തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡത്തിൽ തട്ടി പാർട്ടി സംഘടനാ സംവിധാനത്തിൽ നിന്നും പുറത്തായവരുടെ പ്രവർത്തനം സംബന്ധിച്ച് മാർഗരേഖയിറക്കാൻ സി.പി.എം നീക്കം.
കമ്മിറ്റികളിൽ നിന്നും പുറത്തായ നേതാക്കളുടെ പ്രവർത്തനം ഏത് ഘടകത്തിൽ വേണമെന്ന് കൃത്യമായി വിവക്ഷിക്കുന്ന മാർഗരേഖയാവും പാർട്ടി കൊണ്ടുവരിക.
മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺ്രഗസിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രക്കമ്മറ്റിയുടെ അനുമതിയോടെയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഓരോ സമ്മേളന കാലത്തും നിരവധി പേർ ഇങ്ങനെ പുറത്ത് പോകുന്നതോടെ പാർട്ടിക്ക് മുതൽക്കൂട്ടാകേണ്ട അവരുടെ പ്രവർത്തന പരിചയവും നേതൃപാടവവും വേണ്ട വിധം ഉപയോഗിക്കാനാവാത്തതും സി.പി.എമ്മിനെ അലട്ടുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ സംസ്ഥാനത്ത് പാർട്ടി സംഘടനയിൽ നിന്നും പുറത്തായവരുടെ അപ്രീതി തിരഞ്ഞെടുപ്പ് വർഷത്തിൽ സി.പി.എമ്മിനെ പ്രത്യക്ഷത്തിലോ പരോക്ഷമായോ ബാധിക്കുമോയെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്.
അതുകൊണ്ട് തന്നെ അവരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയെന്ന അടവുനയമാവും പാർട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രായപരിധിയിൽ തട്ടി പുറത്ത് പോയവർ പ്രവർത്തിച്ചിരുന്ന ഘടകത്തിന് തൊട്ടുതാഴെയുള്ള ഘടകത്തൽ പ്രവർത്തിക്കാൻ പാർട്ടി അനുമതി നൽകിയിരുന്നു.
ഇതിൽ തന്നെ മുതിർന്ന നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണതാക്കളായി ഉൾപ്പെടുത്തിയിരുന്നു. വി.എസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി.കരുണാകരൻ, എം.എം മണി, കെ.ജെ തോമസ്, ആനത്തലവട്ടം ആനന്ദൻ എന്നിവരെയാണ് കഴിഞ്ഞ തവണ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നത്.
/sathyam/media/media_files/2025/03/12/bQYxWjZvaeqM1yIo0bMe.jpg)
ഇക്കഴിഞ്ഞ കൊല്ലം സമ്മേളനത്തിൽ സി.പി.എമ്മിൽ നിന്ന് 15 മുതിർന്ന നേതാക്കളാണ് പുറത്ത് പോയത്. കേന്ദ്രക്കമ്മറ്റിയംഗമായ എ.കെ ബാലൻ, പി.കെ ശ്രീമതി, ആനാവൂർ നാഗപ്പൻ തുടങ്ങി പ്രമുഖരുടെ നിരയും പ്രത്യേക ക്ഷണിതാക്കളും കളമൊഴിഞ്ഞിരുന്നു.
പി.ബിയിൽ നിന്നും പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരും പുറത്തുപോകും. ഇവർക്കും പ്രത്യേകമായ പ്രവർത്തന മാനദണ്ഡങ്ങളാവും പാർട്ടി കൊണ്ടുവരിക.
/sathyam/media/media_files/2025/03/12/aaW1zxSRqmDCHedJXynP.jpg)
ഇതിനിടെ പാർട്ടി പദവികൾ സ്വമേധയാ ഉപേക്ഷിച്ച് പുറത്ത് പോയവരുടെ കാര്യത്തിൽ സി.പി.എം എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
സുരേഷ് കുറുപ്പ്, അയിഷാ പോറ്റി, ജെയിംസ് മാത്യു തുടങ്ങി ഒട്ടേറെ പേർ ഇതിനകം തന്നെ തങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മാറിനിൽക്കുന്ന അവസ്ഥയിലാണ്.
/sathyam/media/media_files/2025/03/12/R5hgLi0gn9GliTSPDKhl.jpg)
ഇവരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാനുള്ള ശ്രമങ്ങൾ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്.