/sathyam/media/media_files/2025/03/12/YJWdrJ7cmB7aJdwUUU8o.jpg)
തിരുവനന്തപുരം: ഗവർണറുടെയും ഡൽഹിയിലെ കേരളത്തിൻെറ പ്രതിനിധിയുടെയും കാർമ്മികത്വത്തിൽ നടന്ന പിണറായി വിജയൻ - നിർമല സീതാരാമൻ കൂടിക്കാഴ്ചയും ചർച്ചയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ചുവട് വെയ്പാണോയെന്ന ചർച്ച സജീവമാകുന്നു.
മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന പ്രഖ്യാപനത്തോടെ സി.പി.എം പ്രചാരണം ശക്തമാക്കിയിരിക്കുന്ന ഘട്ടത്തിൽ ഗവർണർ മുൻകൈ എടുത്ത് കേരളത്തിൻെറ ധനപരമായ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഒത്തുതീർപ്പ് ആണോയെന്ന ധാരണ പരക്കാൻ കാരണം.
നിർമലാ സീതാരാമനും പിണറായിക്കുമിടയിലെ ചർച്ചകളിൽ ഗവർണർ മാധ്യസ്ഥം വഹിക്കുന്നതിന് പിന്നിൽ മറ്റേതെങ്കിലും കോർപ്പറേറ്റ് താൽപര്യമുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച നികുതി വിഹിതത്തിൽ കുറവുണ്ടെന്ന് കേരളം പരാതി ഉന്നയിച്ചപ്പോഴും വായ്പാപരിധി വെട്ടിക്കുറച്ചപ്പോഴും മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻെറ സഹായം അനുവദിക്കുന്നില്ലെന്ന പരാതി പറയുമ്പോഴുമൊന്നും അനുഭാവ പൂർണമായ നിലപാട് എടുക്കാതിരുന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇപ്പോൾ പൊടുന്നനെ കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കാണാൻ താൽപര്യം പ്രകടിപ്പിച്ചത് യാദൃശ്ചികമല്ല.
സംസ്ഥാനത്തെ ധനപരമായി ഞെരുക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിന് എതിരെ സമരം ചെയ്യാൻ പോലും ആദ്യമൊക്കെ അറച്ച് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണറുടെ മധ്യസ്ഥതയിൽ കേന്ദ്രധനമന്ത്രിയെ കാണാൻ തയാറായതിലും അസ്വഭാവികതയുണ്ട്.
ഇത് രണ്ടും ഇഴപിരിച്ച് വിലയിരുത്തുമ്പോഴാണ് രാഷ്ട്രീയമായ താൽപര്യങ്ങൾ കടന്നുവരുന്നത്. കേരളത്തിൻെറ ധനപരമായ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനായിരുന്നു ചർച്ചയെങ്കിൽ സംസ്ഥാന ധനമന്ത്രിയോ ചീഫ് സെക്രട്ടറിയോ ധനകാര്യ വകുപ്പിൻെറ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറിയേയോ എന്തുകൊണ്ട് മുഖ്യമന്ത്രി ഒപ്പം കൂട്ടിയില്ല എന്ന ചോദ്യവും പ്രസക്തമാണ്.
അതുപോലെ തന്നെ കേന്ദ്ര ധനമന്ത്രി എന്തുകൊണ്ട് കേന്ദ്ര ധനകാര്യ സെക്രട്ടറിയെ കൂടി ചർച്ചയിൽ പങ്കെടുപ്പിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. പകരം പങ്കെടുത്തത് രാഷ്ട്രീയ ഉപജാപങ്ങളുടെ നീക്കങ്ങളില്‍ വിരുതനായ കെവി തോമസും ഗവര്‍ണറും മാത്രം. അപ്പോൾ കേവലം കേരളം നേരിടുന്ന ധനപ്രതിസന്ധിയല്ല കൂടിക്കാഴ്ചയുടെ അജണ്ടയെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റുപറയാനാകില്ല.
ഗവർണറും മുഖ്യമന്ത്രിയും കാണുന്നതിന് ഔദ്യോഗിക സ്വഭാവം ഉണ്ടെന്ന് വാദിച്ചാലും എന്തായിരുന്നു ചർച്ചയുടെ അജണ്ട എന്ന് കൂടി വ്യക്തമാക്കിയാലെ സംശയത്തിൻെറ പുകമറ നീങ്ങുകയുളളു.
മറ്റൊരു ഗവർണറും ചെയ്യാത്തത് പോലെ സംസ്ഥാന താൽപര്യം മുൻനിർത്തി കേന്ദ്ര സർക്കാരുമായുളള ചർച്ചക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുന്നിട്ടിറങ്ങയിതും സംശയങ്ങൾക്കിട നൽകുന്നുണ്ട്.
ആർ.എസ്.എസ് പ്രവർത്തകനും ഗോവയിലെ മുഖ്യമന്ത്രിയും മന്ത്രിയും ഒക്കെയായിരുന്ന ആർലേക്കർ പൂർവകാല രാഷ്ട്രീയം മറന്ന് പെട്ടെന്ന് തന്നെ ഗവർണർ പദവിയുടെ കർത്തവ്യങ്ങളെ കുറിച്ച് ബോധവാനായതും ചർച്ചക്ക് മധ്യസ്ഥനായതും യാദൃശ്ചികമാണെന്ന് ആരും കരുതുന്നില്ല.
ഗവർണറായി ആർലേക്കറെ കേരളത്തിലേക്ക് അയച്ച സംഘപരിവാർ നേതൃത്വവുമായി ആശയവിനിമയം നടത്താതെ അദ്ദേഹം ഈ ഉദ്യമത്തിന് ചാടിപ്പുറപ്പെടും എന്നും ആരും വിശ്വസിക്കുന്നില്ല. അപ്പോൾ കൃത്യമായ രാഷ്ട്രീയ അജണ്ടയുമായാണ് ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും മുഖാമുഖം ഇരുന്നതെന്ന് വ്യക്തമാണ്.
ആ രാഷ്ട്രീയ അജണ്ട കോൺഗ്രസ് മുക്ത കേരളം എന്നതുതന്നെയാണെന്നും സംശയമുയരുന്നുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിയും സി.പി.എമ്മും രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. മൂന്നാം തവണയും എൽ.ഡി.എഫ് ഭരണത്തിലെത്തുമെന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിൽ ശക്തമായ പ്രചാരണം അഴിച്ചുവിടുകയാണ് പ്രധാന തന്ത്രം.
പ്രചാരണം കൊഴുപ്പിച്ച് എൽ.ഡി.എഫ് വീണ്ടും ജയിപ്പിക്കുമെന്ന വിശ്വാസം പൊതുബോധമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഈ പ്രചരണത്തിന് പിന്നിൽ കേവലം സി.പി.എമ്മിൻെറ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരോ പി.ആർ ഏജൻസികളോ മാത്രമല്ലെന്നാണ് പുറത്തുവരുന്ന സൂചന.
കേരളത്തിൽ വൻതോതിൽ നിക്ഷേപം നടത്തിയിരിക്കുന്ന കോർപ്പറേറ്റ് ഭീമനാണ് ഇടത് മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നതെന്നാണ് സൂചന.
കോർപ്പറേറ്റ് സംവിധാനം ഏർപ്പെടുത്തിയ പി.ആർ ഏജൻസിയാണ് മറ്റ് കാര്യങ്ങളുടെ നിർവ്വഹണം ഏറ്റെടുത്തിരിക്കുന്നതെന്നും സൂചനയുണ്ട്. കോൺഗ്രസിനെ കേരളത്തിൽ അധികാരത്തിൽ എത്തുന്നതിൽ നിന്ന് തടയുകയാണ് കോർപ്പറേറ്റ് ഭീമൻെറ താൽപര്യം.
കോൺഗ്രസ് ദേശിയ നേതൃത്വം ഇതടക്കമുളള കോർപ്പറേറ്റ് കമ്പനികൾക്കെതിരെ പ്രത്യക്ഷയുദ്ധം പ്രഖ്യാപിച്ച് നിൽക്കുകയാണ്. ദേശിയ നേതൃത്വത്തിൻെറ നിലപാട് ശിരസാവഹിക്കാൻ സംസ്ഥാനത്ത് അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാരിനും ബാധ്യതയുണ്ടാകും.
അത് മുൻകൂട്ടി കണ്ടാണ് ഇടത് മുന്നണി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന പ്രചാരണം അഴിച്ചുവിടുന്നത്. ബി.ജെ.പിക്ക് കൂടി ഏതാനും സീറ്റുകൾ ലഭിക്കുന്ന ഒരു പാക്കേജാണ് കോർപ്പറേറ്റ് മധ്യസ്ഥതയിൽ തയാറാകുന്നതെന്നാണ് രാഷ്ട്രീയ ഉപശാലകളിലെ സംസാരം. ഇതിൻെറ ആദ്യപടിയായാണ് ഗവർണറുടെ മധ്യസ്ഥതയിൽ നടന്ന പിണറായി - നിർമല സീതാരാമൻ കൂടിക്കാഴ്ചയെന്നാണ് പറയപ്പെടുന്നത്.