തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പുന:സംഘടനാ ചർച്ചകൾ നിലച്ചെന്ന് സൂചന. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളും പാർട്ടിയിൽ അനൈക്യ പ്രവണതകൾ സൃഷ്ടിച്ചപ്പോൾ നടന്ന എ.ഐ.സി.സി ഇടപെടലിലൂടെയാണ് പുന:സംഘടനാ ചർച്ചകൾക്ക് വിരാമമായത്.
2025 കോൺഗ്രസിൽ പുന:സംഘടനാ വർഷമാണെന്ന് ബെലഗാവി പ്രവർത്തകസമിതി തീരുമാനിച്ചിരുന്നു. തുടർന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളിലെ ഡി.സി.സികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകി പുന:സംഘടിപ്പിക്കാനും ഉന്നത നേതൃതല യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് നടപ്പിൽ വന്നിട്ടില്ല.
ഈ വർഷം അവസാനം തദ്ദേശ ത്തിരഞ്ഞെടുപ്പും തുടർന്ന് അടുത്ത വർഷം പകുതിേയാടെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന കേരളത്തിലാണ് പുന:സംഘടന പ്രക്രിയ ഇതുവരെ നടക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞയിടെ സംസ്ഥാനത്തെ തർക്കങ്ങൾ പരിഹരിക്കാൻ ഡൽഹിയിൽ ചേർന്ന കേരള-കേന്ദ്ര നേതാക്കളുടെ യോഗത്തിൽ ഉചിതമായ സമയത്ത് പുന:സംഘടന നടക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
മാർച്ച് മാസം പിന്നിട്ടാൽ പിന്നീട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പാർട്ടി അതിന് ശേഷം തദ്ദേശത്തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന വേളയിൽ പുന:സംഘടന അസംഭവ്യമാവും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി - ഡി.സി.സി പുന:സംഘടന വേണമെന്ന് മുറവിളി ഉയർന്നെങ്കിലും അതിന് ശേഷം മതിയെന്ന് പാർട്ടി നേതൃത്വം തീരുമാനത്തിലെത്തുകയായിരുന്നു. പിന്നീട് പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിലവിൽ മറ്റ് കാര്യമായ തിരക്കുകൾ ഇല്ലാത്ത സമയം വെറുതേ കടന്നു പോകുകയാണ്.
സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും പുന:സംഘടനാ നടപടികൾ പൂർത്തിയാക്കി അവരുടെ സംഘടനാ സംവിധാനങ്ങൾക്ക് പുതുജീവൻ നൽകിക്കഴിഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലും വിവിധ ജില്ലാ േനതൃത്വങ്ങളിലും ചെറുപ്പക്കാർക്കും വനിതകൾക്കും കൃത്യമായ പ്രാതിനിധ്യം നൽകിയാണ് പാർട്ടി അഴിച്ചുപണി നടത്തിയിരിക്കുന്നത്.
75 വയസ് എന്ന പ്രായപരിധി മാനദണ്ഡത്തിൽ ഒട്ടേറെ പേർ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ-ഏരിയ-ലോക്കൽ ഘടകങ്ങളിൽ നിന്നും പുറത്ത് പോകുകയും ചെയ്തിട്ടുണ്ട്.
ജില്ലകൾ വിഭജിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്ന തരത്തിലായിരുന്നു ബി.ജെ.പി സംഘടനാ സംവിധാനം പൊളിച്ചെഴുതിയത്. വലിയ ജില്ലകളെ മൂന്നായും അതിന് താഴെ വലിപ്പമുള്ള ജില്ലകളെ രണ്ടായും വിഭജിച്ച് ഒന്നിലധികം ജില്ലാ കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളത്.
പഞ്ചായത്ത് തലം വരെ ചെറുപ്പക്കാർക്ക് നേതൃതലത്തിൽ കൃത്യമായ പ്രാതിനിധ്യം നൽകാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഇരുവരോടും മത്സരിക്കുന്ന യു.ഡി.എഫിന് നേതൃത്വം നൽകണ്ടേ കോൺഗ്രസിൽ പുന:സംഘടനാ നടപടികൾ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ല.