മുഖാമുഖം നോക്കാതെ കടിച്ചുകീറിയ ഗവർണറും മുഖ്യമന്ത്രിയും പഴങ്കഥ. സർക്കാരുമായി കൈകോർത്ത് പുതിയ ഗവർണർ. ടീം കേരളയിൽ ഗവ‌ർണറും ഉണ്ടെന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് ഗവർണർ. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ കാണാനും ഗവർണർ മുഖ്യമന്ത്രിക്കൊപ്പം. ഇത് കേരളത്തിന് ഗുണകരമായ പുതിയ തുടക്കം

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി മുന്നോട്ടുപോവുമെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

New Update
pinarai vijayan rajenda viswanath arlekar-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന് മുമ്പാകെ അവതരിപ്പിക്കാനും കൂടുതൽ സഹായം നേടിയെടുക്കാനും മുഖ്യമന്ത്രിക്കൊപ്പം ഗവർണറും നേരിട്ടിറങ്ങിയത് കേരളത്തിൽ പുതിയൊരു അനുഭവമായി.

Advertisment

മുഖാമുഖം നോക്കാതെ മുഖ്യമന്ത്രിയും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വർഷങ്ങളോളം പോരിലായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയൊരു നിലപാടിലാണ്.


എല്ലാ കാര്യങ്ങളിലും സർക്കാരുമായി ഒത്തുപോകുന്ന നയമാണ് അദ്ദേഹത്തിന്റേത്. കേരളത്തിൻ്റെ  പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം എത്തിയത് സംസ്ഥാനത്തിനാകെ അഭിമാനകരമാണ്.


ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ തേടി എം.പിമാരുടെ യോഗം ഇന്നലെ ഡൽഹിയിൽ ഗവർണർ വിളിച്ചുചേർത്തിരുന്നു. ഇതിൽ മുഖ്യമന്ത്രിയും പങ്കെടുത്തു. എം.പിമാർക്കും മുഖ്യമന്ത്രിക്കും ഗവർണർ വിരുന്നും നൽകി.

ഇന്ന് കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനെ കാണാൻ മുഖ്യമന്ത്രിക്കൊപ്പം ഗവർണറും എത്തി. കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരാണ് നിർമ്മലയുമായി കൂടിക്കാഴ്ച നടത്തിയത്.


ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം  പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.


nirmala sitaraman pinarai vijayan visit

ഗവർണറും മുഖ്യമന്ത്രിയും രണ്ട് അധികാര കേന്ദ്രങ്ങൾ എന്ന രീതിയിൽ നിൽക്കുന്നതിന് പകരം ഒരുമിച്ച് മുന്നോട്ടു പോവുന്ന പുതിയ സംസ്കാരമാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. 

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി മുന്നോട്ടുപോവുമെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.


കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു. 


ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarai vijayan rajendra viswanath arlekar

കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനുമാണ് മുഖ്യമന്ത്രിയും എം.പിമാരുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്.


പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ യോഗം വിളിച്ചത്. ഗവർണറുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. 


കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ഹൈബി ഈഡൻ, കെ.സി വേണുഗോപാൽ, ആന്റോ ആന്റണി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ.എ റഹിം, ജോസ് കെ.മാണി, ഹാരീസ് ബീരാൻ, പി.പി സുനീർ, പി.വി അബ്ദുൾ വഹാബ്, പി.ടി ഉഷ, ഡോ.വി ശിവദാസൻ, ജെബി മേത്തർ, പി.സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.