മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന 'വൃത്തി 2025' ക്ലീൻ കേരള കോൺക്ലേവില്‍ അമൃത വിശ്വവിദ്യാപീഠത്തിന് സംസ്ഥാനതലത്തിൽ അംഗീകാരം

New Update
vruthi 2025-4

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന വൃത്തി 2025 ക്ലീൻ കേരള കോൺക്ലേയ്‌വിൽ അമൃത വിശ്വവിദ്യാപീഠത്തിന് അംഗീകാരം. ഹരിത പ്രവർത്തനങ്ങളും സുസ്ഥിര മാലിന്യ സംസ്കരണ രീതികളും മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ്  അമൃത വിശ്വവിദ്യാപീഠത്തിന് അംഗീകാരം ലഭിച്ചത്.

Advertisment

സുസ്ഥിര മാലിന്യ സംസ്കരണ രീതികൾ, കമ്പോസ്റ്റിങ്, റീസൈക്കിളിംഗ്, ബോധവൽക്കരണ ക്യാമ്പയിനുകൾ, സീറോ വെയ്സ്റ്റ് പദ്ധതികൾ, സൗഖ്യം റീയൂസബിൾ പാഡ്സ് തുടങ്ങിയ സംരംഭങ്ങൾ കണക്കിലെടുത്തതാണ് പുരസ്കാരം.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, എൽ എസ് ജി ഡി സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ എ എസ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഐ എ എസ് (റിട്ടയേർഡ്), എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശുചിത്വമിഷൻ കൊല്ലം ജില്ലാ കോർഡിനേറ്റർ അനിൽ കുമാർ, അസിസ്റ്റൻ്റ് കോർഡിനേറ്റർ ശാലിനി, ശുചിത്വ മിഷൻ പ്രതിനിധികളായ എൽ ഷൈലജ, തൊടിയൂർ രാധാകൃഷ്ണൻ, മാതാ അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജീന പ്രസാദ്, അമൃത സസ്‌റ്റൈനബിൾ സോളിഡ് വേസ്റ്റ് മാനെജ്മെൻ്റ് സെൻ്റർ മേധാവി ബ്രഹ്മചാരി രാഗേഷ്, ക്യാമ്പസ് പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് ജനറൽ മാനേജർ വിഷ്ണു വിജയ്, ക്യാമ്പസ് പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് എൻവയോൺമെന്റൽ എഞ്ചിനീയർ എസ് നിധിൻ, പ്രോജക്ട് കോർഡിനേറ്റർ മനുശങ്കർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ തല പരിപാടികളിലും പഞ്ചായത്ത് തല പരിപാടികളിലും അമൃത വിശ്വവിദ്യാപീഠം മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുന്ന വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിൽ അമൃത വിശ്വവിദ്യാപീഠം പ്രത്യേകം സ്റ്റാളുകൾ തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രതികരണം നേടുന്ന സ്റ്റാൾ ഇതുവരെ പതിനായിരത്തിലധികം പേരാണ് സന്ദർശിച്ചത്.