തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചു നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് സർക്കാർ പിൻവലിച്ചു.
ഡാമുകളുടെ ചുറ്റുമുള്ള 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണും പിന്നീടുള്ള 100 മീറ്ററിൽ നിർമ്മാണത്തിന് എൻ.ഒ.സിയും വേണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ഡിസംബർ 26നായിരുന്നു ഉത്തരവിറക്കിയത്. ഇത് പിൻവലിച്ച് ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുതിയ ഉത്തരവിറക്കി.
ഡാമുകൾ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇല്ലാതിരുന്ന നിയന്ത്രണമാണിതെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബഫർ സോൺ പ്രഖ്യാപിച്ചു നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞിരുന്നു.
ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം ജെണ്ട കെട്ടി തിരിച്ചിട്ടുണ്ടെന്നും ഈ സ്ഥലത്ത് പട്ടയം നൽകാൻ പാടില്ലെന്ന് 2006ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു.
ജെണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിന് പട്ടയം നൽകാം. എന്നാൽ, ഒരു കോടതി ഉത്തരവിന്റെ മറവിൽ കൂടുതൽ പ്രദേശത്ത് ബഫർ സോൺ ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. ഉത്തരവ് പിൻവലിക്കണമെന്ന് സതീശൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ ഡാമുകളിലും ഈ ഉത്തരവ് ബാധകമാക്കിയായിരുന്നു സർക്കാർ ഉത്തരവ്. കൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണൽ, ബണ്ട്, കനാലുകൾ, തടയണകൾ, നദികൾ, അരുവികൾ, തടാകങ്ങൾ, കൈത്തോടുകൾ, കുളം, വാട്ടർ ടാങ്കുകൾ, എന്നിവയ്ക്കു ചുറ്റിലും ഈ ഉത്തരവ് പ്രകാരം ബഫർ സോൺ നിലവിൽ വന്നിരുന്നു.
ഇത് ഇടുക്കിയിലേതടക്കം മലയോര വാസികളെ ഗുരുതരമായി ബാധിക്കുന്നതാണ്. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് മൂലം വീട് നിർമിക്കാനാകാതെ ഒട്ടേറെപ്പേർ ബുദ്ധിമുട്ടുന്നുണ്ടെന്നും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത് ഡാമിനു സുരക്ഷയൊരുക്കേണ്ടതെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.
കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചു പുറത്തിറക്കിയ ഉത്തരവ് മലയോരത്ത് കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. അണക്കെട്ടിന്റെയും സംഭരണി ജലാശയത്തിന്റെയും തീരങ്ങളിലുള്ളവർക്ക് ഭാവിയിൽ വീടുനിർമ്മണം പോലും സാദ്ധ്യമാവുമായിരുന്നില്ല.
ഉത്തരവിനെത്തുടർന്ന് നിരവധി വീടുകളുടെ നിർമ്മാണ അപേക്ഷ നിരസിച്ചിരുന്നു. ഇരിട്ടി നഗരസഭാ വഴിയോര മാർക്കറ്റും സി.ജെ.ബിൽഡ്‌വെയർ സ്ഥാപനത്തിന്റെ ഗോഡൗൺ നിർമാണത്തിനുള്ള അപേക്ഷയും ജലസേചന വിഭാഗം തള്ളിയിരുന്നു.
കണ്ണൂരിലെ പഴശ്ശി അണക്കെട്ടിൽ വളപട്ടണം പുഴയിൽ 6.48 കിലോമീറ്റർ ദൂരമാണു ബഫർസോൺ ആക്കിയിരുന്നത്. അനുമതി നിഷേധിച്ച വീടുകളും സ്ഥാപനങ്ങളും പഴശ്ശി അണക്കെട്ടിൽ നിന്നു 10 - 12 കിലോമീറ്റർ ദൂരത്തുള്ളവയായിരുന്നു.
ആകാശദൂരം കണക്കാക്കിയായിരുന്നു അധികൃതരുടെ നടപടി. ബഫർസോൺ ഉത്തരവ് വഴി സംസ്ഥാനത്താകെ 7,732 ഏക്കർ സ്ഥലം നിരോധിത മേഖലയും 38,662 ഏക്കർ സ്ഥലം നിയന്ത്രിത മേഖലയും ആയി മാറുമായിരുന്നു.