/sathyam/media/media_files/2025/04/08/fE57TBvvtvdmjWj2PQuM.jpg)
തിരുവനന്തപുരം: കേരളാ പോലീസിലെ മികച്ച കുറ്റാന്വേഷക എന്ന് പേരെടുത്ത എസ്.പി ഡി.ശിൽപ്പയുടെ സേവനം ഇനി സി.ബി.ഐയിൽ. കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഇനി സി.ബി.ഐയിൽ പ്രവർത്തിക്കും.
അഞ്ചുവർഷത്തേേക്ക് ഡെപ്യൂട്ടേഷനിൽ ശിൽപ്പയുടെ സേവനം വിട്ടുനൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. 2016ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ശിൽപ്പ.
കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ രണ്ട് കേസുകളുടെ അന്വേഷണമാണ് ശിൽപ്പയ്ക്ക് പേരും പ്രശസ്തിയുമുണ്ടാക്കിയത്. തിരുവനന്തപുരം റൂറൽ എസ്.പിയായിരിക്കെ, ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ കഷായം നൽകി കൊലപ്പെടുത്തിയ കേസ് തെളിയിച്ചത് ശിൽപ്പയായിരുന്നു.
ക്രൈംബ്രാഞ്ചിലായിരിക്കെ കൂടത്തായി കൂട്ടക്കൊലക്കേസിന്റെ ചുരുളഴിച്ചതും ശിൽപ്പയാണ്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയും കൊലക്കേസ് പ്രതിയുമായ ശബരീനാഥിനെ ഒരു കോടിയുടെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തതും ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു.
ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നിൽ ശിൽപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ കഠിനാധ്വാനമുണ്ട്. 'അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു.
ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വർഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീൽ കൊടുക്കാൻ കഴിഞ്ഞാൽ കൊടുക്കും', രാപകൽ ജോലി ചെയ്താണ് പൊലീസ് ടീം ഷാരോൺ കേസിലെ തെളിവുകൾ കണ്ടെത്തിയത്. അന്വേഷണം വഴിതിരിച്ച് വിടാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. പിടിച്ചുനിൽക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ശില്പ വ്യക്തമാക്കി.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
സ്നേഹ ബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ത രീതികളിലൂടെ ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി.
ഷാരോൺ വധക്കേസിൽ മാറിയ കാലത്തിന് അനുസരിച്ച് കേസ് സമർഥമായി അന്വേഷിച്ചതിന് കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൂടത്തായി കേസിലും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്താൻ ശിൽപ്പയ്ക്ക് കഴിഞ്ഞു.
കാസർകോട് പൂച്ചക്കാട്ടെ എം.സി.അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലക്കേസിലും ശിൽപ്പയുടെ അന്വേഷണ മികവ് കേരളം കണ്ടു. വീട്ടിൽ നിന്നു 596 പവൻ സ്വർണവും നഷ്ടമായിരുന്നു. ഈ കേസിനു മേൽനോട്ടം വഹിച്ചിരുന്നത് ഡി.ശിൽപയായിരുന്നു.
ഗഫൂർ ഹാജിയുടെ കേസ് ഏറ്റെടുത്ത് 43 ദിവസത്തിനുള്ളിൽ 4 പേരെ അറസ്റ്റ് ചെയ്തു. 1.42 ലക്ഷത്തിലേറെ മൊബൈൽ സന്ദേശങ്ങളാണ് ശേഖരിച്ചത്. നഷ്ടപ്പെട്ട സ്വർണം കണ്ടെടുക്കുന്നതിലും പ്രതികളിലേക്ക് എത്തുന്നതിലും ഇവ സഹായകരമായി.
മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരാണ് അറസ്‌റ്റിലായത്. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് മന്ത്രവാദി ഗഫൂറിന്റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തി സ്വർണം തട്ടിയെടുക്കുകയായിരുന്നു.
ബംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശിയായ ശിൽപ്പ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോട്ടയത്തും ജില്ലാ പൊലീസ് മേധാവിയായിരുന്നു.