/sathyam/media/media_files/2025/02/24/t2kB4OuJgCVlWyWZwY2Q.jpg)
തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കാൻ മാസങ്ങൾ ബാക്കി നിൽക്കുമ്പോൾ വെറുതെ വിവാദമുണ്ടാക്കുന്ന വിശ്വപൗരൻ ശശി തരൂരിനോട് പാർട്ടി അണികളിലും അതൃപ്തി പുകയുന്നു.
എന്നും തുറന്ന സംവാദങ്ങൾക്ക് ഇട നൽകുന്ന കോൺഗ്രസിൽ പക്ഷേ പ്രവർത്തകസമിതിയംഗം തന്നെ പാർട്ടിക്കെതിരെ വെല്ലുവിളിയുമായി വന്നതാണ് അണികളെയും ഒപ്പം നേതാക്കളെയും ചൊടിപ്പിച്ചത്.
അതിരുവിട്ട വിമർശനം വേണ്ടെന്ന നിലയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന്റെ പ്രതികരണമെങ്കിലും അതുക്കും മേലയാണ് പ്രവർത്തകരുടെ വികാരം. ഇത് ഒരുപരിധിവരെ നേതാക്കള്‍ക്കും ആശ്വാസമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മോദി വികാരം പ്രകടമായ കേരളത്തിലുണ്ടായ യു.ഡി.എഫ് തരംഗത്തിനിടയിൽ തിരുവനന്തപുരത്ത് തരൂർ കഷ്ടിച്ചാണ് കടന്ന് കൂടിയത്.
തനിക്ക് പാർട്ടിക്ക് പുറത്ത് നിന്നും വോട്ട് ലഭിച്ചുവെന്ന തരൂരിന്റെ കണക്കുകൾ മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ താനേ പൊളിഞ്ഞ് വീഴുകയാണ്.
കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കാസർകോട്, കണ്ണൂർ, വടകര, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യു.ഡി.എഫ് മത്സരിച്ച മലപ്പുറം, പൊന്നാനി, കൊല്ലം മണ്ഡലങ്ങളിലും ലക്ഷത്തിന് മുകളിലേയ്ക്കാണ് ഭൂരിപക്ഷം ഉയർന്നത്.
ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞിരുന്നു. കണ്ണൂരില്‍ ഒരു ഘട്ടത്തില്‍ കെ സുധാകരന്‍ തോല്‍ക്കുമെന്ന് കരുതിയിടത്ത് ലക്ഷം കടന്ന ഭൂരിപക്ഷത്തിലായിരുന്നു വിജയം.
കണ്ണൂരിനെക്കാർ ചുവപ്പുള്ള പാലക്കാട് മണ്ഡലത്തിൽ തന്റെ ഭൂരിപക്ഷം 11,000 വോട്ടുകളിൽ നിന്നും 75000മായി വർധിപ്പിക്കുകയാണ് വി.കെ ശ്രീകണ്ഠൻ ചെയ്തത്. ആകെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് അവിടെ എം.എൽ. എമാരുള്ളത്.
ഒരു മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം നേടിയ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ നിലവിലുള്ളപ്പോഴാണ് കേവലം 37.19 ശതമാനം വോട്ടുമായി തരൂർ കഷ്ടപ്പെട്ടു നാലാം തവണ വിജയമുറപ്പിച്ചത്. സി.പി.എമ്മിന്റെ 2024ലെ കനലൊരു തരിയായ കെ.രാധാകൃഷ്ണനോട് ഏറ്റുമുട്ടി പരാജയപ്പെട്ട രമ്യാ ഹരിദാസിന് പോലും 38.63 % വോട്ട് നേടാൻ കഴിഞ്ഞുവെന്ന പ്രത്യേകതയാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.
പാർട്ടിയുമായി കലഹിച്ച് വിവാദമുണ്ടാക്കുമ്പോൾ മാത്രം പ്രവർത്തകരുടെ പ്രീതിക്കായി സി.പി.എമ്മിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുക്കാറുള്ള തരൂർ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പാർട്ടി സംഘടിപ്പിച്ചിട്ടുള്ള ഏതാനും സമരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്.
ഇതിന് പുറമേ ഒരു സമയത്തും എം.പിയെന്ന നിലയിൽ തരൂരിനെ കണ്ട് കിട്ടാറില്ലെന്നും താഴേത്തട്ടിലെ നേതാക്കളും പ്രവർത്തകരും പറയുന്നു. മണ്ഡലത്തിലുള്ളപ്പോൾ അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നിൽ മണിക്കൂറുകൾ കാത്ത് നിന്നാൽ മാത്രമാണ് ആവശ്യങ്ങൾ അവതരിപ്പിക്കാൻ സെക്കന്‍റുകള്‍ മാത്രം ലഭിക്കുന്നത്.
എം.പിയുടെ ഓഫീസിശന്റ പ്രവർത്തനവും മറ്റ് എംപിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശമാണ്. ഓഫീസിലുള്ള പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവർ അഹങ്കാരത്തിന്റെ ആൾരൂപങ്ങളാണെന്നും സാധാരണ പ്രവർത്തകരെയും നേതാക്കളെയും പുച്ഛത്തോടെയാണ് കാണുന്നതെന്നും നേതാക്കള്‍ ഉള്‍പ്പെടെ വിമർശനമുയർന്നിട്ടുണ്ട്.
ചുരുക്കത്തില്‍ തലസ്ഥാനത്തെ എംപിയും അദ്ദേഹത്തിന്‍റെ ഓഫീസ് സ്റ്റാഫും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യരാണ്.