/sathyam/media/media_files/2025/02/21/rcJXAagDQ9QI8eZvRQnH.jpg)
തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷക്കാരെ നന്നാക്കാൻ ദുബായ് മോഡൽ പരിഷ്കാരവുമായി സർക്കാർ. ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യമായിരിക്കുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു സർക്കുലർ പുറപ്പെടുവിച്ചു.
അമിത നിരക്ക് ഈടാക്കൽ സംബന്ധിച്ച പരാതികൾ വർദ്ധിക്കുന്നതിനാലാണ് ദുബായ് സർക്കാരിന്റെ ട്രാൻസ്‌പോർട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയ സമ്പ്രദായം കേരളത്തിലും നടപ്പാക്കുന്നത്.
മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് അറ്റകൈയുമായി സർക്കാർ രംഗത്തിറങ്ങിയത്. മാർച്ച് ഒന്നുമുതൽ ഈ സംവിധാനം നിലവിൽ വരും.
തിരുവനന്തപുരം കൊച്ചിയിലുമാണ് ഓട്ടോറിക്ഷകൾ അമിതചാർജ് ഈടാക്കുന്നത് സംബന്ധിച്ച പരാതികളേറെയും. മീറ്ററിടാതെ സവാരി നടത്തി അമിതി നിരക്ക് ചോദിക്കുകയും അതേത്തുടർന്ന് തർക്കങ്ങളുമെല്ലാം പതിവാണ്. റിട്ടേൺ ചാർജ് കൂടി ഉൾപ്പെടുത്തി നിരക്ക് വാങ്ങുന്നതും പതിവാണ്.
വിദേശത്ത് ടാക്സി യാത്രാവേളയിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ പണം നൽകേണ്ടതില്ല. മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് അവിടുത്തെ ട്രാൻസ്‌പോർട്ട് റോഡ്സുരക്ഷാ നിയമങ്ങളിലുണ്ട്. ഇതേ രീതിയാണ് കേരളത്തിലും പിന്തുടരുക.
കൊച്ചി സ്വദേശി കെ.പി.മത്ത്യാസ് ഫ്രാൻസിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.
കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ യാത്രാവേളയിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം.
അല്ലെങ്കിൽ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ എഴുതി വയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ യോഗം ഇക്കാര്യം ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു.
സ്റ്റിക്കർ പതിച്ചില്ലെങ്കിൽ മാർച്ച് ഒന്നുമുതൽ തുടർന്നുള്ള ഫിറ്റ്നസ് സിർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഡ്രൈവർമാരിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കും.
ഫിറ്റ്നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിർദേശങ്ങൾ ഉൾപ്പെടുത്തും. സ്റ്റിക്കർ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും എൻഫോഴ്സ്‌മെന്റ് ഓഫിസർമാർക്കും ജോയിന്റ് റീജയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും നിർദേശമുണ്ട്.
ഈ നടപടിയോടെ കേരളത്തിലെ ഓട്ടോറിക്ഷക്കാരുടെ അമിതനിരക്ക് ഈടാക്കലിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.