/sathyam/media/media_files/2025/02/22/H8R6LpPKZX0xhWL9RMu1.jpg)
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രoപിൻ്റെ നയങ്ങളും തീരുമാനങ്ങളും ലോകസമാധാനത്തിന് വൻ ഭീഷണിയാണെന്നും, അമേരിക്കയുടെ ഇപ്പോഴത്തെ കയറ്റുമതി ചരക്ക് ഇന്ത്യൻ പൗരന്മാരാണെന്നും സി. ദിവാകരൻ പറഞ്ഞു.
ട്രoപ് ഭരണകൂടത്തിൻ്റെ മനുഷ്യാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം, കോളനിവൽക്കരണ നീക്കങ്ങൾ, കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം തുടങ്ങി ലോകസമാധാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നയങ്ങൾക്കെതിരായി അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) തിരുവനന്തപുരം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കുശേഷം ലോകത്ത് ഇടതുപക്ഷ ചേരിക്കുണ്ടായ ശോഷണമാണ് അമേരിക്കയുടെ സ്വേഛാധിപത്യ നടപടികൾക്ക് തുടക്കമിട്ടത്.
മൂലധന നിക്ഷേപം കൊണ്ട് രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാമെന്നാണ് ട്രoപ് കരുതുന്നത്. രാജ്യങ്ങൾക്കിടയിൽ അസംതൃപ്തിയും സംഘർഷങ്ങളും വളർത്തുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടികൾ.
ട്രoപിസം ഫാസിസത്തേക്കാൾ അപകടകരമാണ്. അധികനാൾ ഇങ്ങനെ മുന്നോട്ടുപോകാനാകില്ല. ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഈ നില തുടർന്നാൽ ഹിറ്റ്ലറുടെ ഗതി ട്രoപിനുമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കച്ചവടക്കാരനായ ട്രoപ് നവ ഫാസിസത്തിൻ്റെ വക്താവാണെന്നും കോർപ്പറേറ്റുകളുടെ ഭരണമാണ് അമേരിക്കയിൽ നടക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ എം. വിജയകുമാർ അഭിപ്രായപ്പെട്ടു.
ഐപ്സോ ജില്ലാ പ്രസിഡൻ്റ് ആറ്റിങ്ങൽ സുഗുണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അഡ്വ. എം.എ. ഫ്രാൻസിസ്, എഐറ്റിയുസി ജില്ലാ പ്രസിഡൻറ് സോളമൻ വെട്ടുകാട്, എസ്. സുധി കുമാർ, ജി. ശ്രീകുമാർ, കെ.ദേവകി, പ്രസീത് പേയാട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ കൂട്ടായ്മക്ക് വി.ആർ. ജനാർദ്ദനൻ, കെ.ആനന്ദൻ, ഗണേശൻ നായർ, എ.അബ്ദുൾ വാഹിദ്, പി.എസ്. നായിഡു, സുനിൽ മതിലകം, മൈക്കിൾ എന്നിവർ നേത്വം നൽകി.