ചീഫ്സെക്രട്ടറി ശാരദാ മുരളീധരനെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ആര് ? ഐഎഎസുകാരെന്നും ഭരണത്തിലുള്ളയാളെന്നും അഭ്യൂഹം. അവഹേളിച്ചത് ആരാണെന്ന് വെളിപ്പെടുത്താതെ ചീഫ്സെക്രട്ടറി. നിറത്തിന്റെ പേരിൽ അപമാനിച്ചില്ലെന്നും ഭരണപരമായ പ്രവർത്തനം മുൻ ചീഫ്സെക്രട്ടറിയായ ഭർത്താവുമായി താരതമ്യപ്പെടുത്തുക മാത്രമെന്നും പോലീസ്. ചീഫ്സെക്രട്ടറിയുടെ കറുപ്പു വിവാദം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നു

ലിംഗപരമായോ ജാതിപരമായോ ഉള്ള അവഹേളനം മാത്രമാണ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നത്. നിറ വിവാദം സാമൂഹ്യപരമായ വിഷയങ്ങളാണ്. അതിനാൽ അന്വേഷണമോ കേസോ വേണ്ടെന്നാണ് പൊലീസ് തലപ്പത്തെ തീരുമാനം.

New Update
sarada muraleedharan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ചീഫ്സെക്രട്ടറി ശാരദാ മുരളീധരനെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ആരാണെന്ന ചർച്ച കൊഴുക്കുന്നു. സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ മേധാവിയെ നിറത്തിന്റെ പേരിൽ ആക്ഷേപിച്ചത് സഹപ്രവർത്തകരായ ഐ.എ.എസുകാരിൽ ആരെങ്കിലുമാവാമെന്നും അതല്ല, ഭരണത്തിലുള്ള ആരെങ്കിലുമാവാമെന്നുമൊക്കെ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്.


Advertisment

എന്നാൽ ചീഫ് സെക്രട്ടറിയെ നിറത്തിന്റെ പേരിൽ അപമാനിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ച ശേഷം പോലീസ് പറയുന്നത്. ചീഫ്സെക്രട്ടറി ശാരദയുടെയും മുൻ ചീഫ്സെക്രട്ടറി അവരുടെ ഭ‌ർത്താവായ ഡോ. വി.വേണുവിന്റെയും പ്രവർത്തന ശൈലി താരതമ്യപ്പെടുത്തുക മാത്രമാണ് കറുപ്പ് പരാമർശത്തിലൂടെ നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.


അതിനാൽ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷണമോ കേസോ ആവശ്യമില്ലെന്നും പോലീസ് നിലപാടെടുത്തു. അതേസമയം, തന്നെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ആരാണെന്ന് ചീഫ്സെക്രട്ടറി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച രാത്രിയാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി കുറിപ്പിട്ടത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഭർത്താവുമായി താരതമ്യം ചെയ്തായിരുന്നു അധിക്ഷേപമെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ, തന്റെ നാലാംവയസിൽ തിരിച്ചു ഗർഭപത്രത്തിലേക്കെടുത്തുതന്നെ വെളുത്ത കുട്ടിയായി പ്രസവിക്കാമോയെന്ന് അമ്മയോട് ചോദിച്ചതായും ശാരദ മുരളീധരൻ വേദനയോടെ ഓർക്കുന്നു. 

sarada muraleedharan-2

ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെ പ്രവർത്തനം കറുപ്പും, മുൻഗാമിയും ഭർത്താവുമായ വി.വേണുവിന്റേതുമായി താരതമ്യം ചെയ്ത് ഒരാൾ നടത്തിയ പരാമർശമുണ്ടാക്കിയ വേദനയാണ് ഫെയ്സ് ബുക്ക് പോസ്റ്റായി വന്നത്. ശാരദാമുരളീധന്റെ ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനം അവരുടെ നിറം പോലെ തന്നെ കറുപ്പാണെന്നും മുൻഗാമി വി.വേണുവിന്റേത് അദ്ദേഹത്തിന്റെ നിറം പോലെ വെളുപ്പുമാണെന്നായിരുന്നു ഒരാളുടെ അഭിപ്രായപ്രകടം.


ഇതിൽ അസ്വസ്ഥയായ ചീഫ് സെക്രട്ടറി 'എന്റെ കറുപ്പ് എനിക്കു സ്വീകാര്യമാണ്' എന്ന് സന്ദർശകന്റെ പേരു പറയാതെ ചൊവ്വാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. പിന്നീട് ഇതൊന്നും വിവാദത്തിന് ഇട നൽകേണ്ട എന്ന് കരുതി പിന്നീട് പിൻവലിക്കുകയും ചെയ്തു. 


എന്നാൽ, നിലപാട് ഉറക്കെപ്പറയുന്നത് ആവശ്യമാണെന്നും പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായമുണ്ടായപ്പോഴാണ് രാത്രിയോടെ വിശദമായ കുറിപ്പിട്ടത്.

ഈ വിവാദത്തിൽ പൊലീസ് ഇടപെടേണ്ടതില്ലെന്ന് ഉന്നതതല തീരുമാനം. ലിംഗപരമായോ ജാതിപരമായോ ഉള്ള അവഹേളനം മാത്രമാണ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നത്. നിറ വിവാദം സാമൂഹ്യപരമായ വിഷയങ്ങളാണ്. അതിനാൽ അന്വേഷണമോ കേസോ വേണ്ടെന്നാണ് പൊലീസ് തലപ്പത്തെ തീരുമാനം.

ചീഫ്സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഒരു അന്വേഷണവുമില്ലെന്ന് ഉന്നത പൊലീസുദ്യോഗസ്ഥൻ  പറഞ്ഞു. ഇത്തരമൊരു നിർദ്ദേശം സർക്കാരിൽ നിന്നടക്കം പൊലീസിന് ലഭിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ നടപടികൾക്ക് പൊലീസിന് പരിമിതികളുണ്ടെന്നും പോലീസ് പറയുന്നു.


പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻമന്ത്രി പി.കെ.ശ്രീമതി, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ, മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എം.പി, മന്ത്രി വി.ശിവൻകുട്ടി തുടങ്ങി നിരവധി പ്രമുഖർ ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായെത്തിയിട്ടുണ്ട്.


ശാരദയുടെ പോസ്റ്റ് ഇങ്ങനെ - കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ എനിക്കിപ്പോൾ ഇതു കേട്ടു ശീലവുമായെന്നു പറയാം. തീവ്രമായ നിരാശയോടെ നാണക്കേടു തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്നു മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതയായിരിക്കുക എന്ന നിശ്ശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം), കറുപ്പെന്നാൽ കറുപ്പല്ലേ എന്ന മട്ടിൽ.

നിറമെന്ന നിലയിൽ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ കറുപ്പെന്ന മുദ്ര ചാർത്തൽ. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ് ?

പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണു കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജ്ജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്: ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴ മേഘപ്പൊരുൾ.

നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്: ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ലതെന്ന സൽപ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയിൽ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തിൽ സ്വാധീനിക്കപ്പെട്ടും പോയിരുന്നു.

കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമ്മം വിസ്മയമായി; ഫെയർ എന്ന തോന്നലുള്ള എന്തിനോടും. അതെല്ലാം നല്ലതും പൂർണഗുണങ്ങളാൽ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാൻ താണതരത്തിൽപെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു.

ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു'

Advertisment