മഹാകുംഭമേളയെക്കുറിച്ച് വിവാദ പരാമർശങ്ങളിൽ പുലിവാല് പിടിച്ച് സിന്ധു സൂര്യകുമാറിന്റെ കവർ സ്റ്റോറി. ഹിന്ദു വികാരം വ്രണപ്പെടുമെന്നായതോടെ ഇടപെട്ട് ചാനലുടമ രാജീവ് ചന്ദ്രശേഖർ. 100 ശതമാനം സാക്ഷരതയുണ്ടായിട്ടും മലയാളികൾ കൂട്ടത്തോടെ കുംഭമേളയ്ക്ക് പോയതും ബിജെപി കേരളത്തിൽ വേരുപിടിക്കുന്നതുമടക്കം പരാമർശങ്ങൾ കവർസ്റ്റോറിയെ എയറിലാക്കി. സോഷ്യൽമീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ

ദക്ഷിണേന്ത്യയിൽ ഏറ്റവും വേരോട്ടമുള്ളത് കേരളമാണെന്നും നൂറു ശതമാനം സാക്ഷരതയുള്ള, കോൺഗ്രസിന് നല്ല വേരോട്ടമുള്ള കേരളത്തിൽ എങ്ങനെയാണ് ബിജെപിക്ക് വളരാൻ സാധിക്കുന്നതെന്നും ചോദിച്ചാണ് തുടങ്ങിയത്.

New Update
rajeev chandrasekhar sindhu suryakumar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: 66കോടി ഭക്തർ പങ്കെടുത്ത മഹാ കുംഭമേളയെ ആക്ഷേപിച്ച് പുലിവാല് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ ഇത്തരമൊരു പരിപാടി വന്നതിൽ രാജീവ് ഖേദം പ്രകടിപ്പിക്കുകയും അക്കാര്യം പരസ്യമാക്കുകയും ചെയ്തു.


Advertisment

ഏഷ്യാനെറ്റ് ന്യൂസിലെ എക്സിക്യുട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിന്റെ കവർ സ്റ്റോറി പരിപാടിയിലാണ് ഈ അബദ്ധം പിണഞ്ഞത്. കുംഭമേളയെ പരിഹസിക്കും വിധത്തിലെ പരാമർശമാണ് പരിപാടിയിലുണ്ടായതെന്നാണ് ചാനലുടമയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.


ഇത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന്റെ കവർ സ്റ്റോറി എന്ന പരിപാടിയിൽ മഹാകുംഭമേളയെ കുറിച്ച് സിന്ധു സൂര്യകുമാർ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. ദക്ഷിണേന്ത്യയിൽ ഏറ്റവും വേരോട്ടമുള്ളത് കേരളമാണെന്നും നൂറു ശതമാനം സാക്ഷരതയുള്ള, കോൺഗ്രസിന് നല്ല വേരോട്ടമുള്ള കേരളത്തിൽ എങ്ങനെയാണ് ബിജെപിക്ക് വളരാൻ സാധിക്കുന്നതെന്നും ചോദിച്ചാണ് തുടങ്ങിയത്.

sindhu suryakumar-2


കുംഭമേളയ്ക്ക് 64 കോടി പേർ എത്തിയെന്നാണ് യു.പി മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ നിന്ന് നൂറുകണക്കിന് പേർ ഗംഗാ സ്നാനം നടത്തി. ഇത്രകാലം ഇല്ലാതിരുന്ന ഹിന്ദുവികാരം എങ്ങനെയുണ്ടായി എന്നടക്കമുള്ള പരാമർശങ്ങളാണ് വിവാദത്തിലായത്. 


10 ലക്ഷം മലയാളികളെങ്കിലും കുംഭമേളയ്ക്ക് എത്തിയെന്നാണ് കണക്ക്. അത് കേരളത്തിൽ നിന്ന് മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. കവർസ്റ്റോറിയിലെ പരാമർശങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലടക്കം എതിർപ്പ് വ്യാപകമായപ്പോഴാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. 

മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്.  


മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എൻ്റെ കുടുംബവുമുണ്ടായിരുന്നു. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നെന്നും രാജീവ് വ്യക്തമാക്കി.


കേരളത്തിൽ സിപിഎമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നെന്നും ബിജെപി കളം പിടിക്കുന്നെന്നുമാണ് പരിപാടിയിൽ സിന്ധു പറയുന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ കൂട്ടമായി ബിജെപിയിലേക്ക് എത്തുന്നെന്ന് മാധ്യമങ്ങളെയും സർവെകളെയും അടിസ്ഥാനപ്പെടുത്തി സിന്ധു പറയുന്നുമുണ്ട്.

കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് കൃത്യമായ പദ്ധതിയും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആവേശവുമുണ്ട് എന്നും മറ്റ് രണ്ട് മുന്നണികൾക്കും അതില്ലെന്നുമാണ് അവർ വ്യക്തമാക്കുന്നത്.

യുപി സർക്കാരും പ്രധാനമന്ത്രിയും മേളയ്ക്ക് നൽകിയ വാർത്താപ്രാധാന്യം ആൾക്കാരെ സ്വാധീനിച്ചെന്നും സിപിഎം ഭരിക്കുന്ന കേരളത്തിൽ നിന്ന് വളരെയധികം ആൾക്കാർ കുംഭ്മേളയിൽ പങ്കെടുക്കാൻ പോയത് ഈ സ്വീകാര്യതയുടെ ഭാഗമാണെനും സമർത്ഥിക്കുകയാണ് സിന്ധു ചെയ്യുന്നത്. ഈ പരാമർശങ്ങളെ ബിജെപി എതിർക്കേണ്ട യാതൊരു ആവശ്യവുമില്ല.

kumbhamelabathing

എന്നാൽ പരിപാടിയിലെ ചില പരാമർശങ്ങളിലെ വസ്തുതാപരമായ പിശകുകളാണ് വിമർശിക്കപ്പെടേണ്ടതെന്ന് നിരീക്ഷകർ പറയുന്നു. കുംഭമേളയിൽ പങ്കെടുത്ത 66 കോടി ആളുകളും ഹിന്ദുക്കളായിരിക്കണമെന്നില്ല. ഇന്ത്യയിലെ ഹിന്ദുക്കളുടെ പകുതി അവിടെയെത്തി എന്നും കണക്കാക്കാനാവില്ല.


പലതവണ എത്തുന്നവരും വിദേശത്തുനിന്നും എത്തുന്നവരും ഇതരമതസ്ഥരും ദീർഘകാലം തങ്ങുന്നവരും ഒക്കെ ഈ കണക്കിൽ ഉൾപ്പെടും. സാക്ഷരതയും മതവിശ്വാസവും തമ്മിൽ ബന്ധമുണ്ടെന്ന പരാമർശവും അബദ്ധമാണ്. അവ തമ്മിൽ ബന്ധമൊന്നും ഉണ്ടാകേണ്ടതില്ലെന്നാണ് പൊതു വിലയിരുത്തൽ.


വിദ്യാഭ്യാസവും മതവിശ്വാസവും രണ്ടു ദിശകളിൽ സഞ്ചരിക്കേണ്ട കാര്യങ്ങളല്ല. മതാചാരം പിന്തുടരാനുള്ള അവകാശം നമുക്ക് നമ്മുടെ ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. അത് സാക്ഷരർക്കും നിരക്ഷകർക്കും ഒരുപോലെയാണ്.

പ്രയാഗ് രാജിൽ 144 വർഷങ്ങൾക്കുശേഷം നടന്ന മഹാ കുംഭമേള ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26നാണ് സമാപിച്ചത്. 45 ദിവസമായി നീണ്ടുനിന്ന തീർത്ഥാടനത്തിൽ 66 കോടിയിലധികം ഭക്തരാണ് ഒഴുകിയെത്തിയത്.

കുംഭമേളയുടെ ഭാഗമായി 15,000ൽ അധികം ശുചിത്വ തൊഴിലാളികളും 2000ൽപരം ഗംഗ സേവ ദൂതുകളുമാണ് യാതൊരു വിശ്രമവും ഇല്ലാതെ ജോലി ചെയ്തതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.


അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി പ്രയാഗ്‌ രാജിൽ 7000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എഐ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ചെറു അനക്കങ്ങൾ പോലും വ്യക്തതയോടെ പകർത്താൻ കഴിയുന്ന 2700 സിസിടിവി ക്യാമറകളാണ് മേളയിലൊട്ടാകെ വിന്യസിച്ചിരുന്നത്. കൂടാതെ, 40000 പൊലീസുകാരെയും സുരക്ഷയുടെ ചുമതല ഏൽപ്പിച്ചിരുന്നു.


രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ മഹാകുംഭമേള പകരുന്ന കരുത്ത് വളരെ വലുതാണ്. രണ്ടു മുതൽ മൂന്ന് ലക്ഷം കോടിയുടെ വരുമാനമാണ് ആറാഴ്‌ചകളിൽ അധികം നീണ്ടു നിൽക്കുന്ന മഹാകുംഭമേള രാജ്യത്തിന് നൽകുന്നത്. ഇന്ത്യൻ ജിഡിപിയുടെ വളർച്ചയിൽ 1.5% വർദ്ധനവ് കുംഭമേളയുടെ സംഭാവനയാണ്.

kumbhamela 2025

ഓൾ ഇന്ത്യ ട്രേഡേഴ്‌സ് കോൺഫഡറേഷൻ കണക്ക് കൂട്ടുന്നതനുസരിച്ച് 25000 കോടി രൂപയുടെ കച്ചവട വ്യവഹാരം കുംഭമേളയുടെ പരിസരത്ത് നിന്ന് മാത്രം നടന്നു. വിവിധ പൂജാ സാമഗ്രികളുടെ വ്യാപാരം 5000 കോടി പ്രതീക്ഷിക്കുന്നുണ്ട്. 

പാലുത്പ്പന്നങ്ങൾ 4000 കോടിയും, പൂജാ പുഷ്‌പങ്ങൾ വിൽക്കുന്നതിലൂടെ 800 കോടിയുടെയും കച്ചവടമുണ്ടായെന്നും കോൺഫഡറേഷൻ കണക്കുകൂട്ടുന്നു. 6000 കോടിയുടെ ബിസിനസാണ് കുംഭമേളയിൽ ആതിഥ്യമരുളുന്നതിലൂടെ ഹോസ്‌പിറ്റാലിറ്റി മേഖലയിൽ നടക്കുന്നു. 4000 ഹെക്‌ടറിലാണ് താൽക്കാലിക ടൗൺഷിപ്പ്.

Advertisment