തിരുവനന്തപുരം: ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രഖ്യാപനം, 2021 മുതൽ സർക്കാർ ആവർത്തിക്കുന്നതാണ്. ഇതിനകം 10 ലക്ഷം പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു എന്നാണ് അവകാശ വാദമെങ്കിലും കേരളത്തിൽ തൊഴിലില്ലാപ്പട പെരുകുകയാണ്.
കേന്ദ്രകണക്കനുസരിച്ച് സംസ്ഥാനങ്ങളിൽ ഗോവ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലാണ്. 15 മുതൽ 29 വയസ്സു വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനവും കേരളമാണ്.
2021 നവംബറിൽ സർക്കാർ തൊഴിലില്ലായ്മ നേരിടാൻ മഹാദൗത്യം പ്രഖ്യാപിച്ചിരുന്നു. 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ എന്നതായിരുന്നു അന്നത്തെ പ്രഖ്യാപനം.
ഇതിന്റെ ആദ്യപടിയായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) കേരള നോളജ് എക്കോണമി മിഷൻ തയാറാക്കിയ പദ്ധതിരേഖ മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പിന്തുണ നൽകുന്നതിനൊപ്പം മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനാവുന്ന തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇതിനായി തൊഴിൽദായകരെയും തൊഴിലന്വേഷകരെയും പരിശീലകരെയും പൊതുസംവിധാനമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഏകോപിപ്പിക്കാനും തീരുമാനിച്ചിരുന്നതാണ്.
ലോകമെങ്ങുമുള്ള തൊഴിൽ കൈയെത്തിപ്പിടിക്കാൻ 247 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫ്രീലാൻസ് മാർക്കറ്റ് ശ്രുംഖലയായ ഫ്രീലാൻസർ ഡോട്ട് കോം, വിദേശരാജ്യങ്ങളിലടക്കം പ്രവർത്തനമുള്ള റിക്രൂട്ട്മെന്റ് പോർട്ടൽ മോൺസ്റ്റർ എന്നിവയുമായി കൈകോർക്കും.
ലോകമാകെ 40,000 തൊഴിൽദാതാക്കളുടെ മൂന്നുലക്ഷത്തിലേറെ തൊഴിൽ അവസരങ്ങൾ ഫ്രീലാൻസർ ഡോട്ട് കോം അവതരിപ്പിക്കുന്നുണ്ട്. തൊഴിൽ ഉറപ്പാക്കൽ മാത്രമല്ല, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ ചലനമുണ്ടാക്കാനുള്ള നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുക്കും.
ഇതിനായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയുടെ സമൂലപരിഷ്കരണത്തിനായി മൂന്നു സമിതികളെ നിയോഗിച്ചിട്ടുണ്ട്. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പരിശീലനം ലഭ്യമാക്കും.
തിരിച്ചെത്തിയ പ്രവാസികൾക്കും അദ്ധ്യാപകർക്കും വിദഗ്ദ്ധപരിശീലനം നൽകും. വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവ പ്രോത്സാഹിപ്പിക്കും. മുപ്പതിനായിരം രൂപയെങ്കിലും വരുമാനമുള്ള ജോലികളായിരിക്കും ലക്ഷ്യം.
പക്ഷേ ഇതൊക്കെ പ്രഖ്യാപനങ്ങൾക്കപ്പുറം പ്രാവർത്തികമായില്ലെന്നാണ് കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ചൂണ്ടിക്കാണിക്കുന്നത്.
40 ലക്ഷം തൊഴിൽരഹിതരായ അഭ്യസ്തവിദ്യർ കേരളത്തിലുണ്ടെന്നും 16 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷനെടുത്ത് ജോലി കാത്തിരിക്കുകയാണെന്നുമാണ് കണക്ക്.
ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് സംസ്ഥാനത്ത് പത്ത് ലക്ഷം പേർക്ക് കൂടി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുമെന്നാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രഖ്യാപനം.
3,30,000 കോടിയുടെ പുതിയ സംരംഭക പ്രവർത്തനങ്ങളിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ എന്നതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം. ഇതിൽ 10 ലക്ഷം പേർക്ക് തൊഴിൽ കിട്ടാനുള്ള സംവിധാനങ്ങളായെന്നും പാർട്ടി അവകാശപ്പെടുന്നു.
സംരംഭപ്രവർത്തനങ്ങളിലൂടെയും വ്യാവസായിക ശൃംഖലകളിലൂടെയും അഭ്യസ്‌തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചു.
കേരളത്തിന്റെ ഐടി മേഖല കൂടുതൽ ശക്തിപ്പെട്ടു. പത്തുലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഒന്നേകാൽ വർഷംകൊണ്ട് അതിതീവ്ര ശ്രമത്തിലൂടെ പത്തുലക്ഷം യുവതീയുവാക്കൾക്കുകൂടി തൊഴിൽ ലഭ്യമാക്കും.
1.52 ലക്ഷം കോടിയുടെ പുതിയ നിക്ഷേപവാഗ്ദാനമാണ് ഉണ്ടായിരിക്കുന്നത്. അവയെല്ലാം നടപ്പാക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം, കൊച്ചി–കോയമ്പത്തൂർ ഇടനാഴി, ഐടി രംഗത്തെ മുന്നേറ്റം, സംരംഭങ്ങൾ എന്നിവയെല്ലാം വലിയ മാറ്റമുണ്ടാക്കും. ഏഴരലക്ഷം പേർക്ക് തൊഴിൽനൽകുന്ന 3.30 ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നും സി.പി.എം അവകാശപ്പെടുന്നു.