തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ലഹരി മാഫിയാ കേന്ദ്രമായി കേരളം മാറുന്നതിനിടെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍കൂടി പുറത്ത്.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന യുവാക്കളില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ലഹരി വ്യാപനത്തിലും ഉപയോഗത്തിലും പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ ശക്തമായ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി മാറുന്നത് പതിവായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ രാഷ്ട്രീയത്തിലെത്തി യുവജനസംഘടനകളില്‍ ഉള്‍പ്പെടെ സജീവ സാന്നിധ്യവും ഭാരവാഹികളുമായി മാറും. ഇതോടെ ഇവര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ക്ക് രാഷ്ട്രീയ നിറം കൈവരും.
പരാതികള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ സൃഷ്ടിക്കുന്നതാണെന്നാണ് ഇവരുടെ പ്രചരണം. പെട്ടെന്ന് ആരും അങ്ങനെ ചിന്തിക്കുകയുമില്ല. കാരണം നാട്ടില്‍ കിറ്റ് വിതരണത്തിലും ബക്കറ്റ് പിരിവിലും ആശുപത്രി ശുചീകരണത്തിലുമൊക്കെ ഇവര്‍ സജീവ സാന്നിധ്യമാകും.
/sathyam/media/media_files/2025/03/04/eRKYFndeKcIK6qIxBBKv.jpg)
ഭരിക്കുന്ന പാര്‍ട്ടികളിലാണ് ഇവര്‍ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. ഇനി ഇവര്‍ക്കെതിരെ പരാതി ഉണ്ടായാലും സംരക്ഷിക്കാന്‍ നേതൃത്വവും നേതാക്കളും തയ്യാറാണ്.
പാര്‍ട്ടിക്കുവേണ്ടിയുള്ള ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇവരെ പെട്ടെന്ന് കൈയ്യൊഴിയാനും നേതാക്കള്‍ക്ക് കഴിയില്ല. അതിനാലാണ് രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്ക് ലഹരി മാഫിയ നുഴഞ്ഞുകയറുന്നത്.
ലഹരിമാഫിയകളുടെ ഭാഗമായ ഒരേടീമില്‍ തന്നെയുള്ള ചെറുപ്പക്കാര്‍ രണ്ടും മൂന്നും പാര്‍ട്ടികളിലായി ചിതറി പ്രവര്‍ത്തിക്കുന്നതും പതിവാണ്.
കുറെപേര്‍ സിപിഎം, കുറേപേര്‍ കോണ്‍ഗ്രസ്, കുറേപേര്‍ ബിജെപി എന്ന നിലയിലാണ് പ്രവര്‍ത്തനം. ഇതോടെ എല്ലാ പാര്‍ട്ടികളുടെയും പരിഗണന ഇവര്‍ക്ക് കിട്ടും. മറ്റ് പാര്‍ട്ടികള്‍ ഇവരെ എതിര്‍ക്കുന്നത് ആ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ തടയും.
/sathyam/media/media_files/2025/03/04/STYhThlxpsAXCogA71ct.jpg)
ലഹരി വ്യാപനത്തിനെതിരെ പരാതി കൊടുക്കുന്നവരെ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഉപദ്രവിക്കുന്നതും ഇവരുടെ പതിവാണ്.
പരാതി കൊടുക്കുന്നവരുടെ വീട് പണി നടക്കുന്നിടത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തടയുക, അവരുടെ ഭാഗത്ത് റോഡ് പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രതികാര നടപടികളിലൂടെ എതിര്‍ക്കുന്നവരെ ഒതുക്കുന്നതും പതിവുതന്നെ.
നാട്ടിന്‍പുറങ്ങളിലെ പഞ്ചായത്ത് റോഡുകളും റബര്‍തോട്ടങ്ങളുമൊക്കെയാണ് ഇവരുടെ താവളം. ലഹരി തലയ്ക്കു പിടിച്ചാല്‍ റോഡില്‍ വാഹനം നിര്‍ത്തിയിട്ട് നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക ഇവരുടെ വിനോദമാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ലഹരിസംഘാംഗങ്ങളെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും, ഇത്തരക്കാരെ പാര്‍ട്ടികളില്‍ നിന്നൊഴിവാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.