/sathyam/media/media_files/2025/02/28/5aBt4KrdGahBQpmmM0Qy.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ശശി തരൂര്‍ വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക് എന്ന് സൂചന. തന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം വളച്ചൊടിച്ചുവെന്ന ന്യായീകരണവുമായി വിവാദമവസാനിപ്പിക്കാൻ തയ്യാറെടുത്ത് ശശി തരൂർ എം.പി തന്നെ നേരിട്ട് രംഗത്തെത്തിയത് ഇതിന്‍റെ സൂചനയാണ്. പാര്‍ട്ടി കാര്യമായി പരിഗണിക്കുമെന്ന ഉറപ്പ് നേതൃത്വം തരൂരിന് നല്കി കഴിഞ്ഞിട്ടുണ്ട്.
താൻ പറയാത്ത രണ്ട് കാര്യങ്ങൾ പത്രം തന്റെ അഭിമുഖത്തെ ചാരി വളച്ചൊടിച്ചുവെന്നാണ് തരൂർ പറയുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭാ മുൻ അദ്ധ്യക്ഷനും മുതിർന്ന നേതാവും രാഷ്ട്രീയകാര്യ സമിതിയംഗവുമായ പി.ജെ കുര്യൻ തരൂരിന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എഴുതിയ ലേഖനത്തിന് പിന്നാലെയാണ് തരൂർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പ് പങ്ക് വെച്ചിട്ടുള്ളത്.
വിവാദം തരൂരിന് ദോഷം ചെയ്തുവെന്ന വിലയിരുത്തല്‍ അദ്ദേഹത്തിന്‍റെ ടീമിനുണ്ട്. താനാണ് ഏറ്റവും യോഗ്യന്‍ എന്നും തനിക്ക് കോണ്‍ഗ്രസ് അല്ലെങ്കില്‍ മറ്റ് സാധ്യതകളും മുന്നിലുണ്ടെന്നും ഉള്ള രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തരൂരിന്‍റെ ഇമേജിന് ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍.
നവമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ വരെ ഇതോടെ തരൂരിനെതിരെ തിരിഞ്ഞു. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ആണെങ്കിലും തരൂര്‍ വിശദീകരണത്തിന് തയ്യാറായത്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് പത്രം വളച്ചൊടിച്ചതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. സാഹിത്യ പ്രവർത്തനങ്ങളിൽ തന്റെ സമയം ചിലവഴിക്കാനുള്ള പല 'ഓപ്ഷനുകൾ' ഉണ്ടെന്ന് പറഞ്ഞ ഒരു നിർദോഷമായ പ്രസ്താവന എടുത്ത്, താൻ മറ്റു രാഷ്ട്രീയ അവസരങ്ങൾ അന്വേഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു തലക്കെട്ട് ഉണ്ടാക്കി.
പതിവുപോലെ, മറ്റുള്ള മീഡിയ ചാനലുകൾ ഈ തലക്കെട്ടിനോട് പ്രതികരിച്ചു, രാഷ്ട്രീയ ലോകം മാധ്യമങ്ങളോട് പ്രതികരിച്ചു, ആ പ്രശ്‌നം നേരിടാനായിരുന്നു താൻ പിന്നീട് സമയം ചെലവഴിച്ചത്.
രണ്ടാമത് ഒരു വ്യാജ റിപ്പോർട്ടും പത്രം പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ കോൺഗ്രസ്സിന് ഒരു നേതാവില്ലെന്നു താൻ പരിതപിച്ചുവെന്നായിരുന്നു റിമപ്പാർട്ട്. ഇത് മറ്റൊരു ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന്റെ മുൻനിര വാർത്തയാവുകയും, മറ്റ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ മൂന്ന് ദിവസം നീണ്ട ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തു.
ഇതേക്കുറിച്ച് താൻ ഇന്ത്യൻ എക്‌സ്പ്രസിനോട് ചോദിച്ചപ്പോൾ താൻ പറഞ്ഞ മലയാളം വാക്കുകളുടെ 'ഇംഗ്ലീഷ് വിവർത്തനം' എന്നായിരുന്നു മറുപടി. എന്നാൽ വീഡിയോ ക്ലിപ്പ് കാണണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ, ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു.
അത് പുറത്തുവന്നപ്പോൾ, താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമായി. ഇപ്പോൾ ആ പത്രം തിരുത്തൽ പ്രസിദ്ധീകരിക്കുന്നത് കൊണ്ട് ഗുണമില്ലെന്നും അത് കൊണ്ടുണ്ടാവേണ്ട എല്ലാ പ്രശ്‌നങ്ങളും ഉണ്ടായെന്നും അദ്ദേഹം കുറപ്പിൽ വ്യക്തമാക്കുന്നു.
പോഡ്കാസ്റ്റ് സംബന്ധിച്ച് വിശദീകരണങ്ങൾ വന്നെങ്കിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ലേഖനത്തിലെ വാദങ്ങളിൽ മറ്റ് വിശദീകരണങ്ങളൊന്നും നൽകാൻ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ട് തന്നെ ലേഖനത്തിലെ വാദങ്ങളിൽ തരൂർ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നാണ് കരുതേണ്ടത്.
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിൽ ഇതിനെതിരെ ഘടകകക്ഷികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലായി ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷത്ത് നിന്നും അഭിനന്ദിക്കുന്ന തരത്തിലുള്ള നടപടികൾ ശരിയല്ലെന്നായിരുന്നു വിമർശനം.
എന്നാൽ തരൂരിന്റെ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശനമുണ്ടായില്ല. ഇക്കാര്യങ്ങളിലുള്ള ഘടകകക്ഷികളുടെ അതൃപ്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഘടകകക്ഷികൾ അറിയിച്ചുവെന്നുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്.