/sathyam/media/media_files/2025/02/28/o5oYHyV55nguX8tQD0J9.jpg)
തിരുവനന്തപുരം: പോലീസിനെതിരേ അതിരൂക്ഷ വിമർശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തലസ്ഥാനത്തെ ട്രാൻസ്ജെൻഡറുടെ പരാതിയിൽ കേസെടുക്കാതിരുന്നതാണ് വിമർശനത്തിന് കാരണമായത്. കേസെടുക്കാതെ അലംഭാവം കാട്ടിയ പൊലീസ് നടപടി തെറ്റാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിറക്കി.
വീട് നിർമ്മാണത്തിനെത്തിച്ച ഒരു ലോഡ് കരിങ്കല്ലും 150 സിമന്റ് കട്ടയും 100 ചുടുകട്ടയും അയൽവാസികൾ കടത്തികൊണ്ടുപോയ പരാതിയിലാണ് കേസെടുക്കാത്തത്.
കേസെടുക്കാൻ വിസമ്മതിച്ച പൊലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. കോടതിയെ സമീപിക്കാൻ പരാതിക്കാരിയോട് കമ്മിഷൻ നിർദ്ദേശിച്ചു.
ആരും സഹായിക്കാനില്ലാത്ത, സാമ്പത്തികവും സാമൂഹ്യവുമായും പ്രയാസപ്പെടുന്ന കിളിമാനൂർ സ്വദേശിയായ ട്രാൻസ്ജെന്ററിന് കേസു കൊടുക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സഹായിക്കണം.
നിർമ്മാണ വസ്തുക്കൾ കടത്തിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ആരോപണത്തിന് കാരണമായ വഴിതർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ടതാണെന്നും കിളിമാനൂർ ഇൻസ്പെക്ടർ കമ്മിഷനെ അറിയിച്ചു.
എന്നാൽ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ നിർമ്മാണസാമഗ്രികൾ കടത്തിക്കൊണ്ടുപോയെന്ന് സാക്ഷിമൊഴിയുള്ളതായി വ്യക്തമാക്കുന്നു. പരാതിയിൽ കഴമ്പുണ്ടെന്നും അന്വേഷണം നടത്തേണ്ടതായിരുന്നെന്നും ഇതിൽ നിന്ന് വ്യക്തമാവുന്നതായി കമ്മിഷൻ പറഞ്ഞു. എതിർമൊഴികൾ കണക്കിലെടുത്ത് കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതായി കമ്മിഷൻ കണ്ടെത്തി.
ഭരണഘടനയുടെ 14 -ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങൾക്കും ട്രാൻസ്ജെന്റർമാർക്കും അർഹതയുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
പരാതി അനന്തമായി നീട്ടികൊണ്ടുപോകുന്നത് സുപ്രീംകോടതി ഉത്തരവിനെതിരാണ്. പൊലീസ് നടപടി തീർത്തും തെറ്റാണ്. ലതാകുമാരിയും സ്റ്റേറ്റ് ഓഫ് യു.പി.യും തമ്മിലുള്ള കേസിലെ സുപ്രീംകോടതിവിധി ചേർത്ത് വായിക്കുമ്പോൾ തീർത്തും തെറ്റാണ്.
ഇത് പൊലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും. കുറ്റകരമായ പ്രവൃത്തി ഉൾപ്പെടുന്ന പരാതികളിൽ പൊലീസ് കേസെടുക്കാതിരുന്നാൽ ഭാരതീയ ന്യായസംഹിത 175 (3) വകുപ്പ് പ്രകാരം പരാതിക്കാരിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.