/sathyam/media/media_files/2025/04/10/BGwXjjbLzOAnop5pIee7.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഐഐഎം കാലിക്കറ്റിന്‍റെ പഠനശുപാര്‍ശകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് നയം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ തോട്ടം മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്ത് ഒരു പ്രത്യേക ഡയറക്ടറേറ്റ് സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്.
കേരളത്തിലെ തോട്ടം മേഖലയുടെ സമുന്നത പുരോഗതിയ്ക്കായി തൊഴിലാളി യൂണിയനുകളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ തോട്ടം മേഖലയുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കണം.
തോട്ടം മേഖലയില്‍ ഉത്പാദനക്ഷമതയും ലാഭവും വര്‍ധിപ്പിക്കുന്നതിന് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ പദ്ധതികള്‍ സഹായകമായി.
'കേര പദ്ധതി 'പ്രകാരം, കാപ്പി, ഏലം, റബ്ബര്‍ എന്നീ മേഖലയ്ക്കായി 479 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നായ ലയങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായുള്ള പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഏകദേശം 72 ഡിപിആറുകള്‍ (വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്) സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ ആദ്യത്തെ സംസ്ഥാന പ്ലാന്‍റേഷന്‍ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം നടന്നു.
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സ്വയംസംരംഭകരായി ഉയര്‍ന്നു വരാനുള്ള സാഹചര്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി. കെ പ്രശാന്ത് എംഎല്‍എ പറഞ്ഞു.
തോട്ടം മേഖലയിലെ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സ്ഥിരം സംവിധാനമായ സംസ്ഥാന പ്ലാന്‍റേഷന്‍ ബിസിനസ് അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എംഡി എസ്. ഹരികിഷോര്‍ ഐഎഎസ് പ്രത്യേക പ്രഭാഷണത്തില്‍ പറഞ്ഞു.
തോട്ടം ഉടമകളെ ഉള്‍പ്പെടുത്തി ജില്ലാതല പ്ലാന്‍റേഷന്‍ അഡ്വൈസറി കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും. സര്‍ക്കാരും തോട്ടം ഉടമകളും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സഹായകമായ ഒരു പിപിപി മാതൃക തോട്ടം മേഖലയില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ നിര്‍മ്മാണത്തിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെന്ന് വ്യവസായ ഡയറക്ടറും പ്ലാന്‍റേഷന്‍സ് സ്പെഷ്യല്‍ ഓഫീസറുമായ മിര്‍ മുഹമ്മദ് അലി ഐഎഎസ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
കോഴിക്കോട് ഐഐഎമ്മിന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ തോട്ടം മേഖലയില്‍ മികച്ച പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാകാലങ്ങളായി പ്രതിസന്ഡി നേരിടുന്ന തോട്ടം മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പുത്തന്‍ ഉണര്‍വ് നല്കുന്നതിനുമുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് പ്ലാന്‍റേഷന്‍ ഡയറക്ടറേററിലൂടെ സാധ്യമായിരിക്കുന്നതെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഷന്‍സ് കേരള ചെയര്‍മാന്‍ പ്രിന്‍സ് തോമസ് ജോര്‍ജ് പറഞ്ഞു.
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എസ്. കൃപകുമാര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, യുണൈറ്റഡ് പ്ലാന്‍റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ ചെയര്‍മാന്‍ കെ. മാത്യു എബ്രഹാം എന്നിവരും സംസാരിച്ചു.