/sathyam/media/media_files/2025/02/28/zT0JvVL4xpgt93XoQspW.jpg)
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം സാമ്പത്തിക പ്രതിസന്ധിയും ധൂർത്തുമെന്ന് ഉറപ്പിച്ച് പോലീസ്. ആഡംബര ജീവിതമടക്കം കാരണങ്ങളാൽ 65 ലക്ഷത്തിന്റെ കടക്കെണിയിലായിരുന്നു കുടുംബം.
ബന്ധുക്കളും നാട്ടുകാരുമായ 14 പേരിൽ നിന്ന് കടം വാങ്ങിയിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ആളുകൾ നിരന്തരമായി പ്രതി അഫാനെ വിളിക്കുകയും വീട്ടിൽ എത്തുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രയാസം കാരണം കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്ക കാരണമാണ് കൊന്നൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി. സങ്കീർണമായ ചോദ്യങ്ങൾ ഏറെയുള്ള ഈ കേസ് പോലീസ് അന്വേഷണ പരിശീലനത്തിനുള്ള സിലബസിൽ ഉൾപ്പെടുത്തും.
കുടുംബത്തിനുള്ള 65 ലക്ഷത്തിന്റെ സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമായി പ്രതി അഫാൻ പറയുന്നത്. കടം വീട്ടാൻ വീണ്ടും കടം വാങ്ങിയതാണ് ഭീമമായ കടബാദ്ധ്യതയ്ക്ക് കാരണം. 5 ലക്ഷം രൂപയേ പിതാവിന്റെ കടംവീട്ടാൻ വിദേശത്തേക്ക് അയച്ചിട്ടുള്ളൂ. ബാക്കി തുക ആഡംബര ജീവിതത്തിനായി ചെലവിട്ടെന്നാണ് വിവരം.
കൊല നടത്തിയ ദിവസവും ആരെങ്കിലും പണത്തിനായി വിളിച്ചിട്ടുണ്ടോയെന്നും ഇതാണോ പ്രകോപനമെന്നും പോലീസ് അന്വേഷിക്കുന്നു. ബന്ധുക്കളും നാട്ടുകാരും കടം നൽകിയവരിൽ ഉൾപ്പെടുന്നു.
12 ലക്ഷത്തിന്റെ രണ്ട് ചിട്ടികളുടെ അടവ് മുടങ്ങിയതും ആളുകൾ നിത്യേന പണത്തിനായി വീട്ടിലെത്തിയതും അഫാന്റെ മനോനില തെറ്റിച്ചെന്ന് പോലീസ് വിലയിരുത്തുന്നു. അന്വേഷണത്തിൽ മനശാസ്ത്രജ്ഞന്റെ സേവനം തേടാൻ പോലീസ് ആലോചിക്കുകയാണ്.
കാമുകി ഫർസാനയുമായി അഫാന് വിരോധം ഉണ്ടായിരുന്നില്ല. ബന്ധുക്കളെയെല്ലാം കൊന്നതായി കാമുകിയോട് അഫാൻ പറഞ്ഞു. ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു. ഇരുവരും മരിക്കാൻ തീരുമാനിച്ചു. അതിനായാണ് എലിവിഷം വാങ്ങിയത്. താൻ മരിച്ചാൽ പെൺകുട്ടി ഒറ്റപ്പെടുമെന്ന ചിന്തയിൽ ചെയ്തെന്നാണ് അഫാന്റെ മൊഴി.
ഇതിലുമുപരി എന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്. ഫർസാനയുടെ മാല 90000 രൂപയ്ക്ക് പണയം വച്ചു. തിരികെ കൊടുത്തത് മുക്കുപണ്ടമായിരുന്നു. ഇതും കൊലയ്ക്ക് കാരണമായോയെന്നും പരിശോധിക്കുന്നു.
അതേസമയം, പ്രതിയുടെ മറ്റു ബന്ധങ്ങൾ, ലഹരി ഉപയോഗം എന്നിവ കൂട്ടക്കൊലയ്ക്ക് കാരണമായോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നു. ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ രക്തസാമ്പിലെ പരിശോധനാ ഫലം കിട്ടണം.
ചുറ്റികയ്ക്ക് തലയ്ക്കടിച്ചാൽ ശബ്ദം പോലും കേൾക്കാതെ ആളുകളെ കൊലപ്പെടുത്താമെന്ന് അഫാൻ ഇന്റർനെറ്റിലൂടെയാണോ മനസിലാക്കിയതെന്ന് അറിയാൻ മൊബൈൽ ഫോറൻസിക് പരിശോധനാ ഫലം കിട്ടണം.
ഓരോ കേസിലെയും ഉദ്ദേശം കണ്ടെത്തുമെന്നാണ് പോലീസിന്റെ തീരുമാനം. അഫാന്റെ അസാധാരണമായ പെരുമാറ്റമാണ് പോലീസിനെ കുഴക്കുന്നത്.
അമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം മാല എടുത്ത് പണയം വച്ച അഫാൻ ഈ പണത്തിലെ 40000 രൂപ കടം വീട്ടാൻ ഉപയോഗിച്ചു. 4 പേർക്ക് ഓൺലൈനായി പണം അയച്ചുകൊടുത്തതിന്റെ വിവരങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.
14 പേരിൽ നിന്ന് പണം കടം വാങ്ങിയതിനും കുറേ പേർക്ക് അക്കൗണ്ടിലൂടെ പണം തിരികെ കൊടുത്തതിനും തെളിവുകിട്ടി. സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് റൂറൽ എസ്.പി വ്യക്തമാക്കിയിട്ടുണ്ട്.
വാങ്ങിയ പണം തിരികെ കൊടുക്കാൻ പറ്റാത്ത ഘട്ടത്തിൽ ചെയ്തെന്നാണ് അഫാന്റെ മൊഴി. കൂടെ പഠിച്ചവരെ കണ്ടാൽ ഒന്നു പുഞ്ചിരിക്കുമെന്നല്ലാതെ ഒന്നു മിണ്ടുക കൂടിയില്ലന്ന് കൂടെ പഠിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
പുറത്തിറങ്ങിയാൽ മാതാവ് ഷെമിയോ, അനുജനോ കൂടെയുണ്ടാകും. വീടിന് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങിയാലും ഉടൻ തിരിച്ച് നൽകും, പെൺ സുഹൃത്തിന്റെ സ്വർണ്ണം പണയം വെയ്ക്കുകയും തിരിച്ചെടുത്തിട്ട് വീണ്ടും പണയം വയ്ക്കാൻ വാങ്ങി. പിശാചായി മാറിയ പ്രതിയുടെ മാറ്റം നാട്ടുകാർക്ക് വിശ്വസിക്കാനെ കഴിഞ്ഞിട്ടില്ല.
വെഞ്ഞാറമൂട് ജംഗഷിനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല പണയംവെച്ച് 74,000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതിൽ നിന്നും 40,000 രൂപ ഫെഡറൽ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങൾക്കായി എസ്.എൻ പുരത്തുള്ള പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തുന്നതും കൊലപ്പെടുത്തുന്നതും.
മാതാവ് ഷെമിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന ബാങ്കുകളിൽ പൊലീസ് പരിശോധന നടത്തി. വെഞ്ഞാറമൂട്ടിലെ ഒരു ദേശസാത്കൃത ബാങ്കിൽ നിന്ന് ഹൗസിംഗ് ലോണും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ ബന്ധുക്കളുടെ സ്വർണം ഉൾപ്പെടെ പണയം വച്ചിട്ടുണ്ട്.
യഥാസമയം ഇവിടെ എല്ലാം മുതലും പലിശയും അടയ്ക്കാറുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വീട്ടിൽ ഹോൾസെയിലായി മുട്ടക്കച്ചവടം നടത്തിയിരുന്ന ഷെമി സ്വയം വരുമാനവും കണ്ടെത്തിയിരുന്നു. അഫാനും മാതാവ് ഷെമിക്കും പണം കടം കൊടുത്തവരെ സംബന്ധിച്ച ലിസ്റ്റ് പൊലീസ് തയ്യാറാക്കുകയാണ്. പണം കടം കൊടുത്തവർ കേസിൽ സാക്ഷിയാകും.