തിരുവനന്തപുരം: പുതിയ തലമുറയുടെ പോക്കിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ ആശങ്ക പറഞ്ഞറിയിക്കുന്നതിനും അപ്പുറത്താണ്. പ്രശസ്തരായ മാതാപിതാക്കളുടെ മക്കള്‍പോലും ലഹരിക്ക് അടിമകളാകുന്നു.
ആലപ്പുഴയില്‍ മുന്‍ എംഎല്‍എയുടെ മകനെ ലഹരിവസ്തു കൈവശംവച്ച കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ രക്ഷിതാവായ എംഎല്‍എ ന്യായീകരണവുമായി രംഗത്തുവന്നെങ്കില്‍ എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനും നാടാര്‍ സമുദായ പ്രമുഖനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ മകന്‍ ശിവജിയെ അറസ്റ്റ് ചെയ്തപ്പോള്‍ നിസഹായനായ പിതാവിന്‍റെ തുറന്നുപറച്ചിലുമായാണ് ചന്ദ്രശേഖരന്‍ രംഗത്തുവന്നത്.
എന്‍റെ മകനെയും ലഹരി പിടിച്ചു.. സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല.. എന്നാണ് വിഷ്ണുപുരം ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്മാര്‍ വല വിരിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
മകനെ ന്യായീകരിക്കാനോ കേസ് വഴിതിരിച്ചുവിടാനോ അദ്ദേഹം തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. പകരം സ്വന്തം കുടുംബത്തിലും ഇത്തരമൊരു അനുഭവം ഉണ്ടായെന്ന് തുറന്നു സമ്മതിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിനു താഴെ നിരവധി ആളുകളാണ് അനുഭാവ കമന്‍റുകളുമായി രംഗത്തു വന്നിരിക്കുന്നത്.
ഏത് കുടുംബത്തിലും എപ്പോള്‍ വേണേലും ഇതൊക്കെ സംഭവിക്കാം എന്നതാണ് സമീപ ദിവസങ്ങളില്‍ നടക്കുന്ന ദാരുണമായ സംഭവങ്ങള്‍ വരെ തെളിയിക്കുന്നത്. ആപല്‍കരമായ മയക്കുമരുന്നിന്‍റെ ഉപയോഗത്താല്‍ മക്കള്‍ മാതാപിതാക്കളോടും സ്വന്തം സഹോദരങ്ങളോടും പോലും ദയകാണിക്കുന്നില്ല.
എന്നാല്‍ ഇത് തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അമ്പേ പരാജയമാണ്. മയക്കുമരുന്ന് കേസുകളില്‍ പോലീസ് തീരെ ജാഗ്രത കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.