തിരുവനന്തപുരം: നിർമ്മാണവും മിനുക്കുപണികളും പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്ന പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി വീണ്ടും പണം സമാഹരിക്കാൻ സി.പി.എം.
ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എ.കെ.ജി സെന്റർ എന്ന് നാമകരണം ചെയ്തിരിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സുവനീർ ഇറക്കി പണം സമാഹരിക്കാനാണ് സി.പി.എമ്മിൻെറ തീരുമാനം.
സൂവനീറിന് വേണ്ടി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പരസ്യം വഴി പണം ശേഖരിക്കുകയാണ് ലക്ഷ്യം. പാർട്ടി അധികാരത്തിലിരിക്കുന്നതിനാൽ പരസ്യം കിട്ടാനോ പണം കിട്ടാനോ പ്രയാസം ഒന്നും നേരിടില്ലെന്ന് ഉറപ്പാണ്.
നേരത്തെ ബക്കറ്റ് പിരിവ് വഴി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സി.പി.എം ധനസമാഹരണം നടത്തിയിരുന്നു. ഇതിന് പുറമേ ആണ് സുവനീർ ഇറക്കിയും പണം പിരിക്കുന്നത്.
ഒക്ടോബർ മാസത്തിൽ നടത്തിയ ബക്കറ്റ് പിരിവിൻെറ കണക്ക് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. സുവനീറിലൂടെ ശേഖരിക്കുന്ന പണം കൂടി ചേർത്ത് കണക്ക് പ്രസിദ്ധീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
നിലവിലുളള സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന് എതിർവശത്താണ് പുതിയ കെട്ടിടം പണി തീർത്തിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി 9 നിലകളുളള ബൃഹത്തായ കെട്ടിടമാണിത്.
സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ കൂടാൻ പ്രത്യേക ഹാളുകൾ, പത്രസമ്മേളനത്തിനായി ആധുനിക മൾട്ടി മീഡിയ സൗകര്യങ്ങളുളള ഹാൾ, സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കാനുളള ഇടം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കും സെക്രട്ടറിക്കുമുളള മുറികൾ, സംസ്ഥാന നേതാക്കൾക്ക് താമസിക്കാനുളള സ്ഥലം, രണ്ട് നിലകളുളള സെല്ലാർ പാർക്കിങ്ങ് എന്നിവ പുതിയ ഓഫീസിൻെറ ഭാഗമായിരിക്കും.
60000 ചതുരശ്രയടി വിസ്തീർണമുളള കെട്ടിടം രൂപ കൽപ്പന ചെയ്തത് പ്രശസ്ത ആർക്കിടെക്ട് എൻ.മഹേഷാണ്. എല്ലാ മുറികളും ഹാളുകളും ഇന്റീരിയർ ഡെക്കറേഷൻ നടത്തിയാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനൊക്കെയുളള വലിയ ചെലവ് കണക്കിലെടുത്താണ് വീണ്ടും സുവനീറിലൂടെ പണം പിരിക്കുന്നത്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കൂടി ഉൽഘാടനം ചെയ്യപ്പെടുന്നതോടെ തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലത്ത് കോടികൾ വിലമതിക്കുന്ന ആസ്ഥി കൂടി സി.പി.എമ്മിന് ലഭിച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി ഓഫീസും അതിന് തൊട്ട് എതിർവശത്ത് നേതാക്കൾക്ക് താമസിക്കാനുളള ബഹുനില ഫ്ളാറ്റും പാർട്ടിയുടെ ഉടമസ്ഥതയിലുണ്ട്.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് എതിർവശത്ത് കിഴക്ക് ദിക്കിലേക്ക് മാറി, എൻ,എസ്.വാര്യർ റോഡിന് സമീപമുളള 32 സെന്റ് സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നത്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് 6.5 കോടി രൂപ മുതൽ മുടക്കി സ്ഥലം വാങ്ങിയത്. 2022 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന് തറക്കില്ലിട്ടത്.
ഒന്നരവർഷം കൊണ്ട് പണി തീർക്കാനായിരുന്നു തീരുമാനം. എന്നാൽ പല കാരണങ്ങൾകൊണ്ട് നിർമ്മാണം നീണ്ടുപോയി. സംസ്ഥാന സമ്മേളനത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടെങ്കിലും മിനുക്ക് പണികൾ നീണ്ടുപോയി.
എത്രയാണ് നിർമ്മാണ ചെലവെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പല തരത്തിലുളള കരാറുകളായതിനാൽ കണക്ക് പിന്നീട് പറയാമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ പ്രതികരണം.