തിരുവനന്തപുരം: പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത് 1000 കോടിയോളം തട്ടിപ്പ് നടത്തിയ കേസിൽ, സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ സംരക്ഷിച്ച് പോലീസ്. മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ കോടതിയിൽ റിപ്പോർട്ട് നൽകാതെ ആനന്ദകുമാറിനെ സംരക്ഷിക്കുകയാണ്.
ഇതിനകം 2 വട്ടം പോലീസ് റിപ്പോർട്ട് കിട്ടാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ മാറ്റേണ്ടി വന്നു. അതിനാൽ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവുണ്ടായില്ല. ആനന്ദകുമാറിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതുമില്ല. മുൻകൂർ ജാമ്യഹർജി വരുന്ന 27ലേക്കാണ് മാറ്റിയിരിക്കുന്നത്.
കണ്ണൂർ പോലീസാണ് കോടതിയിൽ റിപ്പോർട്ട് നൽകാതെ കള്ളക്കളി കാട്ടുന്നത്. കഴിഞ്ഞ 13ന് ഹാജരാക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നത്. അന്ന് ഹാജരാക്കാത്തതിനാൽ 18ലേക്ക് മാറ്റുകയായിരുന്നു. മൂന്നാംവട്ടമാണ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെടുന്നത്.
സംസ്ഥാനമാകെ 1000 കോടി തട്ടിപ്പു നടത്തിയ കേസിലാണ് പൊലീസിന്റെ ഈ ഉപേക്ഷ. കണ്ണൂർ ടൗൺ പോലീസ് എടുത്ത കേസിൽ കണ്ണൂർ എസ്.പിയെ എതിർകക്ഷിയാക്കിയാണ് മുൻകൂർ ജാമ്യാപേക്ഷ.
കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കേസ്. ആനന്ദകുമാർ രണ്ടാംപ്രതിയാണ്. അനന്തുകൃഷ്ണനാണ് ഒന്നാംപ്രതി. 7 പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
/sathyam/media/media_files/2025/02/13/UEkgeus9F1qYr5As9eDE.jpg)
സീഡ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെന്നാണ് പരാതി. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരെയും പ്രതികളാക്കി.
ആനന്ദകുമാർ അടക്കമുള്ള പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കാനോ വീടുകളും ഓഫീസുകളും സീൽ ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇ.ഡി കഴിഞ്ഞ ദിവസം ആനന്ദകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇ.ഡി ഉടൻ ആനന്ദകുമാറിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും തൊട്ടടുത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലും തോന്നയ്ക്കലിലെ സായിഗ്രാമത്തിന്റെ ഓഫീസിലും കിഴക്കേക്കോട്ടയിലുള്ള എൻ.ജി.ഒ. കോൺഫെഡറേഷന്റെ ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തി. ലോക്കൽ പോലീസിനെ ഈ സ്ഥലങ്ങളിൽ പ്രവേശിപ്പിച്ചില്ല.
പാതിവില തട്ടിപ്പിൽ സായിഗ്രാമം സ്ഥാപക എക്‌സിക്യുട്ടീവ് ഡയറക്ടർ ആനന്ദകുമാറാണ് മുഖ്യ ആസൂത്രകനെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ രൂപവത്കരണ യോഗത്തിൽ ആനന്ദകുമാർ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
2023-ൽ കോഴിക്കോട്ടു നടന്ന സത്യസായി ട്രസ്റ്റിന്റെ 27-ാം വാർഷികാഘോഷത്തിലാണ് കോൺഫെഡറേഷൻ രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്. പാതിവിലയ്ക്ക് ലാപ്‌ടോപ്പ് വിതരണത്തിന് തുടക്കമിട്ടതും ഈ ചടങ്ങിലായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ. ആണ് സത്യസായി ഓർഫനേജ് ട്രസ്റ്റ്. 126 സ്ഥാപനങ്ങൾ, 200-ലധികം പദ്ധതികൾ, 465 ശമ്പളം പറ്റുന്ന ജീവനക്കാർ എന്നിവയൊക്കെ സായിഗ്രാമത്തിനുണ്ട്.
/sathyam/media/media_files/2025/02/15/hV9dXT7zDvyFKVksQ0JO.jpg)
അയ്യായിരം ലാപ്‌ടോപ്പാണ് ആദ്യഘട്ടമായി നൽകുന്നത്. ഇതിനായി സായിഗ്രാമം സ്വരൂപിച്ച പണം ഇപ്പോൾ തന്നെ 10 കോടി രൂപ കവിയും - സായിഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ വിവരിച്ച് അദ്ദേഹം വിശ്വാസ്യത ഉറപ്പിച്ചത് ഇങ്ങനെയായിരുന്നു.
കേരളത്തിലുടനീളം ലാപ്‌ടോപ്പ് വിതരണത്തിന് കരാർ ഒപ്പിട്ട കാര്യവും യോഗത്തിൽ ആനന്ദകുമാർ പറയുന്നുണ്ട്. ഇത്രയേറെ തെളിവുകൾ കിട്ടിയിട്ടും ആനന്ദകുമാറിനെ തൊടാൻ പോലീസിന് കഴിയാത്തത് അദ്ദേഹത്തിന് ഭരണത്തിലും രാഷ്ട്രീയ തലത്തിലുമുള്ള ഉന്നത ബന്ധങ്ങൾ കാരണമാണ്.
ആനന്ദകുമാറിന് രണ്ടു കോടി രൂപ കൈമാറിയെന്നും തട്ടിപ്പിന്റെ സൂത്രധാരൻ അദ്ദേഹമാണെന്നും മുഖ്യപ്രതി അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.
ആനന്ദകുമാർ ചെയർമാനായി രൂപീകരിച്ച കോൺഫെഡറേഷന്റെ ബൈലായിൽ, സ്‌കൂട്ടറും തയ്യൽമെഷീനും മറ്റും പകുതി വിലയ്‌ക്ക് നൽകണമെന്നും വിതരണച്ചുമതല അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്.
ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്നാണ് പോലീസിന്റെ വിശദീകരണം.