/sathyam/media/media_files/2024/10/23/zcdhZpPvGLiPTFfCf9eY.jpg)
തിരുവനന്തപുരം:ക്ഷീരസംരംഭകരുടെ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുമായി മേഖലാടിസ്ഥാനത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു.
ക്ഷീരമേഖലയില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മിലുള്ള ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടന്ന മൂന്നു മേഖലാ യൂണിയനുകളുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.
വായ്പകള്‍, പലിശ ഇളവുകള്‍, സബ്സിഡികള്‍ എന്നിവ സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് കൃത്യമായ ധാരണ ലഭ്യമാക്കാനാണ് മില്‍മ, കേരള ബാങ്ക്, വ്യവസായ വാണിജ്യ വകുപ്പ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ക്ഷീരവികസന വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മാര്‍ച്ച് അവസാന വാരം ശില്‍പശാല സംഘടിപ്പിക്കുന്നത്.
മില്‍മയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള ഡീലര്‍മാര്‍ക്ക് സ്റ്റോക്ക്/വിറ്റുവരവ് അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ ക്യാഷ് ക്രെഡിറ്റ് പദ്ധതി നല്‍കുന്നതിന് ധാരണാപത്രത്തില്‍ ഉടമ്പടി ചെയ്തിരുന്നു.
ഇതനുസരിച്ച് മാര്‍ച്ച് 31 ന് മുമ്പായി ഡീലര്‍മാരുടെ പട്ടിക മൂന്ന് മേഖലാ യൂണിയനുകളും നല്‍കുന്നതിനും ക്രെഡിറ്റ് യോഗ്യത അനുസരിച്ച് ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനും തീരുമാനിച്ചു.
മില്‍മ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മാത്രമാണ് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നത് മൂലം പണം വിനിയോഗിക്കുന്നതില്‍ ഡീലര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ഇത് ഗുണകരമാകും.