തിരുവനന്തപുരം: വിവരാവകാശ നിയമം മനുഷ്യാവകാശ സംരക്ഷണത്തിന് എന്ന കാമ്പയിന് ഞായറാഴ്ച തൃശൂരിൽ തുടക്കമാകും. ഒരു വർഷം നീളുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം നിർവ്വഹിക്കും.
സെമിനാറിൽ എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡൻറ് ഡി.ബി.ബിനു വിവരാവകാശ നിയമത്തിൻറെ വിശാല തലങ്ങൾ അവതരിപ്പിക്കും. മനുഷ്യവകാശ സംരക്ഷണത്തിൽ വിവരാവകാശ നിയമത്തിൻറെ പ്രയോഗ സാധ്യതകൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻചെർമാൻ പി.മോഹനദാസ് വിശദമാക്കും.
വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ സഹകരിപ്പിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിൻറെ നേതൃത്വത്തിലാണ് കാമ്പയിൻ. 27 ന് രാവിലെ 10.30 ന് ചാലക്കുടി ഹോളി ഫാമിലി ചർച്ച് ഹാളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്രം സംസ്ഥാന പ്രസിഡൻറ് അഡ്വ.സി. ശിവരാജൻ ആധ്യക്ഷ്യം വഹിക്കും.
പ്രൊഫ. കെ.ബി. വേണുഗോപാൽ മോഡ്റ്റേറോകും. ജോയ് കൈതാരത്ത്, സുപ്രീം കോടതി സീനിയർ റക്കോഡ് ലോയർ അഡ്വ.ജോസ് ഏബ്രഹാം, കഥാകൃത്ത് എം ജി ബാബു, ജോസഫ് സി മാത്യൂ, അഡ്വ. ആർ. മുരളീധരൻ, രുഗ്മിണി ശശികുമാർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്രത്തിൻറെ 25ാമത് വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എക്സിബിഷനുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ആദര സമ്മേളനങ്ങൾ തുടങ്ങിയവ കാമ്പയിൻറെ ഭാഗമായി നടക്കും.