ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് റോഡിൽ ഒരു പരിപാടിയും വേണ്ടെന്ന് ഹൈക്കോടതി. റോഡിന്റെ ഒരുവശത്ത് ഘോഷയാത്രകളും പ്രകടനങ്ങളും ആവാമെന്ന് ഡിജിപി. മറുഭാഗം ഗതാഗത്തിന് സജ്ജമാക്കണം. വിവാദ സർക്കുലർ കോടതിയലക്ഷ്യമാവും. രാഷ്ട്രീയ സമ്മർദ്ദത്തിൽ സർക്കുലർ ഇറക്കി പുലിവാല് പിടിച്ച് ഡിജിപി. സർക്കുലർ പിൻവലിക്കാനോ ഭേദഗതി ചെയ്യാനോ സാദ്ധ്യത. ഹൈക്കോടതി പറയുന്നതൊന്ന്, പോലീസ് വേറെ വഴിക്ക്

ഒരു വശത്തു കൂടി ഘോഷയാത്രകളും പ്രകടനങ്ങളും കടന്നു പോകുമ്പോൾ, മറുഭാഗം ഗതാഗതത്തിനായി ഒരുക്കാൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർ ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ സർക്കുലർ കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകർ പറയുന്നു.

New Update
shaiq darvesh sahib
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് റോഡിൽ ഒരു പരിപാടികളും പാടില്ലെന്ന് ഹൈക്കോടതി നൽകിയ ഉത്തരവ് വകവയ്ക്കാതെ പോലീസ് മേധാവിയുടെ സർക്കുലർ വിവാദത്തിലേക്ക്.


Advertisment

ഉത്സവ ആഘോഷ ഘോഷയാത്രകൾ അടക്കമുള്ള മതപരമായ ആഘോഷങ്ങളിൽ റോഡിൽ ഗതാഗത തടസമുണ്ടാക്കാത്ത വിധം ക്രമീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഡിജിപിയുടെ നിർദേശമാണ് വിവാദത്തിലായത്.


ഒരു വശത്തു കൂടി ഘോഷയാത്രകളും പ്രകടനങ്ങളും കടന്നു പോകുമ്പോൾ, മറുഭാഗം ഗതാഗതത്തിനായി ഒരുക്കാൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർ ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ സർക്കുലർ കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകർ പറയുന്നു.

ഘോഷയാത്രകൾ റോഡിന്റെ ഒരു വശത്തുകൂടി മാത്രമെ അനുവദിക്കാവൂ. മറു വശത്ത് ഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

റോഡ് തടസ്സപ്പെടുത്തി യാതൊരു പരിപാടികളും നടത്തരുതെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവിന് വിരുദ്ധമാണ് ഡിജിപിയുടെ സർക്കുലർ.


ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിയെത്തുമെന്ന് മുന്നിൽ കണ്ട് ഡിജിപിയുടെ സർക്കുലർ ഭേഗദതി ചെയ്യാനാണ് സാദ്ധ്യത.


ഇതുമായി ബന്ധപ്പെട്ട 2012 ലും പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് പുതിയ സർക്കുലർ ഇറക്കിയത്.

റോഡ് തടസ്സപ്പെടുത്തി തിരുവനന്തപുരം ബാലരാമപുരത്ത് വനിതാ ജ്വാല ജങ്ഷൻ എന്ന പരിപാടി നടത്തിയതിനെതിരെ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

റോഡിൽ സ്‌റ്റേജ് കെട്ടി സമ്മേളനങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും പൊതുചടങ്ങുകൾക്കൊപ്പം സ്വകാര്യ ചടങ്ങുകളിലും ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പോലീസ് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ ആവർത്തിച്ചുള്ള സർക്കുലറിൽ പറയുന്നു.

ഇക്കാര്യങ്ങൾ ജില്ലാ പോലീസ് മേധാവിമാർ സസൂഷ്മം നിരീക്ഷിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു. 


തിരുവനന്തപുരം വഞ്ചിയൂരിലടക്കം റോഡുതടഞ്ഞ് സമ്മേളനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ പൊലീസ്  മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുപറയാവുന്ന സ്ഥിതിയിലല്ല പൊലിസെന്നാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻബെ‌ഞ്ച് ചൂണ്ടിക്കാട്ടിയത്. മാർച്ച് 3ന് ഹർജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഡിജിപിയുടെ സർക്കുലർ വിവാദത്തിലായത്.

പോലീസിന്റെ ഭാഗത്തു നിന്ന് കേവലം മാപ്പപേക്ഷകൊണ്ട് കാര്യമില്ലെന്നും ഉള്ളടക്കം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. നിയമലംഘനം ഇനി അനുവദിക്കില്ലെന്ന് പറയാൻ പൊലീസിനാകുന്നില്ല. ബാലരാമപുരത്തെ സമ്മേളനത്തെ ന്യായീകരിക്കുന്നതാണ് അതിൽ പങ്കെടുത്ത റൂറൽ എസ്.പിയുടെ സത്യവാങ്‌മൂലമെന്നും വിമർശിച്ചു.

വഞ്ചിയൂരിലെ സി.പി.എം സമ്മേളനം, ജോയിന്റ് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ധർണ, ബാലരാമപുരത്തെ ജ്വാല വനിതാ ജംഗ്ഷൻ പരിപാടി, കോൺഗ്രസിന്റെ കൊച്ചി കോർപ്പറേഷൻ ധർണ എന്നിവയ്ക്കെതിരെയാണ് കേസ്.

സമ്മേളനങ്ങൾ നടത്താനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെങ്കിലും അത് പൊതുനിരത്ത് കൈയേറാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഫുട്പാത്തുകളിൽ യോഗം നടക്കുമ്പോൾ കാൽനടക്കാർ സുരക്ഷിതമല്ലാതെ നീങ്ങേണ്ടിവരുന്നു. കാഴ്ചപരിമിതർ ഉൾപ്പെടെ ബുദ്ധിമുട്ടുന്നു. വഞ്ചിയൂരിലും കൊച്ചിയിലും ജില്ലാആശുപത്രിയിലേക്ക് വരുന്നവരും കഷ്ടപ്പെട്ടു.


സർക്കുലറുകൾ ഇറക്കിയതുകൊണ്ട് ഇനി കാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. വഞ്ചിയൂരിൽ സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനു റോഡ് തടഞ്ഞതാണ് കേസായത്. റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീർത്തതോടെ വൻ ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞിരുന്നു.


ആംബുലൻസുകൾ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വാഹനങ്ങളിൽ കുടുങ്ങി. വഞ്ചിയൂർ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറൽ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്.

Advertisment