തിരുവനന്തപുരം: കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള പടലപിണക്കത്തിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. ശശി തരൂരിന്റെ ലേഖന വിവാദമടക്കം കൃത്യസമയത്ത് പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോയത് മുന്നണിക്ക് ഗുണം ചെയ്യില്ല.
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദവും ഗുണകരമാവില്ലെന്നും ലീഗ് സംസ്ഥാന നേതൃയോഗത്തിൽ വിമർശനമുയർന്നു.
വിവിധ വിഷയങ്ങളിൽ രണ്ടാം പിണറായി സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ യു.ഡി.എഫിനും കോൺഗ്രസിനും കഴിയാത്തത് നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണമാണെന്നും ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ വ്യവസായ നയവും സ്റ്റാർട്ട് അപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഡോ.ശശി തരൂർ എഴുതിയ ലേഖനത്തിൽ സർക്കാരിനെ പുകഴ്ത്തിയെന്ന വിവാദം പെട്ടെന്ന് അവസാനിപ്പിക്കാൻ പാർട്ടിക്കായില്ല. അത് നീട്ടിക്കൊണ്ട് പോയത് നേതാക്കൾ തമ്മിലുള്ള പടലപിണക്കം കൊണ്ടാണ്.
ഇതിന് പുറമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ ഉടലെടുത്ത തർക്കവും യു.ഡി.എഫിന് ഗുണകരമായിരുന്നില്ല.
കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ വലിച്ചു നീട്ടുന്നതിന് പകരം യു.ഡി.എഫിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇത് പരിഹരിക്കാൻ മുൻകൈയെടുക്കണമെന്ന ആവശ്യവും ലീഗ് ഉയർത്തുന്നുണ്ട്.
കോണ്‍ഗ്രസില്‍ എല്ലാ സമയത്തും ഓരോ വിവാദങ്ങളാണ്. ഒന്നുകില്‍ കെപിസിസി പ്രസിഡന്‍റ്, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ്, പിന്നെ മുഖ്യമന്ത്രി മത്സരം, അതുമല്ലെങ്കില്‍ ശശി തരൂര്‍, പേര് മാറുന്നതു മാത്രമേയുള്ളു. വിവാദങ്ങള്‍ക്ക് ഒരിക്കലും അവസാനമാകുന്നില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.