മികച്ച തൊഴില്‍ അന്തരീക്ഷം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിന് മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ്

New Update
cm excellence award

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്.

Advertisment

2024 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖലയിലെ മികച്ച തൊഴിലിടമായി കിംസ്‌ഹെല്‍ത്തിനെ തിരഞ്ഞെടുത്തത്. 

മികച്ച വേതന വ്യവസ്ഥകള്‍, തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുക, ഉത്തമമായ തൊഴില്‍ അന്തരീക്ഷം, വേതന സുരക്ഷാ പദ്ധതിയിലൂടെ വേതനം വിതരണം ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് കിംസ്‌ഹെല്‍ത്ത് ഹ്യൂമൻ റിസോഴ്സസ് ഹെഡ് ജെസ്വിൻ കെ കടവൻ പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസും ചടങ്ങിന്റെ ഭാഗമായി.

ജീവനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തൊഴില്‍ സംസ്‌കാരമാണ് കിംസ്‌ഹെല്‍ത്ത് പിന്തുടര്‍ന്നു വരുന്നതെന്നും, അവരുടെ ആശയങ്ങളോടും ആശങ്കകളോടും ആശുപത്രി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഡോ. എം.ഐ സഹദുള്ള പുരസ്‌കാര നേട്ടത്തെക്കുറിച്ച് പറഞ്ഞു. 

ഈ സമീപനമാണ് രോഗീ പരിചരണത്തില്‍ മികവ് പുലര്‍ത്താന്‍ കിംസ്‌ഹെല്‍ത്തിനെ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജീവനക്കാര്‍ക്കായുള്ള നിരന്തര പരിശീലനത്തിലും കിംസ്‌ഹെല്‍ത്ത് ശ്രദ്ധ പുലര്‍ത്തുന്നു. ക്ലിനിക്കല്‍ മേഖലയിലും ഒപ്പം വ്യക്തിത്വ വികസനത്തിലും ചിട്ടയായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്.

ജീവനക്കാര്‍ക്കായി മിതമായ നിരക്കിലുള്ള ഭക്ഷണം, ലോകോത്തര നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍, ഗതാഗത സൗകര്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയും കിംസ്‌ഹെല്‍ത്തിന്റെ സവിശേഷതകളാണ്.

കൂടാതെ, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, കായിക-അക്കാദമിക് മേഖലകളിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍, ജീവനക്കാരുടെ വിവരങ്ങള്‍ സുതാര്യമായി കൈമാറുന്നതിനും പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനുമായുള്ള എച്ച്.ആര്‍.എം.എസ് പ്ലാറ്റ്‌ഫോം, 'മിത്ര' പോലുള്ള മാനസീകാരോഗ്യ ക്ഷേമ പരിപാടികള്‍, ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തുടങ്ങിയ കാര്യങ്ങളും കിംസ്‌ഹെല്‍ത്ത് നടപ്പിലാക്കിവരുന്നു.

Advertisment