മികച്ച രീതികളും നൂതനമായ ഡിജിറ്റൽ പഠനരീതിയും സ്വീകരിച്ചുകൊണ്ട്, ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാൻ അടുത്ത തലമുറയെ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."- അദാനി വ്യക്തമാക്കി.
സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, എല്ലാ പഠിതാക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ജെംസ് എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി പറഞ്ഞു.
"അദാനി ഫൗണ്ടേഷനുമായുള്ള സഹകരണം ഞങ്ങളുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കും, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ പഠിതാക്കളിലേക്കും അധ്യാപകരിലേക്കും ഞങ്ങളുടെ ആഗോള വിദ്യാഭ്യാസ വൈദഗ്ദ്ധ്യം എത്തിക്കും."- അദ്ദേഹം വ്യക്തമാക്കി.