തിരുവനന്തപുരം: യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട പ്രധാന കാര്യം ഇതാണ് - കോൺഗ്രസിൽ ഐക്യം രൂപപ്പെട്ടാല്‍ മാത്രം പോരാ, അത് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടി വേണമെന്ന്.
യു.ഡി.എഫിനെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ മുന്നണിയുടെ കെട്ടുറപ്പ് ഉറപ്പാക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന നിലപാട് സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയോട് ഉന്നയിച്ചത് മുസ്ലിം ലീഗാണ്.
ദീപാദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലീഗ് പാർട്ടി നിലപാട് അറിയിച്ചത്. പൊതു സമൂഹത്തിൽ ആശയ കുഴപ്പം ഉണ്ടാക്കുന്നതും വലത് മുന്നണിയിൽ ആകെ ഭിന്നതയാണെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുതെന്നും മുസ്ലിം ലീഗിന് വേണ്ടി കൂടിക്കാഴ്ചക്കെത്തിയ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന ഉത്തരവാദിത്തം കോൺഗ്രസ് പ്രകടിപ്പിക്കണം. അക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ മുന്നണിയുടെ ആകെ രാഷ്ട്രീയ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/media_files/kPjexr2no2HDxXjw3NXU.jpg)
മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുളള തർക്കവും ശശി തരൂർ നടത്തിയ പ്രതികരണങ്ങളും കോൺഗ്രസിലെ മറ്റ് സംഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കൊണ്ടാണ് ലീഗ് നേതൃത്വം നിലപാട് അറിയിച്ചത്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ മൂർച്ഛിച്ചതിന് പിന്നാലെ ഹൈക്കമാൻഡ് നേതൃത്വത്തെ കണ്ട് ആശങ്കയറിയിക്കാൻ ലീഗ് നേതൃത്വം ആലോചിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഒരുമിച്ച് പോകണമെന്ന് ഹൈക്കമാൻഡ് അന്ത്യശാസനം നൽകിയത്. തുടർച്ചയായി മൂന്നാം തവണയും അധികാരം പിടിക്കുക ലക്ഷ്യമിട്ട് സി.പി.എം ശക്തമായി മുന്നോട്ടുപോകാനിരിക്കെ കോൺഗ്രസിൽ ഉണ്ടാകുന്ന ഏത് അപസ്വരവും യു.ഡി.എഫിനെ സാരമായി ബാധിക്കുമെന്ന ആശങ്ക ലീഗ് അടക്കമുളള എല്ലാ ഘടകകക്ഷികൾക്കുമുണ്ട്.
ഭരണത്തിൽ ഹാട്രിക് തികയ്ക്കാനാകുമെന്ന ആത്മവിശ്വാസം സി.പി.എമ്മിന് ഉണ്ടാകാനുളള പ്രധാന കാരണം കോൺഗ്രസിലെ അന്തഛിദ്രങ്ങളാണെന്ന് ഘടകകക്ഷികൾക്ക് ബോധ്യമുണ്ട്. ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ കോൺഗ്രസിൽ അധികാരത്തർക്കമാണെന്ന പ്രചരണം സി.പി.എം കേന്ദ്രങ്ങൾ അഴിച്ചുവിടുമെന്നും ലീഗ് കരുതുന്നു.
സി.പി.എമ്മിൻെറ സംഘടനാ ശേഷിയുടെ ശക്തികൊണ്ട് പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടാൽ അത് ജനങ്ങളെ കുറെയെങ്കിലും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് ലീഗ് അടക്കമുളള ഘടകകക്ഷികളുടെ വിലയിരുത്തൽ. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും തർക്കങ്ങൾ കൂടാതെ പൂർത്തിയാക്കി നേരത്തെ പ്രചാരണം തുടങ്ങണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
ഹൈക്കമാൻഡ് പ്രതിനിധിയുമായുളള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷനെ അറിയിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ചക്ക് ശേഷം പറഞ്ഞു. പാർട്ടിയിൽ സംസാരിച്ച ശേഷം എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ മാധ്യമങ്ങളോട് പറയാമെന്നും പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടി കോൺഗ്രസിന് അകത്തെ തർക്കങ്ങൾ ചർച്ചയായോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ഹൈക്കമാൻഡുമായുളള ചർച്ചക്ക് ശേഷം കേരളത്തിലെ കോൺഗ്രസിൽ ഉണ്ടായ ഐക്യവും പോസിറ്റീവായ മറ്റ് മാറ്റങ്ങളും താഴെത്തട്ട് വരെ എത്തിക്കണമെന്ന് ആർ.എസ്.പി നേതൃത്വവും ആവശ്യപ്പെട്ടു. കോൺഗ്രസിൽ ഉണ്ടായ ഐക്യം പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ല.
ഡൽഹി യോഗത്തിനുശേഷം മുൻകാലങ്ങളിൽ ഇല്ലാത്ത ഐക്യമാണ് കേരളത്തിലെ കോൺഗ്രസിൽ സംഭവിച്ചിരിക്കുന്നത്. എന്നാൽ പൊതുസമൂഹത്തെ കൂടി അത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള നടപടികൂടി ഉണ്ടാകണം. ഘടകകക്ഷിളുമായി ഹൈക്കമാൻഡ് ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്ന പതിവ് മുൻപ് ഉണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് അത് നിലച്ചു.
/sathyam/media/media_files/SEehm4zZmtxtZjMby8bG.jpg)
ഇപ്പോഴത്തെ ചർച്ചകളെ നല്ല സൂചനയായി കാണുന്നുവെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി ഷിബു ബേബിജോൺ മാധ്യമങ്ങളോട് പറഞ്ഞു. ഈവർഷം ഡിസംബറിൽ നടക്കാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പുമാണ് ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലെ മുഖ്യവിഷയം.
ഐക്യത്തോടെ കോൺഗ്രസ് മുന്നോട്ട് പോയാൽ രണ്ട് തിരഞ്ഞെടുപ്പിലും ജയിക്കാൻ കഴിയുമെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. കോൺഗ്രസിലെ ഐക്യം കർശനമായി നിലനിർത്തും എന്നതാണ് ഹൈക്കമാൻഡ് ഘടകകക്ഷികൾക്ക് നൽകുന്ന ഉറപ്പ്.