/sathyam/media/media_files/2025/03/28/vwwFAK6sb2tANq9DGsGe.jpg)
തിരുവനന്തപുരം: അടിക്കടി പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാവുന്ന കേരളത്തിൽ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൃത്യസമയത്തു നൽകുന്ന സംവിധാനം പ്രവർത്തന സജ്ജമാക്കുന്നു.
ഫ്ലഡ് ഏർലി വാണിങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ വിവര ശേഖരണ സംവിധാനം (റിയൽ ടൈം ഡേറ്റ അക്വിസിഷൻ സിസ്റ്റം മെഷീനറി) സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ അനുവദിച്ചു. പ്രളയ സാധ്യത കൂടിയ 8 ജില്ലകളിലെ 11 സ്ഥലങ്ങളിലാകും മുന്നറിയിപ്പ് സംവിധാനം ഒരുക്കുക.
കോട്ടയം ജില്ലയിലെ തീക്കോയി, വയനാട് ജില്ലയിലെ പനമരം, തോണിക്കടവ്, പത്തനംതിട്ട ജില്ലയിലെ കല്ലേലി, പന്തളം, കൊല്ലം ജില്ലയിലെ പുനലൂർ, തെന്മല ഡാം, കണ്ണൂർ ജില്ലയിൽ രാമപുരം. കാസർകോട് ജില്ലയിൽ ചിറ്റാരി, മലപ്പുറം ജില്ലയിൽ തിരൂർ, കോഴിക്കോട് ജില്ലയിൽ കല്ലായി എന്നിവിടങ്ങളിലാണ് സംവിധാനം ഒരുക്കുക.
ജലവിഭവ വകുപ്പിനു പുറമേ കെഎസ്ഇബിയുമായി കൂടി ചേർന്നാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൽ 2018, 2019 വർഷങ്ങളിൽ തുടർച്ചയായുണ്ടായ വെള്ളപ്പൊക്കങ്ങളാണ് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമാക്കിയത്. തുടർന്നാണ് നദികൾ അടക്കം 11 സ്ഥലങ്ങളിൽ ഫലപ്രദമായ ഡാറ്റാ ശേഖരണ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിലൂടെ വിവിധ നദികളിലെ ജലനിരപ്പ്, മഴയുടെ അളവ്, മറ്റു കാലാവസ്ഥാ ഘടകങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ തത്സമയം ലഭ്യമാകും. അതിലൂടെ സംസ്ഥാനത്തെ വിവിധ നദികളിലെ വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാനും കഴിയും.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ കേരള സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുമായി പങ്കിടുകയും അതിലൂടെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ മുൻകൂട്ടി പൊതുജനങ്ങൾക്ക് നൽകാനും സാധിക്കും. ഇതിലൂടെ വെള്ളപ്പൊക്കത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ഒഴിപ്പിക്കൽ, സ്ഥലംമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികൾക്ക് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ കേന്ദ്രസർക്കാരാണ് പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംസ്ഥാനത്തിന് നൽകുന്നത്. വയനാട് ഉരുൾപൊട്ടലിന് മുൻപ് രണ്ടുവട്ടം കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്നും കേരള സർക്കാർ എന്ത് ചെയ്‌തുവെന്നും അമിത് ഷാ ലോകസഭയിൽ ചോദിച്ചു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്ത വ്യാപ്‌തിക്ക് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്‌ട്രീയ വാഗ്‌വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്‌തമാക്കിയത്.
രാജ്യത്ത് 75% പ്രദേശങ്ങളിലും പ്രളയസാധ്യതയുണ്ടെങ്കിലും 25% പ്രദേശങ്ങളിൽ മാത്രമേ പ്രളയ മുന്നറിയിപ്പു സംവിധാനമുള്ളൂ. ഡൽഹിയിലെ ഗവേഷണസ്ഥാപനമായ കൗൺസിൽ ഓഫ് എനർജി എൻവയൺമെന്റ് ആൻഡ് വാട്ടറിന്റേതാണ് ഈ റിപ്പോർട്ട്.
പ്രളയമുന്നറിയിപ്പ് സംവിധാനങ്ങളിൽ അസം, ബിഹാർ, യുപി, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. നിലവിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഹിമാചൽ പ്രദേശിലാണ് ഏറ്റവും കുറവ് സംവിധാനങ്ങളുള്ളത്.
ചുഴലിക്കാറ്റിന്റെ ഭീഷണി നേരിടുന്ന 25 ശതമാനം പേർക്കും മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ട്. യുപി, ഹിമാചൽ പ്രദേശ്, അസം, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക, ഗോവ, ബിഹാർ എന്നിവയാണ് തീവ്രപ്രളയ സാധ്യതയുള്ള സംസ്ഥാനങ്ങൾ. കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇടത്തരം ഭീഷണി മാത്രമേയുള്ളൂ.