തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെ അച്ചടക്കം പഠിപ്പിക്കാൻ വടിയെടുത്ത് എ.ഐ.സി.സി നേതൃത്വം. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിൽ പാർട്ടിനയം ലംഘിക്കുന്നവരെയും സംഘടനയിൽ അനൈക്യമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കൈകാര്യം ചെയ്യാൻ രണ്ട് കൽപ്പിച്ചുള്ള തീരുമാനമാണ് നേതൃത്വം എടുത്തിട്ടുള്ളത്.
ആദ്യം വിശദീകരണം ചോദിച്ച ശേഷം തൃപ്തികരമെങ്കിൽ നടപടി താക്കീതിലൊതുക്കും. എന്നിട്ടും വഴങ്ങുന്നില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താകേണ്ടിവരുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്.
ഇനി എന്തെങ്കിലും ഇത്തരത്തിൽ നീക്കമുണ്ടായാൽ കെ.പി.സി.സി ഭാരാവാഹികളാണെങ്കിലും നേതാക്കൻമാരാണെങ്കിലും അവരുടെ പേര് സഹിതം റിപ്പോർട്ട് നൽകാനാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയോട് ആവശ്യപ്പെട്ടട്ടുള്ളത്.
ഹൈക്കമാന്റിന്റെ തക്കസമയത്തുള്ള ഇടപെടലിന് ശേഷം സംസ്ഥാനത്തെ പാർട്ടിയിൽ അപശബ്ദങ്ങൾ നിലച്ചുവെന്നും ദേശീയ നേതൃതവം വിലയിരുത്തുന്നു. പാർട്ടിയിൽ ഐക്യസന്ദേശം താഴേത്തട്ടിലേക്ക് നൽകണമെന്ന നിർദ്ദേശം കെ.പി.സി.സി പാലിക്കുന്നുണ്ടോയെന്നും കർശനമായ നിരീക്ഷണമാണ് നടക്കുന്നത്.
അടുത്തയാഴ്ച്ച ചേരുന്ന ഭാരവാഹിയോഗത്തിൽ ഇതുസംബന്ധിച്ച ചില സുപ്രധാന നിർദ്ദേശങ്ങളാവും നൽകുക. അനാവശ്യ വിവാദങ്ങൾ കൊണ്ട് സി.പി.എമ്മിന് വീണ്ടും സാദ്ധ്യത നൽകരുത്. അടുത്ത തവണ ഭരണം പിടിക്കണമെന്നും അതിന് ഇപ്പോൾ തദ്ദേശത്തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച പ്രവർത്തിക്കണമെന്നുമാണ് നിർദ്ദേശം.
പാർട്ടിയിലെ പ്രധാന കൂടിയാലോചനകൾക്ക് പ്രത്യേക കോർകമ്മറ്റി രൂപീകരിക്കാനുള്ള നടപടികൾ ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുണ്ടാവും. കമ്മിറ്റിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ്, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, പ്രവർത്തകസമിതിയംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുക.
നിലവിൽ നാൽപത് അംഗങ്ങളുള്ള രാഷ്ട്രീയകാര്യസമിതി പെട്ടെന്ന് ചേരുകയെന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലാണ് കോർ കമ്മിറ്റിയെന്ന ആശയത്തിലേക്ക് പാർട്ടി എത്തിപ്പെടാനുള്ള കാരണം. എന്നാൽ രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും ആളുകളെ കുറച്ച് അത് തന്നെ കോർ കമ്മിറ്റിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രാദേശിക തലത്തിൽ നടക്കുന്ന കുടുംബസംഗമങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത മാസം മണ്ഡലം തലത്തിൽ നടത്തുന്ന പദയാത്രകളിലേക്ക് പാർട്ടി കടക്കും. അതിന് ശേഷം തദ്ദേശത്തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിയന്ത്രിക്കാൻ എ.ഐ.സി.സിയിൽ നിന്നും പ്രത്യേക സംഘമെത്തുമെന്നും വിലയിരുത്തപ്പെടുന്നു.
കോൺഗ്രസ് പുന:സംഘടനയും ശശി തരൂരിന്റെ ലേഖനവും പ്രതികരണങ്ങളുണ്ടാക്കിയ വിവാദവും എ.ഐ.സി.സി ഇടപെടലോടെ അവസാനിച്ചതിനാൽ പാർട്ടി വീണ്ടും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് വേഗത്തിൽ കടക്കുമെന്നും ഇതിനിടയിൽ ഉചിതമായ സമയത്ത് പുന:സംഘടന നടക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.