Advertisment

പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്‌ഡിപിഐയെയും നിരോധിക്കാനൊരുങ്ങി കേന്ദ്രം. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ. മുന്നണികൾക്ക് ഭരണം നിലനിർത്താൻ പിന്തുണ. കേരളത്തിലടക്കം റെയ്ഡ് പരമ്പരയുമായി എൻഐഎ. ഗൾഫിൽ നിന്നടക്കം നിയമവിരുദ്ധമായി പണമെത്തുന്നു. പോപ്പുലർ ഫ്രണ്ട് കോടികൾ എസ്‌ഡിപിഐയ്ക്ക് നൽകിയതിന് തെളിവ്. നിരോധനത്തിന് അരങ്ങൊരുക്കി എൻഐഎയും ഇഡിയും

രാജ്യത്താകെ എസ്.ഡി.പി.ഐ ഓഫീസുകളിൽ റെയ്ഡുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയ്ക്കെതിരേ ഇ.ഡിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐയെ നിരോധിക്കാനാണ് കേന്ദ്രനീക്കം.

New Update
nia ed
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്.ഡി.പി.ഐയെയും രാജ്യത്ത് നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. തിരുവനന്തപുരം പാളത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തുകയാണ്.

Advertisment

രാജ്യത്താകെ എസ്.ഡി.പി.ഐ ഓഫീസുകളിൽ റെയ്ഡുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയ്ക്കെതിരേ ഇ.ഡിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐയെ നിരോധിക്കാനാണ് കേന്ദ്രനീക്കം.


കേരളത്തിൽ നിരവധി പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും എസ്.ഡി.പി.ഐയ്ക്ക് ജനപ്രതിനിധികളുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മുന്നണികൾ ഭരണം നിലനിർത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുമുണ്ട്.


2022 സെപ്തംബറിലാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. കേരളത്തിലടക്കം അവരുടെ ഓഫീസുകൾ പൂട്ടി സീൽവച്ചു. കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റർ എൻ.ഐ.എ ഉദ്യോഗസ്ഥരെത്തി സീൽചെയ്തു. കാമ്പസ് ഫ്രണ്ട് അടക്കം മറ്റ് നിരോധിത സംഘടനകളുടെ ഓഫീസും പൂട്ടിയിരുന്നു.

നിരോധിത സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നേതാക്കളെയും പ്രതിഷേധിക്കുന്നവരെയും കരുതൽ തടങ്കലിലാക്കാനും ജില്ലാ കളക്ടർമാർക്കും എസ്.പിമാർക്കും അധികാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.

നിരോധിത സംഘടനകളുടെ ഭൂരിഭാഗം ഓഫീസുകളും അനാഥാലയങ്ങൾ, സ്കൂളുകൾ, ട്രസ്റ്റ് ഓഫീസുകൾ എന്നിവയ്ക്കൊപ്പമുള്ളതാണ്. ഇവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം താമസക്കാരുമുണ്ട്. ഇവിടെ അടച്ചുപൂട്ടലിന് വിജ്ഞാപനമിറക്കിയാലും താമസക്കാർക്ക് ഉപദ്രവമുണ്ടാകാത്ത തരത്തിൽ നിരോധിത സംഘടനകളുടെ ഓഫീസുകൾ മാത്രം അടച്ചുപൂട്ടുകയായിരുന്നു.


പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ അഭിപ്രായം തേടിയെങ്കിലും സംസ്ഥാനം അനുകൂലിച്ചിരുന്നില്ല. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യൂ കൊല്ലപ്പെട്ടതിനെത്തുടർന്ന് നിരോധനം സജീവ ചർച്ചയായപ്പോഴും സർക്കാരും പാർട്ടിയും അനുകൂലിച്ചിരുന്നില്ല.


കേന്ദ്രസർക്കാർ അഭിമന്യൂ കൊലപാതകത്തിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്റലിജൻസ് മേധാവിയെ വിളിച്ചുവരുത്തി ഗവർണർ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. നിരോധനം ശാശ്വത പരിഹാരമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് 31 പേരെ എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

2001ൽ സിമിയെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ്) നിരോധിച്ചപ്പോൾ എൻ.ഡി.എഫും പിന്നീട് പോപ്പുലർ ഫ്രണ്ടുമുണ്ടായെന്നും സിമിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ പോപ്പുലർ ഫ്രണ്ടിലുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.

അതിനാൽ അവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും കുറ്റകൃത്യങ്ങൾക്കെതിരേ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് സർക്കാർ നിലപാട്.


എന്നാൽ തീവ്രവാദ ബന്ധം, കള്ളപ്പണ ഇടപാട്, വർഗ്ഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തി സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഉത്തർപ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങൾ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്.


ഇസ്ലാമിക് സ്‌റ്റേറ്റ്  അടക്കം വിവിധ ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള ചിലയാളുകൾ ഭീകരസംഘടനയായ ഇതിൽ ചേർന്നിട്ടുണ്ടെന്നും എൻ.ഐ.എ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെ കൊലപ്പെടുത്താൻ കേരളത്തിലാണ് പരിശീലനം നൽകുന്നത്.

കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എം.എൽ.എയുമായ തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും പ്രതിയായ ഫർഹാൻ പാഷക്ക് പരിശീലനം നൽകിയത് കേരളത്തിൽ വച്ചായിരുന്നുവെന്നും കർണാടക പൊലീസ് കണ്ടെത്തിയിരുന്നു.

തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് പരീശിലനം നടത്തിയതെന്നാണ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെയും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയെയും നിരോധിക്കാൻ അന്ന് കർണാടക സർക്കാർ ശുപാർശ ചെയ്തിരുന്നു.


എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎഫ്ഐയും എസ്‌ഡി‌പിഐയും ഒന്നാണെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാൻ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്‌ഡി‌പിഐ രൂപീകരിച്ചത്.


എസ്‌ഡി‌പിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണ്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്.

ഗൾഫിൽ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്‌ഡി‌പിഐക്ക് പിഎഫ്ഐ അനുവാദം നൽകി.


സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിച്ചത് പോപ്പുലർ ഫ്രണ്ടാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡി‌പിഐക്ക് നൽകിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോർട്ട് പറയുന്നു.


പിഎഫ്ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററിൽ നിന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി.

അതേസമയം, ഇഡി ആരോപണം വഫഖ് ബില്ലിനെതിരെ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പകപോക്കലാണെന്ന് എസ്‌ഡി‌പിഐ നേതൃത്വം ആരോപിച്ചു

Advertisment