/sathyam/media/media_files/2025/03/05/dIWiTX6aABG5KpxxohaU.jpg)
തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന നിലപാടിൽ 'വെള്ളം ചേർത്ത്' സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നുമാണ് നിലവിൽ അദ്ദേഹത്തിന്‍റെ നിലപാട്.
ഭരണഘടനാപരമായി തന്നെ സി.പി.എമ്മുകാർക്ക് മദ്യപിക്കാൻ അനുവാദമില്ലെന്നും അങ്ങനെ മദ്യപിക്കുന്നവരെ ചൂണ്ടിക്കാട്ടിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറാണെന്നും മുമ്പ് അദ്ദേഹം തന്നെ പറഞ്ഞതാണ് നിലവിൽ തിരുത്തിയത്.
പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാനാവില്ലെങ്കിലും ബാറ് നടത്തുന്നതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. പൊതുസമൂഹത്തിൽ മദ്യം വിൽക്കുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്നതിൽ കുഴപ്പമില്ലെങ്കിലും പാർട്ടി അംഗമായിട്ടുള്ളവർ മദ്യപിക്കാൻ പാടില്ലെന്നതാണ് സി.പി.എം നയമെന്നാണ് വിശദീകരണം.
എല്ലാക്കാലത്തും ചില സി.പി.എം നേതാക്കൾ മദ്യപാന, പുകവലി ശീലമുള്ളവരാണ്. അത് തമസ്‌ക്കരിച്ചുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന ഏറെ വിവാദവും അതിലേറെ പരിഹാസ്യവുമായിപ്പോയി എന്നാണ് പാർട്ടിക്കുള്ളിലെ ചില നേതാക്കൾ തന്നെ അടക്കം പറയുന്നത്.