പ്ലാസ്റ്റിക് കുപ്പികൾക്ക് ബദലൊരുക്കാൻ കേരളം; രാജ്യത്തിന് മാതൃക. കനകക്കുന്നിൽ നടക്കുന്ന വൃത്തി 2025 ഗ്രീൻ കേരള കോൺക്ലേവിൽ പരിസ്ഥിതി സൗഹൃദ ഹരിതബോട്ടിലുകൾ അവതരിപ്പിച്ചു

New Update
vruthi 2025-2

തിരുവനന്തപുരം: അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് ബദൽ സംവിധാനമൊരുക്കാൻ സംസ്ഥാനം. പ്ലാസ്റ്റിക്ക് ബോട്ടിലിന് പകരമായി, ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) കനകക്കുന്നിൽ നടക്കുന്ന വൃത്തി2025 ഗ്രീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു. 

Advertisment

ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി- കിഡ്ക്) നിർമിക്കുന്ന ഇത്തരം കുപ്പികളിൽ കുടിവെള്ളം ഉടൻ വിപണിയിലെത്തും. സർക്കാരിന്റെ 'ഹില്ലി അക്വാ' ബ്രാൻഡിനു കീഴിലാണ് കുടിവെള്ളം വിപണനം ചെയ്യുക. 


നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായും മണ്ണിൽ അലിഞ്ഞുചേരുമെന്നതാണ് ഹരിതകുപ്പികളുടെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിലെത്തിക്കുന്നത്.


നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഹരിതകുപ്പികൾ കാഴ്ചയിൽ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും. ഹരിതകുപ്പികൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 

vruthi 2025-3

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിൾ ബോട്ടിലുകൾ നിർമിക്കുന്നതിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കൾ നൽകുന്നത്. കംപോസ്റ്റബിൾ ബോട്ടിലുകൾക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാൾ നിർമാണ ചെലവ് അധികമായിരിക്കും. 


പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഹരിതകുപ്പികൾ ഉപയോഗിക്കാം. ശബരിമല പോലുള്ള ഇടങ്ങളിൽ ഉപകാരപ്രദമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 


സുസ്ഥിര മാലിന്യ നിർമാർജനത്തിന് നൂതന രീതികൾ രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര കോൺക്ലേവാണ് കനകക്കുന്നിൽ നടക്കുന്നത്. മാലിന്യ നിർമാർജന രംഗത്തെ ആഗോള വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ, നയതന്ത്രജ്ഞർ, ഭരണകർത്താക്കൾ എന്നിവർ അഞ്ചു ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കും. 

സുസ്ഥിര ഭാവിയിലേക്കുള്ള പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ, സേവനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ സ്റ്റാളുകളും എക്സിബിഷനുകളും കോൺക്ലേവിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.