തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് ആ നല്ല സ്വഭാവം ഇന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏല്‍ക്കുന്ന ചടങ്ങിലും കാണിച്ചു, ഒരു പ്രതിഷേധം പങ്കുവയ്ക്കല്‍.
കെപിസിസി പ്രസിഡന്‍റുമാരില്‍ ഒരു പട്ടികജാതി, പിന്നോക്കക്കാരന്‍ ഉണ്ടായിട്ടില്ല.. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നു... എന്ന പരാതിയാണ് വളരെ ഭംഗിയായി മുന്നോട്ടുപോയ വേദിയില്‍ കൊടിക്കുന്നില്‍ പറഞ്ഞത്.
1989 മുതല്‍ ഇന്നേവരെ 8 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ച്, പാര്‍ട്ടി പ്രവര്‍ത്തകര്‍ പണിയെടുത്ത് വിജയിപ്പിച്ച് 25 വര്‍ഷം എംപിയും കേന്ദ്ര സഹമന്ത്രിയും പാര്‍ട്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംങ്ങ് പ്രസിഡന്‍റുമായിരുന്ന 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട' നേതാവാണ് ഇത് പറയുന്നത്.
അതായത് 62 വയസുള്ള ഇദ്ദേഹം 26 -ാം വയസില്‍ എംപിയായി. 49 -ാം വയസില്‍ കേന്ദ്രമന്ത്രിയായി. ഇതൊന്നും പോരാ, കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആകാന്‍ പാര്‍ട്ടി അനുവദിച്ചില്ലെന്നാണ് പരാതി.
പാര്‍ട്ടിയില്‍ വേറൊരു പിന്നോക്ക നേതാവിനെയും വളരാന്‍ സുരേഷ് അനുവദിക്കില്ലെന്ന് ആരോപിച്ചത് ഇദ്ദേഹത്തിന്‍റെ ഉപദ്രവം കാരണം കോണ്‍ഗ്രസ് വിട്ടുപോയെന്ന് പറയുന്ന പിവി ശ്രീനിജന്‍ എംഎല്‍എ ആണ്.
കൊടിക്കുന്നിലിന്‍റെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ മാവേലിക്കരയില്‍ നിന്നും നിയമസഭയിലേയ്ക്ക് മല്‍സരിച്ച ശ്രീനിജനെ കാലുവാരി തോല്‍പിച്ചു എന്നാണ് അന്നത്തെ ആരോപണം. ആയിരത്തോളം വോട്ടുകള്‍ക്കായിരുന്നു തോല്‍വി.
എന്തായാലും ഇന്ന് സണ്ണി ജോസഫിനു പകരം ആ കസേരയില്‍ ചുമതല ഏല്‍ക്കേണ്ടിയിരുന്നത് താനായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാതി എന്ന് വ്യക്തം.
ഇനിയെങ്കിലും ഇത്തരം ശുഭകരമായ ചടങ്ങുകളിലെങ്കിലും ആവശ്യമില്ലാത്തിടത്ത് ചുണ്ണാമ്പ് തേയ്ക്കുന്ന പരിപാടി നേതാക്കള്‍ നിര്‍ത്തണം എന്നാണ് ഇവര്‍ക്കായി പണിയെടുക്കുന്ന പ്രവര്‍ത്തകരുടെ ആവശ്യം.