/sathyam/media/media_files/2025/03/27/mJEjtlKyeaRVnr7xIAv7.jpg)
തിരുവനന്തപുരം: ബി.ജെ.പിയുമായി ഏറ്റവും അടുപ്പമുള്ളവരും ബി.ജെ.പിക്കാരുമായ അംഗങ്ങൾ നിറഞ്ഞ സെൻസർ ബോർഡ് (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കഷൻ) അംഗീകരിച്ച ശേഷമാണ് എമ്പുരാനിൽ നിന്ന് 17 സീനുകൾ വെട്ടിമാറ്റുന്നത്.
എമ്പുരാൻ കണ്ട സെൻസർ ബോർഡിലുണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. ഇവരെല്ലാം ബി.ജെ.പിയുടെ നോമിനികളായി സെൻസർ ബോർഡിൽ ഉൾപ്പെട്ടവരാണ്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലെ ഉന്നതന്റെ ഭാര്യയാണ് ഇതിലൊരാൾ.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെയും ഇദ്ദേഹം പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. ബി.ജെ.പിയുടെ പാർട്ടി പദവിയിലിരിക്കെ ഇദ്ദേഹത്തെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നതിനെച്ചൊല്ലി സർക്കാരും ഗവർണറുമായി ഏറ്റുമുട്ടലുണ്ടായിരുന്നതാണ്. ബി.ജെ.പിയുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തിന്റെ ഭാര്യ സെൻസർ ബോർഡിൽ ഇടംനേടിയത്.
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന നേതാവിന്റെ ഭാര്യയാണ് ബോർഡിലെ മറ്റൊരംഗം. തലസ്ഥാനത്ത് താമസിക്കുന്ന ഇവർ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഐ.ടി കമ്പനിയുടെ പബ്ലിക് റിലേഷൻസ് ടീമിലെ പ്രധാനി കൂടിയാണ്. തലസ്ഥാനത്തെ ഒരു നഗരസഭയിലെ ബിജെപി കൗൺസിലറാണ് മറ്റൊരാൾ.
ബി.ജെ.പി അനുകൂല സാംസ്കാരിക സംഘടനയിലെ പ്രധാനിയും എമ്പുരാൻ കണ്ട് സർട്ടിഫൈ ചെയ്ത സെൻസർ ബോർഡിൽ ഉണ്ടായിരുന്നു. ഇവരിൽ ആരും സിനിമാ മേഖലയിൽ നിന്നുള്ളവല്ല. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധർ പോലുമല്ല.
ഗുജറാത്ത് കലാപമടക്കമുള്ള രംഗങ്ങൾ ഇവരടങ്ങിയ ബോർഡ് കണ്ടിട്ടും അവർക്ക് എതിർക്കപ്പെടേണ്ടതാണെന്ന് തോന്നിയില്ലെന്നതാണ് അത്ഭുതകരം. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ കാര്യമായ റോളില്ല.
സെൻസർ ബോർഡിൽ ബിജെപിയും സംഘപരിവാറും നാമനിർദേശംചെയ്ത അംഗങ്ങൾ ചിത്രത്തിന്റെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
ഹൈന്ദവവിരുദ്ധ, ഇന്ത്യാവിരുദ്ധ സിനിമയാണെന്ന ആരോപണവുമായി ആർഎസ്എസ് മുഖമാസികയായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചപ്പോഴാണ് എമ്പുരാനെതിരേ പ്രതിഷേധമുയരുകയും 17 സീനുകൾ വെട്ടിമാറ്റാൻ സിനിമാപ്രവർത്തകർ തീരുമാനിക്കുകയും ചെയ്തത്. റീജിയണൽ സെൻസർ ബോർഡിലെ അഞ്ച് അംഗങ്ങളും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
സ്ത്രീകൾക്കെതിരായ അതിക്രമരംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കുക, ദേശീയപതാകയെക്കുറിച്ചുള്ള സംഭാഷണം നീക്കുക എന്നിങ്ങനെ രണ്ടു മാറ്റങ്ങൾമാത്രമാണ് ബോർഡ് നിർദേശിച്ചതെന്നാണ് സെൻസറിങ് രേഖകൾ വ്യക്തമാക്കുന്നത്.
ഇത് പാലിച്ചാണ് സിനിമ പുറത്തിറക്കിയത്. തിയേറ്ററിലെത്തിയതിനു പിന്നാലെ വിവാദമുയർന്നതോടെയാണ് ഗുജറാത്ത് കലാപഭാഗങ്ങളുൾപ്പെടെ 17 സീനുകൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
ചിത്രം പുറത്തിറങ്ങി മൂന്നാംദിവസമാണ് സ്വമേധയാ തിരുത്തൽ വരുത്താൻ തീരുമാനമായത്. സ്വമേധയാ വരുത്തുന്നതുൾപ്പെടെ എന്തുമാറ്റമാണെങ്കിലും സെൻസർ ബോർഡ് വീണ്ടും കണ്ട് അനുമതി നൽകണം.
ഇങ്ങനെ വീണ്ടും സിനിമ കാണുമ്പോൾ കൂടുതൽ സീനുകൾ ഒഴിവാക്കാൻ സെണൻസർ ബോർഡ് ആവശ്യപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാൽ റീ സെൻസറിംഗ് അല്ലാത്തതിനാൽ ഇതിന് കഴിയുമോയെന്ന ചോദ്യവുമുണ്ട്.
ചിത്രത്തിലെ ഗോധ്ര, ഗുജറാത്ത് കലാപങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും മാറ്റുക. ഗർഭിണിയെ ഉപദ്രവിക്കുന്ന രംഗം, മുസ്‌ലിങ്ങൾക്ക് അഭയംകൊടുക്കുന്ന നാട്ടുരാജ്ഞിയുടെ കൊലപാതകം, ജാതി അധിക്ഷേപം തുടങ്ങിയവ പൂർണമായും ഒഴിവാക്കും.
‘ബാബ ബജ്‌റംഗി’ എന്ന പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റും. ചില സംഭാഷണങ്ങൾ ‘മ്യൂട്ട്’ ചെയ്യും. വീണ്ടും സെൻസർ ചെയ്യുമെന്ന വാർത്ത വന്ന് 24 മണിക്കൂറിനിടെ സിനിമയുടെ ബുക്കിംഗ് രണ്ടു ലക്ഷം കവിഞ്ഞിരുന്നു. ഈദ് അവധിയായ ഇന്നും തിരക്ക് തുടരുകയാണ്.
കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൂടിയുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് എമ്പുരാനിലെ വിവാദ സീനുകൾ നീക്കാൻ തീരുമാനിച്ചതെന്നും അറിയുന്നു. രാജ്യദ്രോഹപരമായ സീനുകളുണ്ടെങ്കിൽ സിനിമ നിരോധിക്കാനും ഇടയുണ്ടായിരുന്നു.
കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടുകയും വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സെൻസൻ ബോർഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
സെൻസർ ബോർഡ് സിനിമ തിരിച്ചുവിളിച്ചേക്കാൻ ഇടയുണ്ടെന്നും വാർത്തകളുണ്ടായി. അങ്ങനെയെങ്കിൽ 200കോടി മുടക്കിയെടുത്ത ചിത്രം വമ്പൻ സാമ്പത്തിക പരാജയമായി മാറുമെന്ന് സിനിമയുടെ പിന്നണിയിലുള്ളവർ വിലയിരുത്തി. ഇതോടെയാണ് വിവാദ സീനുകൾ ഒഴിവാക്കാൻ തീരുമാനമായത്.